Asianet News MalayalamAsianet News Malayalam

ഒരിളവും ഇല്ല, ഇനി യൂണീഫോം ഇട്ടേ തീരൂ; എട്ടിന്‍റെ പണി ചോദിച്ച് വാങ്ങി ടൂറിസ്റ്റ് ബസുകള്‍!

നിലവിലെ കടുത്ത നിയമലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരം ഒരിളവുകളും ഇനി നല്‍കേണ്ടതില്ല എന്നാണ് പുതിയ തീരുമാനം.

MVD Decide To Mandatory Uniform Color Code For Kerala Tourist Buses Now
Author
First Published Oct 10, 2022, 10:15 AM IST

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളിലെ ഏകീകൃത നിറനിയമം കർശനമായി നടപ്പിലാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ജൂൺ മുതൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം വേണമെന്ന് മോട്ടോര്‍വാഹനവകുപ്പ് നേരത്തെ തീരുമാനിച്ച് ഉത്തരവിറക്കിയതാണ്. എന്നാല്‍ അതിനുമുമ്പ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കേറ്റ് എടുത്ത ബസുകള്‍ക്ക് പുതിയ നിറത്തിലേക്ക് മാറാൻ രണ്ടുവര്‍ഷത്തെ സാവകാശം ലഭിക്കുമായിരുന്നു. എന്നാല്‍ നിലവിലെ കടുത്ത നിയമലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരം ഒരിളവുകളും ഇനി നല്‍കേണ്ടതില്ല എന്നാണ് പുതിയ തീരുമാനം. ഇതോടെ മൂന്നുമാസത്തിനകം സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകളും ഒറ്റ നിറത്തിലേക്ക് മാറേണ്ടി വരും. പല നിറങ്ങള്‍ക്ക് പകരം, വെള്ളയിൽ വയലറ്റും ഗോൾഡനും കലർന്ന വരക്കു മാത്രമേ അനുവാദമുള്ളൂ. 

അല്‍പ്പം കളറാകാം, പേരുമെഴുതാം; ടൂറിസ്റ്റ് ബസുകളുടെ കണ്ണീരില്‍ കരളലിഞ്ഞ് സര്‍ക്കാര്‍!

രണ്ട് വര്‍ഷം മുമ്പാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം എന്ന ആശയത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ചുവടുവച്ചത്. സ്‍കൂളിലെ വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ഡ്രൈവര്‍മാര്‍ നടത്തിയ നിയമലംഘനങ്ങളും ബസുകളുപയോഗിച്ച് സ്‍കൂളില്‍ അഭ്യാസപ്രകടനം നടത്തിയതും മറ്റും വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചതോടെയായിരുന്നു നിറംമാറ്റ നടപടികളുടെ തുടക്കം. ഉള്ളില്‍ ഡാന്‍സ് ഫ്‌ളോറുകള്‍ സജ്ജീകരിച്ചും ലേസര്‍ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ചുമുള്ള ഈ ബസുകളുടെ പരാക്രമങ്ങള്‍ക്കെതിരെ വ്യാപക  പരാതിയാണ് അന്ന് ഉയര്‍ന്നത്. 

ഇതോടെ ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. നിയന്ത്രണമില്ലാത്തതിനാല്‍ മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ഉള്‍പ്പെടെ അവരവക്കിഷ്‍ടമുള്ള ചിത്രങ്ങളാണ് ബസുടമകള്‍ ബസുകളില്‍ പതിപ്പിച്ചിരുന്നത്.  ഇത്തരം ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്. ഒരുവിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് അന്നത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്‍ ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാന്‍സപോര്‍ട്ട് അതോറിറ്റി 2020 ജനുവരയില്‍ ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. 

സംസ്ഥാനത്ത് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കിയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ സര്‍വ്വീസുകളുടെ തരം അനുസരിച്ച് മൂന്നുതരം നിറങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇതേ മാതൃകയില്‍ കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കും യൂണീഫോം നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 

ടൂറിസ്റ്റ് ബസില്‍ നിന്ന് ഷോക്കേറ്റ് ഡ്രൈവറുടെ മരണം; ഇതൊരു മുന്നറിയിപ്പ്!

ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്റ്റ് ക്യാരേജ് വിഭാഗത്തിലെ എല്ലാ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. 13-ല്‍ കൂടുതല്‍ സീറ്റുകളുള്ള മിനിവാനുകള്‍ക്കും നിറംമാറ്റം വേണ്ടിവരും. പുതിയ നിയമം അനുസരിച്ച് ഇനിമുതല്‍ ടൂറിസ്റ്റു ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയും മാത്രമേ പാടുള്ളൂ. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല. മുന്‍വശത്ത് ഓപ്പറേറ്ററുടെ പേരെഴുതാം. പക്ഷേ 12 ഇഞ്ച് വീതിയില്‍ സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ മാത്രമേ പേരെഴുതാന്‍ പാടുള്ളൂ. പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതുകയും ചെയ്യാം. 

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ രക്തപരിശോധന ഫലം ഇന്ന് ലഭിച്ചേക്കും

Follow Us:
Download App:
  • android
  • ios