ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ X5 എസ്‍യുവി ഇന്ത്യന്‍ വിപണിലെത്തി. മുംബൈയില്‍ നടന്ന ലോഞ്ചിങ് ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് X5 -നെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം ലഭ്യമാവും. 

ബിഎംഡബ്ല്യു X5 ഡീസലിന് 30d സ്പോര്‍ട്, 30d X ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണുള്ളത്. യഥാക്രമം 72.9 ലക്ഷം, 82.4 ലക്ഷം എന്നിങ്ങനെയാണ് വാഹനത്തിന്‍റെ വില. M സ്പോര്‍ട് എന്ന ഒരു വകഭേദം മാത്രമെ പെട്രോള്‍ പതിപ്പിലുള്ളൂ. 82.4 ലക്ഷം രൂപയാണ് M സ്പോര്‍ടിന്റെ വില.

3.0 ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനാണ് ഡീസല്‍ പതിപ്പായ ബിഎംഡബ്ല്യു X5 xDrive30dന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 261 bhp കരുത്തും 620 Nm ടോര്‍ഖും പരമാവധി സൃഷ്‍ടിക്കും. 

പെട്രോള്‍ പതിപ്പായ ബിഎംഡബ്ല്യു X5 xDrive40i ല്‍ 3.0 ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനാണ് ഹൃദയം. പരമാവധി 335 bhp കരുത്തും 500 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.

ഇരു എഞ്ചിനുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. കൂടാതെ ബിഎംഡബ്ല്യുവിന്റെ xDrive AWD (ഓള്‍വീല്‍ ഡ്രൈവ്) സംവിധനവുമുണ്ട്. 

ബിഎംഡബ്ല്യു നിരയിലെ 5 സീരിസ്, 7 സീരീസ്, X3 എന്നീ മോഡലുകളിലെ അതേ ക്ലാര്‍ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് പുതിയ X5 ന്റെയും നിര്‍മാണം.  ധാരാളം പുതിയ ഫീച്ചേഴ്‌സും വാഹനത്തിലുണ്ട്. മുന്‍ മോഡലിനെക്കാള്‍ 35 എംഎം നീളവും 32 എംഎം വീതിയും 11 എംഎം ഉയരവും 42 എംഎം വീല്‍ബേസും നാലാം തലമുറ X5ന് കൂടുതലുണ്ട്. 645 ലിറ്റര്‍ ബൂട്ട് സ്‌പേസ് തുടരും. 4,921 mm നീളവും 1,970 mm വീതിയും 1,737 mm ഉയരവും 2,975 mm വീല്‍ബേസുമുള്ളതാണ് പുതിയ ബിഎംഡബ്ല്യു X5.  

നിലവില്‍ ഡീസല്‍ പതിപ്പുകള്‍ മാത്രമെ വില്‍പ്പനയ്ക്കുള്ളൂ. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും X5 -ന്റെ പെട്രോള്‍ പതിപ്പ് എത്തുക. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.