ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ച് ബാക്ക് ഐ20യുടെ പുതിയ പതിപ്പ് 2020 ഒക്ടോബറില്‍ വിപണിയില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ പുത്തന്‍ ഐ20യുടെ നിര്‍മ്മാണം കമ്പനി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് മൂന്നാം തലമുറ i20 വിപണിയിലേക്ക് എത്തുന്നത് എന്നാതാണ് പ്രധാന സവിശേഷത. മുന്‍ഭാഗമാണ് ഡിസൈന്‍ നവീകരണത്തിന് വിധേയമായിരിക്കുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.  വെന്യുവിൽ പരിചയപ്പെടുത്തിയ iMT ഗിയർബോക്‌സ് വരാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിലും ഹ്യുണ്ടായി അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്. സ്‌പോർട്ടിയർ ഗ്രിൽ, പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകൾ, വീലുകൾ എന്നിവ ഉപയോഗിച്ച് സ്വീകരിച്ച സ്ലൈക്കർ ഡിസൈൻ ഒരു യൂറോപ്യൻ പ്രൗഢിയാണ് വാഹനത്തിനു നൽകുന്നത്.

കൂടാതെ ഷാർക്ക്ഫിൻ ആന്റിന, 15 ഇഞ്ച് ഫോർ-സ്‌പോക്ക് അലോയ് വീലുകൾ, എൽഇഡി ലൈറ്റിംഗ് തുടങ്ങിയവ പ്രധാന സവിശേഷതകളായിരിക്കും. അതോടൊപ്പം ഒരു സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബോസ് ഓഡിയോ സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ , ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയും ഫീച്ചറുകൾ പുതിയ ഹ്യുണ്ടായി i20 വാഗ്‌ദാനം ചെയ്യുന്നുണ്ട്.

മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നിവരാണ് വിപണിയിലെ എതിരാളികള്‍. കണക്ട് കാറെന്ന് ഖ്യാതിയുമായിട്ടാണ് പുതുതലമുറ ഐ 20 വിപണിയില്‍ എത്തുക.