ജപ്പാനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നിസാന്‍റെ കോംപാക്റ്റ് കാറാണ് നോട്ട്. ഇപ്പോഴിതാ പരിഷ്‍കരിച്ച നോട്ട് കോംപാക്ട് കാറിന്റെ ഓള്‍-വീല്‍ ഡ്രൈവ് (AWD) മോഡല്‍ ജപ്പാനില്‍ അവതരിപ്പിച്ചിരിക്കുകയാണ് നിസാന്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടു വീല്‍ ഡ്രൈവ് നോട്ടിനെ കഴിഞ്ഞ മാസം നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. ഡ്രൈവര്‍ക്ക് മെച്ചപ്പെട്ട നിയന്ത്രണവും ത്വരണവും നല്‍കുന്ന ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളുള്ള ഹൈബ്രിഡ് ഇ-പവര്‍ സാങ്കേതികവിദ്യ കാറിന് ലഭിക്കുന്നു.

പുതിയ ഓട്ടോണമസ് ഡ്രൈവ് പ്രവര്‍ത്തനങ്ങള്‍ കാറിന്റെ നാവിഗേഷന്‍ സിസ്റ്റത്തില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് വളവുകളില്‍ വേഗത കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ സഹായിക്കും. ജപ്പാനില്‍, ഫ്രഞ്ച് സഖ്യ പങ്കാളിയായ റെനോ SA-ക്കൊപ്പം രൂപകല്‍പ്പന ചെയ്ത പ്ലാറ്റ്‌ഫോം ഇത് ഉപയോഗിക്കുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത വാഹനം മറ്റ് വിപണികളില്‍ വില്‍ക്കുന്നതില്‍ ഇതുവരെയും കമ്പനി തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ ഓള്‍-വീല്‍ ഡ്രൈവ് ടു-വീല്‍ ഡ്രൈവ് മോഡല്‍ പോലെ നോട്ടിന്റെ ഇ-പവര്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ വാഹനത്തിന്റെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് ഗ്യാസോലിന്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. വാഹനത്തിന്റെ മുന്നിലും പിന്നിലുമുള്ള ഇലക്ട്രിക് മോട്ടോറുകള്‍ ഓരോ ചക്രത്തിനും പവര്‍ നല്‍കുന്നു. മഞ്ഞുവീഴ്ചയോ നനഞ്ഞതോ ആയ റോഡുകള്‍ പോലുള്ള വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ റിയര്‍-മോട്ടോര്‍ ഔട്ട്പുട്ട് വര്‍ദ്ധിക്കുന്നത് ശക്തമായ സ്റ്റാന്‍ഡിംഗും മിഡ്-സ്പീഡ് ആക്സിലറേഷനും നൽകും.

2021-ന്റെ തുടക്കത്തില്‍ പുതിയ നോട്ട് വില്‍പ്പനയ്ക്കെത്തും എന്നാണ് റിപ്പോർട്ടുകള്‍. ടൊയോട്ട യാരിസ്, ഹോണ്ടയുടെ ഫിറ്റ് എന്നിവ ആയിരിക്കും വിപണിയിലെ എതിരാളികൾ. ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെയും ഹോണ്ട മോട്ടോർ കോ ലിമിറ്റഡിന്റെയും വിപണി വിഹിതം പിടിച്ചെടുക്കുകയാണ് പുതിയ വാഹനത്തിലൂടെ നിസാന്‍ കമ്പനിയുടെ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.