ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലുകളിലൊന്നാണ് റാപ്പിഡ് സെഡാന്‍. ഇപ്പോഴിതാ സ്‌കോഡ റാപ്പിഡിന് പകരമായി ഇന്ത്യയ്ക്ക് 'വലിയ സെഡാൻ' നൽകുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ മേധാവി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്‌ക്കായി തങ്ങൾക്ക് പുതിയ റാപ്പിഡ് ഉണ്ടാകില്ലെന്നും അടുത്ത വർഷം അവസാനത്തോടെ പുതിയ എംക്യുബി എഒ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു പുതിയ വലിയ സെഡാൻ പുറത്തിറക്കുമെന്നും സ്‍കോഡ ഓട്ടോ ഇന്ത്യ സെയിൽസ്, സർവീസ് ആന്‍ഡ് മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റാപ്പിഡ് സെഡാന് പകരമുള്ള മോഡലിന് ANB സെഡാൻ എന്ന് രഹസ്യനാമം നൽകിയിട്ടുണ്ടെന്നും വിഡബ്ല്യു ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ എത്തുമെന്നും സാക് ഹോളിസ് മുമ്പും സ്ഥിരീകരിച്ചിരുന്നു. പുതിയതും വലുതുമായ സെഡാൻ 2021 അവസാനത്തോടെ സ്കോഡ റാപ്പിഡിന് പകരമെത്തും. ഇത് പ്രാദേശികമായി വികസിപ്പിച്ച MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പുതിയ സെഡാന്റെ ഔദ്യോഗിക നാമം പിന്നീട് വെളിപ്പെടുത്തും. കമ്പനി മുമ്പ് ഇന്ത്യയിൽ സ്ലേവിയ എന്ന പേര് ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നും ഇത് വരാനിരിക്കുന്ന സെഡാന് ഉപയോഗിക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 

ടി‌എസ്‌ഐ പെട്രോൾ എഞ്ചിനുകളുമായിട്ടായിരിക്കും പുതിയ കാർ എത്തുക. നിലവിലെ റാപ്പിഡ് സെഡാനിലെ 1.0 ലിറ്റർ ടി‌എസ്‌ഐ ടർബോ പെട്രോൾ എഞ്ചിനും പുതിയ മോഡലില്‍ ഉണ്ടായിരിക്കാം. പരമാവധി 108 ബിഎച്ച്പി കരുത്തും 175 എൻഎം പീക്ക് ടോർക്കുമാണ് ഈ എഞ്ചിൻ ഉല്‍പ്പാദിപ്പിക്കുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ 6-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റാണ് ട്രാന്‍സ്‍മിഷന്‍. പുതിയ MQB A0 IN പ്ലാറ്റ്ഫോമിന് 1.5 ലിറ്റർ വലിയ ടിഎസ്ഐ എഞ്ചിൻ കൈകാര്യം ചെയ്യാൻ കഴിയുമെന്നതിനാൽ, ഈ ഓപ്ഷൻ ഉപയോഗിച്ച് പവർട്രെയിനും അവതരിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ മോഡല്‍ കൂടാതെ സ്‍കോഡ ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ നിരവധി പുതിയ കാറുകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.