Asianet News MalayalamAsianet News Malayalam

New Year's Evening : ന്യൂ ഇയർ രാവിൽ പൂസായി വണ്ടിയോടിച്ച് പൊലീസ് പിടിച്ചാലുള്ള നടപടികള്‍ എന്താണ്?

ന്യൂ ഇയർ രാവിൽ എന്നല്ല, ഏതൊരു ദിവസവും മദ്യപിച്ച ശേഷം വാഹനമോടിക്കുന്നത് വളരെയധികം അപകടകരമായ ഒരു കാര്യമാണ്.

new year drink and drive police checking procedure
Author
Trivandrum, First Published Dec 31, 2021, 12:58 PM IST

ന്നത്തെ രാത്രി പുതുവത്സര രാവാണ്(Newyear eve). ഒമിക്രോൺ(Omicron) പ്രമാണിച്ച് രാത്രി കർഫ്യൂ(Night Curfew) നിലവിലുള്ളതിനാൽ, പത്തുമണിക്ക് ശേഷം പുറത്തിറങ്ങാൻ പാടില്ല എന്നാണ് കേരള പൊലീസിന്റെ(Kerala Police) കർശനമായ ഉത്തരവ്. കൊവിഡ് ആഘോഷങ്ങളുടെ മാറ്റു കുറച്ചിട്ടുണ്ടാവാമെങ്കിലും,  കേരളത്തിലെ പുതുവത്സരാഘോഷങ്ങളിൽ  ഇത്തവണയും മദ്യം പകരുന്ന ലഹരിയും കൂട്ടുണ്ടാകും എന്നുറപ്പാണ്. ഈ അവസരത്തിൽ, അവരവരുടെ വീടുകളിൽ ഇരുന്ന് ഉത്തരവാദിത്ത പൂർവം മദ്യപിക്കുന്ന മലയാളികളിൽ  ചിലർക്കെങ്കിലും, മദ്യപിച്ച ശേഷം വാഹനമെടുത്ത് പുറത്ത് കറങ്ങാനുള്ള ത്വര ഉള്ളിൽ ഉണരാനുള്ള സാധ്യതയുണ്ട്. അങ്ങനെ എന്തെങ്കിലും ചിന്ത മനസ്സിലൂടെ പോകുന്നതിനു മുമ്പ്, മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് ചെക്കിങ്ങിൽ പിടിക്കപ്പെട്ടാൽ കടന്നു പോകേണ്ടി വരുന്ന നടപടിക്രമങ്ങളെക്കുറിച്ച് ചെറിയൊരു ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. 

പൊലീസ് പിടിച്ചാൽ

മദ്യപിച്ചു വാഹനമോടിക്കുന്ന നിലയിൽ പരിശോധനയ്ക്കായി വാഹനം തടഞ്ഞു നിർത്തിയാൽ, പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ആദ്യം ഉണ്ടാവുക വളരെ സൗമ്യമായ ഒരു അറിയിപ്പാണ്. അത് ഏകദേശം ഇങ്ങനെയായിരിക്കും. "കേരള പോലീസിന്റെ ലഹരി വിരുദ്ധ പരിശോധനയാണ്. സഹകരിക്കണം. താങ്കൾ മദ്യപിച്ചിട്ടുള്ളതായി സംശയിക്കുന്നു. ഉറപ്പു വരുത്തുന്നതിനായി പരിശോധന നടത്തേണ്ടതുണ്ട്. അതിനായി സ്റ്റേഷൻ വരെ ഒന്ന് വരണം. മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുള്ളതിനാൽ താങ്കൾ വാഹനം ഓടിക്കേണ്ട. ഞങ്ങളുടെ കോൺസ്റ്റബിൾ വാഹനം സ്റ്റേഷനിൽ എത്തിക്കും.  ദയവായി ഞങ്ങളുടെ കൂടെ വരണം." 

 

new year drink and drive police checking procedure

ഈ നിർദേശം അനുസരിച്ച്, മദ്യപിച്ചു വാഹനമോടിച്ചതിന് പിടിക്കപ്പെടുന്ന വ്യക്തി കൂടെ സ്റ്റേഷനിലേക്ക് ചെല്ലുമ്പോൾ, ആദ്യം അവരെ തൊട്ടടുത്തുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് എത്തിച്ച് അവരുടെ രക്തം പരിശോധിച്ച് അതിൽ ആൽക്കഹോളിന്റെ അംശം എത്രയാണ് എന്ന് ഉറപ്പുവരുത്തുന്നു. Blood Alcohol Content/Concentration (BAC) അഥവാ രക്തത്തിൽ ആൽക്കഹോളിന്റെ അംശം എന്നതാണ് ഒരാൾ വാഹനമോടിച്ചാൽ മദ്യപിച്ചു ലക്കുകെട്ടാണോ എന്ന് നിശ്ചയിക്കാനുള്ള മാനകം. 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാമിന്‌ മുകളിൽ ആൽക്കഹോളിന്റെ സാന്നിധ്യമുണ്ടെങ്കിൽ അത് കേരള എംവിഐ ആക്ട്  വകുപ്പ് 185 ന്റെ ലംഘനമായി കണക്കാക്കും. തുടർന്ന് ഇതേ വകുപ്പ് ചുമത്തി, ഒരു എഫ്‌ഐആർ ഇട്ട് സുവോ മോട്ടോ കേസ് രജിസ്റ്റർ ചെയ്യും. വണ്ടി നമ്പർ, വണ്ടിയുടെ നിറം, ഏത് കമ്പനിയുടെ ഏത് മോഡൽ ആണ്,  വണ്ടി ഉടമ ആരാണ്, ടാക്സിയോ, സ്വകാര്യ വാഹനമോ എന്നീ വിവരങ്ങൾ അടങ്ങുന്ന ഒരു മഹസറും തയ്യാറാക്കപ്പെടും. മദ്യലഹരിയിൽ വാഹനം ഓടിച്ചത് അമിത വേഗതിലായിരുന്നു എന്ന് പൊലീസിന് സംശയം തോന്നിയാൽ  മോട്ടോർ വെഹിക്കിൾ ആക്ടിന്റെ വകുപ്പ് - 279 ചുമത്തി റാഷ് ഡ്രൈവിങ്ങിനും കേസെടുക്കും.  

മദ്യപിച്ച് വാഹമോടിച്ചത് പിടികൂടിയ ട്രാഫിക്ക് എസ്ഐയെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചു

ജാമ്യം കിട്ടുമോ?

മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് പിടിയിൽ ആയാൽ, ഇത്രയും നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഒരാൾക്ക് ആൾ ജാമ്യം നേടാനുള്ള അവകാശമുണ്ട്. പരിചയക്കാരനായ ഏതെങ്കിലും ഒരാൾ അയാളുടെ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരായാൽ, അയാളുടെ പേരും വിലാസവും എല്ലാം എഴുതിയെടുത്ത ശേഷം, ഇങ്ങനെ പിടിക്കപ്പെട്ട വ്യക്തി കോടതി നിർദേശിക്കുന്ന ദിവസം തന്നെ മുടങ്ങാതെ വിചാരണക്ക് ഹാജരായിക്കൊള്ളും എന്ന പ്രസ്തുത വ്യക്തിയുടെ ജാമ്യത്തിൽ, ആളെ സ്റ്റേഷനിൽ നിന്ന് വിട്ടയക്കും. കോടതിയിൽ കേസ് വിളിക്കുന്ന ദിവസം നിശ്ചയിക്കുന്ന മുറക്ക് കോടതിയിൽ നിന്ന് സമൻസ് സ്റ്റേഷനിലും, പിടിക്കപ്പെട്ട വ്യക്തിയുടെ സ്റ്റേഷനിൽ നൽകിയിട്ടുള്ള അഡ്രസിലും ചെല്ലും. ആ ദിവസം നേരിൽ ഹാജരാവുന്ന പ്രതിക്ക്, 1988 ലെ മോട്ടോർ  വെഹിക്കിൾ ആക്ടിന്റെ ഏറ്റവും ഒടുവിൽ, 2019 സെപ്റ്റംബർ ഒന്നാം തീയതി നടന്ന ഭേദഗതി പ്രകാരം, ആദ്യ തവണ 10,000 രൂപ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷയായി കിട്ടാനുള്ള സാധ്യതയുണ്ട്.  കുറ്റം ആവർത്തിക്കുന്നവർക്ക് 15,000 രൂപ പിഴയും, രണ്ടു വർഷം തടവും ആണ് നിയമം അനുശാസിക്കുന്ന ശിക്ഷ. മേല്പറഞ്ഞ വകുപ്പുകൾക്ക് പുറമെ, പൊതു ഇടത്തിൽ ഇരുന്ന് മദ്യപിച്ചു ബഹളമുണ്ടാക്കിയാൽ അബ്കാരി ആക്റ്റിന്റെ 15 C വകുപ്പും ചിലപ്പോൾ ചുമത്തപ്പെടാനുള്ള സാധ്യതയുണ്ട്. ഇനി മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടായാൽ, വൈദ്യ പരിശോധന നടത്തി വാഹനം ഓടിച്ച വ്യക്തി മദ്യപിച്ചിരുന്നു എന്നുറപ്പു വരുത്താൻ പൊലീസ് ബാധ്യസ്ഥരാണ്.

പൂസായ ഡ്രൈവറെ പിടിച്ചാലും വണ്ടി കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് ഈ ഹൈക്കോടതി

പ്രത്യാഘാതങ്ങൾ

ന്യൂ ഇയർ രാവിൽ എന്നല്ല, ഏതൊരു ദിവസവും മദ്യപിച്ച ശേഷം വാഹനമോടിക്കുന്നത് വളരെയധികം അപകടകരമായ ഒരു കാര്യമാണ്. ഒരു കാരണവശാലും മദ്യപിച്ച ശേഷം വാഹനം ഓടിക്കാതിരിക്കുന്നതാണ് സുരക്ഷിതം. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുത് എന്ന് പറയാൻ ഒന്നിലധികം കാരണമുണ്ട്. ഒന്ന്, പിടിക്കപ്പെട്ടാൽ ജയിലിൽ വരെ പോകേണ്ടി വരം. രണ്ട്, മദ്യപിച്ചുണ്ടാവുന്ന അപകടത്തിൽ മരണം നടന്നാൽ, വാഹനങ്ങൾക്ക് കേടുപാട് വന്നാൽ ഇൻഷുറൻസ് തുക ലഭിക്കാതിരിക്കാൻ സാധ്യത കൂടുതലാണ്. ആ പണം  അപകടത്തിന് കാരണമായ വ്യക്തി തന്നെ നൽകേണ്ടതായി വന്നേക്കാം.

new year drink and drive police checking procedure

ഇങ്ങനെ ഒരു അപകടമുണ്ടായാൽ ലൈസൻസ് റദ്ദാക്കപ്പെടാം. അതിന്റെ പേരിൽ നിങ്ങളുടെ ജോലി വരെ പോകാനുള്ള സാധ്യതയുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിൽ പെട്ട പലർക്കും ഗുരുതരമായ പരിക്കേറ്റ് ജീവിതകാലം മുഴുവൻ എഴുന്നേൽക്കാനാവാതെ ആശുപത്രിക്കിടക്കയിൽ ചെലവിടുകയോ, ജീവൻ തന്നെ നഷ്ടപ്പെടുകയോ ഒക്കെ ചെയ്ത ചരിത്രമുണ്ട്. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ ഉണ്ടാവുന്ന അശ്രദ്ധ കൊണ്ട് മറ്റൊരാളുടെ, മറ്റൊരു കുടുംബത്തിന്റെ ജീവിതം എന്നെന്നേക്കുമായി തച്ചുതകർക്കപ്പെട്ടാൽ, അതുകൊണ്ടുണ്ടാവുന്ന കുറ്റബോധം ചിലപ്പോൾ ജീവിതകാലം മുഴുവൻ നിങ്ങളെ വിടാതെ പിന്തുടർന്നെന്നു വരാം. അതുകൊണ്ട്, ഈ പുതുവത്സര രാത്രി, ഒരു ഡ്രിങ്ക് ആൻഡ് ഡ്രൈവ് കേസിലെ പ്രതിയായി കേരള പൊലീസിന്റെ അതിഥിയായി ചെലവിടാതിരിക്കാം -  "സ്റ്റേ അറ്റ് ഹോം, സ്റ്റേ സേഫ്" 

കാര്‍ തലകുത്തി മറിഞ്ഞു, പുറത്തേക്ക് തെറിച്ച് മദ്യപസംഘം, ഞെട്ടിക്കും വീഡിയോ!

Follow Us:
Download App:
  • android
  • ios