ജാപ്പനീസ് ഓട്ടോ ഭീമനായ നിസാൻ ആദ്യമായി ആഗോള ടോപ്പ് -10 വിൽപ്പന പട്ടികയിൽ നിന്ന് പുറത്തായി. 2025 ന്റെ ആദ്യ പകുതിയിൽ നിസ്സാന്റെ ആഗോള വിൽപ്പന ആറ് ശതമാനം കുറഞ്ഞ് 16.1 ലക്ഷം യൂണിറ്റായി. 

ജാപ്പനീസ് ഓട്ടോ ഭീമനായ നിസാന്റെ മോശം നാളുകൾ അവസാനിക്കുന്നില്ല . ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഓട്ടോ കമ്പനികളിൽ ഒന്നായിരുന്ന നിസാൻ ഇപ്പോൾ ആദ്യമായി ആഗോള ടോപ്പ് -10 വിൽപ്പന പട്ടികയിൽ നിന്ന് പുറത്തായി. നിക്കി ഏഷ്യ റിപ്പോർട്ട് അനുസരിച്ച്, 2025 ന്റെ ആദ്യ പകുതിയിൽ നിസ്സാന്റെ ആഗോള വിൽപ്പന ആറ് ശതമാനം കുറഞ്ഞ് വെറും 16.1 ലക്ഷം യൂണിറ്റായി. ഈ കണക്ക് കമ്പനിയെ ടോപ്പ്-10 ൽ നിന്ന് പുറത്താക്കുന്നു. 16 വർഷത്തിനിടെ ഇതാദ്യമായാണ് നിസാൻ ടോപ്പ് 10 ൽ നിന്ന് പുറത്താകുന്നത്.ബിവൈഡി (ചൈന) 33% ശക്തമായ വളർച്ച കാണിക്കുകയും എട്ടാം സ്ഥാനം നേടുകയും ചെയ്തു. സുസുക്കി നിസാനെ മറികടന്ന് 16.3 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നേടി. സുസുക്കി 20,000 യൂണിറ്റുകൾ കൂടുതൽ വിറ്റു. 2004 ന് ശേഷം ഇതാദ്യമായാണ് സുസുക്കി നിസാനെ മറികടക്കുന്നത്.

2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ നിസാൻ ഏകദേശം 104 മില്യൺ ഡോളറിന്റെ നഷ്‍ടം നേരിട്ടു. കമ്പനിയുടെ തുടർച്ചയായ നാലാമത്തെ പാദവാർഷിക നഷ്ടമാണിത്. അതേ സമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിസ്സാൻ ഏകദേശം 191 മില്യൺ ഡോളർ ലാഭം നേടിയിരുന്നു.

ചൈനയാണ് കമ്പനിയുടെ ഏറ്റവും വലിയ വിപണി, എന്നാൽ ഇവിടെ വിൽപ്പന 18% കുറഞ്ഞ് വെറും 2.7 ലക്ഷം യൂണിറ്റായി. 2018 ൽ ഇത് 7.2 ലക്ഷമായിരുന്നു. അമേരിക്കയിലെ വിൽപ്പനയും വളരെ മന്ദഗതിയിലായിരുന്നു. സ്വന്തം നാടായ ജപ്പാനിലെ വിൽപ്പന 10% ഇടിഞ്ഞ് വെറും 2.2 ദശലക്ഷം യൂണിറ്റായി, 1993 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

അതേസമയം നിസ്സാന്റെ സമീപകാല പ്രശ്‌നങ്ങൾ രഹസ്യമല്ല. അടുത്തകാലത്തായി വൻ പ്രതിസന്ധിയിലാണ് നിസാൻ. കമ്പനി തങ്ങളുടെ ഫാക്ടറികളിൽ തൊഴിൽ വെട്ടിക്കുറവുകളും സാമ്പത്തിക വെല്ലുവിളികളും നേരിടുന്നു. ഇതിനുപുറമെ, വിപണി വിഹിതം ക്രമാനുഗതമായി കുറയുകയും പുതിയ മോഡലുകളിൽ ആകർഷണീയത കുറയുകയും ചെയ്യുന്നു. നിസാൻ ഉടൻ തന്നെ തന്ത്രം മാറ്റേണ്ടിവരുമെന്ന് ഓട്ടോ വിദഗ്ധർ വിശ്വസിക്കുന്നു. ബിവൈഡി, ടെസ്‌ല തുടങ്ങിയ ബ്രാൻഡുകൾ ഇവി വിഭാഗത്തിൽ അതിവേഗം വളരുമ്പോൾ ടൊയോട്ടയും ഫോക്‌സ്‌വാഗനും ഇപ്പോഴും ശക്തമായി നിലകൊള്ളുന്നു.

അതേസമയം നിസാൻ മോട്ടോറിലെ 3.8 ശതമാനം ഓഹരികൾ മെഴ്‌സിഡസ് ബെൻസ് അടുത്തിടെ നിശബ്‍ദമായി ഒഴിവാക്കിയത് വൻ വാർത്തയായിരുന്നു. ഏകദേശം 325 മില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികളായിരുന്നു വിറ്റത്. ഒരു ഓഹരിക്ക് 341.3 യെൻ എന്ന വിലയ്ക്കാണ് വിൽപ്പന നടത്തിയത്. ഇത് നിസാൻ മുമ്പത്തെ ക്ലോസിംഗ് വിലയേക്കാൾ ആറ് ശതമാനം കുറവാണ്. ഈ നീക്കത്തോടെ നിസാൻ ഓഹരികൾ ഒറ്റ ദിവസം കൊണ്ട് ഏകദേശം ആറ് ശതമാനം ഇടിഞ്ഞു. സമീപ മാസങ്ങളിലെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.