Asianet News MalayalamAsianet News Malayalam

വാങ്ങാനാളില്ല, ഈ കാറുകളും ഇന്ത്യ വിട്ടു!

വില്‍പ്പന കുറഞ്ഞ വാഹനങ്ങള്‍ ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടതില്ലെന്ന കമ്പനിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ വാഹനങ്ങള്‍ നിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Nissan Micra And Sunny Discontinued In India
Author
Mumbai, First Published May 14, 2020, 11:23 AM IST

നിസാന്‍ ഇന്ത്യ തങ്ങളുടെ ഉല്‍പ്പന്ന നിര പുനഃക്രമീകരിച്ചു. ഏറ്റവും ഒടുവില്‍ മൈക്ര, സണ്ണി മോഡലുകള്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്തു. നിസാന്‍ ടെറാനോ ഈയിടെ ഇന്ത്യയില്‍ നിര്‍ത്തിയിരുന്നു. ബിഎസ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുംവിധം നിസാന്‍ സണ്ണി, മൈക്ര മോഡലുകള്‍ പരിഷ്‌കരിച്ചിരുന്നില്ല. വെബ്‌സൈറ്റില്‍നിന്ന് നീക്കിയതോടെ ബിഎസ് 6 പാലിച്ച് തിരികെയെത്തില്ലെന്നും രണ്ട് കാറുകളും ഇന്ത്യയില്‍ നിര്‍ത്തി എന്നുമാണ് സൂചിപ്പിക്കുന്നത്. നിലവില്‍ നിസാന്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ജിടി ആര്‍, വരാനിരിക്കുന്ന ബിഎസ് 6 കിക്‌സ് എന്നീ രണ്ട് മോഡലുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എക്‌സ് എല്‍(ഒ) സിവിടി, എക്‌സ് എല്‍(ഒ), എക്‌സ് വി സിവിടി, എക്‌സ് വി എന്നീ നാല് വേരിയന്റുകളിലാണ് നിസാന്‍ മൈക്ര ലഭിച്ചിരുന്നത്. പവര്‍ട്രെയ്ന്‍ ഓപ്ഷനുകളുടെ എണ്ണം രണ്ടായിരുന്നു. 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 75 ബിഎച്ച്പി കരുത്തും 104 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ചു. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 65 ബിഎച്ച്പി കരുത്തും 120 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചത്. യഥാക്രമം സിവിടി, 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്നിവയാണ് എന്‍ജിനുകളുമായി ചേര്‍ത്തുവെച്ചത്.

1.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്നിവയായിരുന്നു നിസാന്‍ സണ്ണിയുടെ പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 98 ബിഎച്ച്പി കരുത്തും 134 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ചപ്പോള്‍ ഡീസല്‍ മോട്ടോര്‍ 85 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പുറപ്പെടുവിച്ചു. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി നല്‍കി. പെട്രോള്‍ എന്‍ജിന്റെ കൂടെ മാത്രമാണ് സിവിടി ലഭിച്ചത്. എക്‌സ് ഇ, എക്‌സ് എല്‍, എക്‌സ് വി, എക്‌സ് വി സിവിടി എന്നീ അഞ്ച് വേരിയന്റുകളില്‍ നിസാന്‍ സണ്ണി വിപണിയില്‍ ഉണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios