Asianet News MalayalamAsianet News Malayalam

"ഇന്ത്യയിലെ പാവങ്ങളുടെ ജീവന് ഒരു വിലയുമില്ലേ..?" കാര്‍ നിര്‍മ്മാതാക്കളോട് കേന്ദ്രമന്ത്രി!

ഇന്ത്യയിൽ കൂടുതലും താഴ്ന്ന വരുമാനമുള്ള ഇടത്തരം ജനങ്ങളാണ് ചെറിയ ഇക്കോണമി കാറുകൾ വാങ്ങുന്നത് എന്ന് പറഞ്ഞ ഗഡ്‍കരി ചെറുകാറുകൾ ഉപയോഗിക്കുന്ന ആളുകളുടെ ജീവിതത്തെക്കുറിച്ച് ഓട്ടോമൊബൈൽ നിർമ്മാതാക്കൾ ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്നും ആശ്ചര്യപ്പെട്ടു.

Nitin Gadkari wondered why vehicle manufactures are not thinking about the safety of people using economy cars in India
Author
First Published Sep 15, 2022, 11:37 AM IST

രാജ്യത്തെ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്, ഇന്ത്യയിലെ കാറുകൾക്ക് ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്ന് വാഹന നിർമ്മാതാക്കളോട് വീണ്ടും അഭ്യർത്ഥിച്ച് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. ഇന്ത്യയിലെ ഭൂരിഭാഗം ഓട്ടോമൊബൈൽ നിർമ്മാതാക്കളും ആറ് എയർബാഗുകളുള്ള കാറുകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും രാജ്യത്തെ കാറുകൾക്ക് സമാനമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഗഡ്‍കരി പറഞ്ഞു. ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കളുടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ACMA) വാർഷിക സെഷനിൽ സംസാരിക്കുകയായിരുന്നു ഗഡ്‍കരി.

ഓരോ വർഷവും ഏകദേശം അഞ്ച് ലക്ഷം റോഡപകടങ്ങളിൽ 1.5 ലക്ഷം പേർ മരിക്കുകയും 3 ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.  

"എനിക്കിത് മനസിലാകുന്നില്ല.." വണ്ടിക്കമ്പനികളുടെ സുരക്ഷാ ഇരട്ടത്താപ്പില്‍ ക്ഷുഭിതനായി കേന്ദ്രമന്ത്രി!

"ഇന്ത്യയിലെ ഭൂരിഭാഗം ഓട്ടോമൊബൈൽ നിർമ്മാതാക്കളും ആറ് എയർബാഗുകളുള്ള കാറുകൾ കയറ്റുമതി ചെയ്യുന്നു. എന്നാൽ ചെലവ് നിയന്ത്രിക്കാനും വില കുറയ്ക്കാനും  ഇന്ത്യയിൽ ഈ മോഡലുകള്‍ വില്‍ക്കാൻ അവർ മടിക്കുന്നു.." ഗഡ്‍കരി വ്യക്തമാക്കിയതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിൽ കൂടുതലും താഴ്ന്ന വരുമാനമുള്ള ഇടത്തരം ജനങ്ങളാണ് ചെറിയ ഇക്കോണമി കാറുകൾ വാങ്ങുന്നത് എന്ന് പറഞ്ഞ ഗഡ്‍കരി ചെറുകാറുകൾ ഉപയോഗിക്കുന്ന ആളുകളുടെ ജീവിതത്തെക്കുറിച്ച് ഓട്ടോമൊബൈൽ നിർമ്മാതാക്കൾ ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്നും ആശ്ചര്യപ്പെട്ടു.

രാജ്യത്ത് അപകടങ്ങൾ കുറയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. "അപകടങ്ങൾ കുറയ്ക്കുന്നതിന് ഓട്ടോമൊബൈൽ വ്യവസായത്തിന്റെ സഹകരണം ഞങ്ങൾക്ക് ആവശ്യമാണ്. സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്നതിന് നിർമ്മാതാക്കൾക്കിടയിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകണം.. " ഗഡ്കരി പറഞ്ഞു. ഒക്‌ടോബർ മുതൽ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി കാർ നിർമ്മാതാക്കൾ എട്ട് സീറ്റുള്ള വാഹനങ്ങളിൽ ആറ് എയർബാഗുകളെങ്കിലും നൽകണമെന്നത് നിർബന്ധമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

ഇന്ത്യയിൽ ഓരോ വർഷവും അഞ്ച് ലക്ഷത്തോളം റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും 1.5 ലക്ഷം പേർ മരിക്കുകയും മൂന്ന് ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുവെന്നും നിതിൻ ഗഡ്‍കരി സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടി നേരത്തെയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വേൾഡ് റോഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഡബ്ല്യുആർഎസ്) 2018-ൽ നിന്നുള്ള ഡാറ്റ പരാമർശിച്ചുകൊണ്ട് ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ ലോക്‌സഭയിൽ മന്ത്രി ഈ ആശങ്ക ഉയർത്തിക്കാട്ടിയിരുന്നു.

വാഹനങ്ങളുടെ ഉയർന്ന നികുതിയും കർശനമായ സുരക്ഷാ, മലിനീകരണ മാനദണ്ഡങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങൾ ചെലവേറിയതാക്കിയെന്ന ആശങ്ക ഓട്ടോമൊബൈൽ വ്യവസായം ഉയർത്തുന്ന പശ്ചാത്തലത്തിൽ ഗഡ്കരിയുടെ പരാമർശം പ്രാധാന്യമർഹിക്കുന്നു. ഈ വർഷം ആദ്യം, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഒരു പ്രസ്താവനയിൽ മോട്ടോർ വാഹന യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്, കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ (CMVR) ഭേദഗതി വരുത്തി സുരക്ഷാ സവിശേഷതകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ചിരുന്നു. 

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ പത്തിൽ ഏഴും ഇന്ത്യൻ കമ്പനികളുടേത്

ജിഎസ്ടി കുറയ്ക്കണമെന്ന ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കളുടെ ആവശ്യങ്ങളോട് പ്രതികരിക്കവെ, ഈ മേഖല സർക്കാരിന് 'പരമാവധി വരുമാനം' നൽകുന്നുണ്ടെന്നും ഒരു ധനമന്ത്രിയും അതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളെക്‌സ് ഫ്യുവൽ എൻജിൻ വാഹനങ്ങളുടെ നിർമാണം ആരംഭിക്കാൻ വാഹന നിർമാതാക്കളോട് ഗഡ്‍കരി ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios