തിരുവനന്തപുരം: പെര്‍മിറ്റും മാനദണ്ഡങ്ങളുമൊക്കെ ഒഴിവാക്കി വന്‍കിട സ്വകാര്യബസ് ഉടമകള്‍ക്ക് നിരത്തുകള്‍ കേന്ദ്ര സര്‍ക്കാര്‍ തുറന്നുനല്‍കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആഡംബര ബസുകൾക്ക് പെർമിറ്റില്ലാതെ ഓടാൻകഴിയുന്ന വിധത്തിൽ കേന്ദ്രമോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ നിയമത്തിനുള്ള കരട് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് 22 സീറ്റിൽ കൂടുതലുള്ള ലക്ഷ്വറി ഏസി ബസുകൾക്ക് സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെ റൂട്ട് ബസായി ഓടാനാകും എന്നാണ് സൂചന.

നിലവില്‍ സംസ്ഥാനത്തെ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തണമെങ്കില്‍ സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണമെന്ന നിബന്ധനയാണ് സ്വകാര്യ ലക്ഷ്വറി ബസുകൾക്ക് നിലവിലെ തടസ്സം. റൂട്ട് നിശ്ചയിച്ച് നിരക്ക് പ്രഖ്യാപിച്ച് ഓരോ പോയന്റിൽനിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടു പോകാനുള്ളതാണ് സ്റ്റേജ് കാര്യേജ് പെർമിറ്റ്.  ഒരു ബസിന് ടിക്കറ്റുനൽകി യാത്രക്കാരെ കൊണ്ടുപോകണമെങ്കിൽ നിലവിലെ നിയമം അനുസരിച്ച് സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണം. 

എന്നാല്‍ കരാര്‍ അടിസ്ഥാനത്തിൽ ഒരു സ്ഥലത്തുനിന്നു യാത്രക്കാരെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാനുള്ള കോൺട്രാക്ട് കാര്യേജ് പെർമിറ്റാണ് നിലവില്‍ ഇവർക്കു നൽകുന്നത്.  ഈ പെര്‍മിറ്റ് അനുസരിച്ച് റൂട്ട്, സമയം, പെർമിറ്റ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം സംസ്ഥാനസർക്കാരാണ് നിശ്ചയിക്കുന്നത്. എന്നാൽ പുതിയ ഭേദഗതി നടപ്പിലായാല്‍ കോൺട്രാക്റ്റ് ക്യാരേജ് ബസുകൾക്ക് അവർ നിശ്ചയിക്കുന്ന റോഡുകളിലൂടെ ഏത് സമയത്തും ഓടാനാകും. 

മികച്ച യാത്രാസൗകര്യം ലഭിക്കുമെന്നത് യാത്രക്കാർക്ക് നേട്ടമാകുമെങ്കിലും നിരക്കിന്‍റെ പേരില്‍ കടുത്ത കൊള്ളയാകും നടക്കുകയെന്നാണ് ആശങ്ക. കാരണം  അന്തര്‍സംസ്ഥാന പാതകളിലെ സ്വകാര്യ ആഡംബര ബസുകൾക്ക് അംഗീകൃതടിക്കറ്റ് നിരക്കില്ല. തിരക്കിനനുസരിച്ച് കൂട്ടിയും കുറച്ചുമാണ് അവർ ടിക്കറ്റ് തുക വാങ്ങുന്നത്. നിലവിൽ ഇവരെ സർക്കാർ നിയന്ത്രിക്കുന്നത്  പെർമിറ്റില്ലാതെ ഓടുന്നതിന്റെ പേരിൽ കേസെടുത്താണ്. എന്നാല്‍ പെർമിറ്റ് ആവശ്യമില്ലെന്നുവന്നാൽ ഈ ബസുകളുടെ മേല്‍ സംസ്ഥാന സർക്കാരിനുള്ള നിയന്ത്രണം നഷ്ടമാകുമെന്ന് ചുരുക്കം. 

മാത്രമല്ല പുതിയ നിയമം കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെയും ഇടത്തരം സ്വകാര്യ ബസ് സര്‍വ്വീസുകളുടെയുമൊക്കെ അന്ത്യത്തിനു തന്നെ കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതൊക്കെക്കൊണ്ട് തന്നെ കേന്ദ്ര നീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് സംസ്ഥാനസർക്കാർ തീരുമാനം എന്നാണ് സൂചന.

മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യം ചർച്ചചെയ്യാനായി പ്രത്യേകയോഗം ചേരാനും നിയമസെക്രട്ടറി, ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവരുമായി കൂടിയാലോചിച്ച് ഭേദഗതിക്കെതിരേ പരാതി നല്‍കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.