2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ബിഎസ്6 നിലവാരത്തിലുള്ള വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. മലിനീകരണം നിയന്ത്രിക്കുന്നതിനാണ് ചട്ടങ്ങള്‍ കര്‍ശനമാക്കുന്നത്.

ബിഎസ് 6ലേക്കുള്ള മാറ്റം വാഹന വിലയില്‍ അന്തരമുണ്ടാക്കിക്കഴിഞ്ഞു. നിലവിലെ ബിഎസ്4 വാഹന വിലയെക്കാള്‍ കൂടുതലാണ് പല കമ്പനികളും പുറത്തിറക്കിയിരിക്കുന്ന ബിഎസ്6 മോഡലുകള്‍ക്ക്. 

എന്നാല്‍ പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ ഏപ്രില്‍ മുതല്‍ ഇന്ധനവിലയും കൂടിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് 70 പൈസ മുതല്‍ 1.20 രൂപവരെ വര്‍ധിച്ചേക്കുമെന്നാണ് സൂചനകള്‍. ബി.എസ്. 6 ഇന്ധനം ഉത്പാദിപ്പിക്കാന്‍ റിഫൈനറികള്‍ നവീകരിക്കാന്‍ 35,000 കോടി രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ചെലവഴിച്ചത്. ഇതില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.) മാത്രം 17,000 കോടി ചെലവഴിച്ചു. 

7,000 കോടിരൂപയുടെ നിക്ഷേപം നടത്തിയതായി കഴിഞ്ഞയാഴ്ച ബി.പി.സി.എല്ലും അറിയിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ്. 6 ഇന്ധനം വിതരണംചെയ്യാന്‍ ഐഒസി തയ്യാറായിട്ടുണ്ട്. രണ്ടാഴ്ചമുന്‍പുതന്നെ ബിഎസ് 6 ഇന്ധന ഉത്പാദനം ഐഒസി ആരംഭിച്ചിരുന്നതായി ചെയര്‍മാന്‍ സഞ്ജീവ് സിങ് അറിയിച്ചു. 

ബിഎസ് 6 ഇന്ധനം വിതരണംചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഏപ്രില്‍ ഒന്നുമുതല്‍ ഇന്ധനവിലയില്‍ നേരിയ വര്‍ധനയുണ്ടാകും. 

ഗ്രാമപ്രദേശങ്ങളില്‍ ബിഎസ്6ലേക്കുള്ള മാറ്റത്തിന് കൂടുതല്‍ സമയമെടുത്തേക്കും. എങ്കിലും ഇത്തരം മേഖലകളിലെ ബിഎസ് 4 ഇന്ധനത്തിന്റെ മുഴുവന്‍ സ്റ്റോക്കും മാറ്റി ബിഎസ് 6 ഇന്ധനം നിറയ്ക്കുമെന്നും സഞ്ജീവ് സിങ് പറഞ്ഞു.