Asianet News MalayalamAsianet News Malayalam

വരുന്നൂ ഇലക്ട്രിക്ക് ബൈക്കുമായി ഒഖിനാവ

തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിളിനെ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ നിർമാതാക്കളായ ഒഖിനാവ

Okinawa Oki100 Electric Motorcycle
Author
Mumbai, First Published Sep 27, 2020, 9:37 AM IST

തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിളിനെ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ നിർമാതാക്കളായ ഒഖിനാവ സ്‍കൂട്ടേഴ്‍സ്. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ ഒഖിനാവ Oki100 എന്ന മോഡലിനെയാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഒഖിനാവ സ്‌കൂട്ടേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ജീതേന്ദര്‍ ശര്‍മയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വാഹനത്തിന്റെ നിർമ്മാണമെല്ലാം സ്വന്തം രാജ്യത്തു തന്നെയാണ് നിർവ്വഹിക്കുന്നതെങ്കിലും വാഹനത്തിനായുള്ള ബാറ്ററി സെല്ലുകള്‍ ഇറക്കുമതി ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 100 കിലോമീറ്ററാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ പരമാവധി വേഗത. 72V 63Ah ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലിന് കരുത്തേകുന്നത്. ചെറിയ അലോയി വീലുകളും Oki100 -ന്റെ സവിശേഷതയാണ്.

ട്രെല്ലിസ് ഫ്രെയിമും ചെറിയ ടയറുകളും ഉള്ള Oki100 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ പതിപ്പ് പോലെ കാണപ്പെടുന്നുവെന്നാണ് വാഹനപ്രേമികളുടെ അഭിപ്രായം. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവയും Oki100 -ൽ ഉള്‍പ്പെടും. കമ്പനിയുടെ രാജസ്ഥാന്‍ പ്ലാന്റിലാകും മോട്ടോര്‍സൈക്കിളിന്റെ നിര്‍മ്മാണം. ഒരു ലക്ഷം രൂപ വരെ വില  പ്രതീക്ഷിക്കാം . Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷം ഉത്സവ സീസണില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം കൂട്ടാന്‍ ഒരുങ്ങുകയാണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ ഒഖിനാവ എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2015-ലാണ് ഒഖിനാവ വിപണിയില്‍ എത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ 350-ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്. 150 ഡീലര്‍ഷിപ്പുകള്‍ കൂടി ഈ ശ്രേണിയിലേക്ക് ചേര്‍ക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 2020 അവസാനത്തോടെ 500-ല്‍ അധികം ഡീലര്‍ഷിപ്പുകളായി ശൃംഖല ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.

ഡീലര്‍ഷിപ്പിനൊപ്പം ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനവും വര്‍ധിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി 200 കോടി രൂപ വിപണിയില്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. നിലവില്‍ പ്രതിവര്‍ഷം 40,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നത്. ഇത് 75,000 യൂണിറ്റ് മുതല്‍ ഒരു ലക്ഷം യൂണിറ്റ് വരെ ആക്കി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതുവരെ 90 കോടി രൂപയാണ് കമ്പനി വിപണിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. പുതിയ നിക്ഷേപം നടത്തുന്നതിനൊപ്പം രാജസ്ഥാനില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ പ്ലാന്റ് തുടങ്ങുമെന്നും കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

പുതിയ പ്ലാന്റിനൊപ്പം തന്നെ രാജ്യത്ത് ഡീലര്‍ഷിപ്പുകളുടെ എണ്ണവും വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഡീലര്‍ഷിപ്പ് മാര്‍ജിന്‍ എട്ട് ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചു.  നിലവില്‍ പ്രെയ്‍സ്, റി‍ഡ്‍ജ്, റിഡ്‍ജ് പ്ലസ്,  R30 എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടുന്നതാണ് ഒഖിനാവയുടെ വാഹന നിര. 

Follow Us:
Download App:
  • android
  • ios