Asianet News MalayalamAsianet News Malayalam

പുത്തൻ കാർ പഴയ കാറിന്റെ വിലയ്ക്ക്, BS 4 ചട്ടങ്ങൾ അട്ടിമറിക്കാനുള്ള ഡീലർമാരുടെ തന്ത്രമെന്ന് റിപ്പോർട്ട്

നിലനിൽപ്പിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായ അവസ്ഥയിലാണ് പല ഡീലർഷിപ്പുകളും എന്നാണ് ഇങ്ങനെയുള്ള ക്രമക്കേടുകൾ സൂചിപ്പിക്കുന്നത്

Old stock of BS 4 vehicles being sold to proxy owners and resold in used car rates
Author
Delhi, First Published May 13, 2020, 12:24 PM IST

പല വാഹന ഡീലർമാർക്കും അവരുടെ പക്കൽ വിറ്റഴിക്കപ്പെടാതെ കെട്ടിക്കിടക്കുന്ന BS 4 നിലവാരത്തിലുള്ള വാഹനങ്ങൾ വലിയ തലവേദനയാകും എന്ന അവസ്ഥയാണ്. സുപ്രീം കോടതി ആദ്യം രാജ്യത്തെ സ്ഥാപനങ്ങൾക്ക് അവരുടെ സ്റ്റോക്കിൽ  ഉണ്ടായിരുന്ന BS 4 വാഹനങ്ങൾ വിറ്റഴിക്കാൻ നൽകിയ അവസാന തീയതി ഏപ്രിൽ 1 ആയിരുന്നു. മലിനീകരണ ചട്ടത്തിൽ ഉള്ള കടുംപിടുത്തം കാരണം വാഹന വില്പന അതിനകം തന്നെ മന്ദഗതിയിൽ ആയിട്ടുണ്ടായിരുന്നു. സ്റ്റോക്കിലുള്ള  BS 4 വിറ്റഴിക്കുക ദുഷ്കരമായ ദൗത്യമായി മാറിയിരുന്ന സാഹചര്യത്തിലാണ്, ഇരുട്ടടിയായി  മാർച്ച് 24 -ന് ലോക്ക് ഡൗൺ പ്രഖ്യാപനമുണ്ടായത്. അതോടെ അവർ ആശ്വാസം തേടി കോടതിയെ സമീപിച്ചു. ഡീലർമാരുടെ പക്കൽ ഉണ്ടായിരുന്ന BS 4 സ്റ്റോക്കിന്റെ 10 ശതമാനം ലോക്ക് ഡൗൺ തീരുന്ന മുറക്ക് വിറ്റഴിക്കാൻ സുപ്രീം കോടതി അനുവാദം നൽകിയത് നേരിയ ആശ്വാസം പകർന്ന നടപടിയായി. 

എന്നാൽ യാതൊരു വിധത്തിലും നഷ്ടം സഹിക്കാൻ ഒരുക്കമല്ലാതിരുന ചില കാർ ഡീലർമാർ കോടതി വിധിയെ മറികടന്ന് തങ്ങളുടെ പക്കലുള്ള എല്ലാ BS 4 സ്റ്റോക്കും വിറ്റഴിക്കാൻ വേണ്ടി പല വഴിക്കും ശ്രമങ്ങൾ തുടങ്ങിയിരുന്നു. അക്കൂട്ടത്തിൽ ചിലർ നടത്തിയ ഒരു തട്ടിപ്പിനെപ്പറ്റിയാണ് Live Mint റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുപ്രീം കോടതി നിഷ്കർഷിച്ച തീയതിക്ക് മുമ്പുതന്നെ അവർ സകല കാറുകളും ബിനാമി പേരിൽ വിറ്റതായി രേഖകൾ ഉണ്ടാക്കി. ഇനി ആ കാറുകൾ അവർ തിരിച്ച് അവരുടെ 'യൂസ്‌‌ഡ്കാർ' സെഗ്മന്റിലേക്ക് തിരിച്ച് വാങ്ങിയതായി രേഖകൾ ഉണ്ടാക്കി, അതിനെ സെക്കൻഡ് ഹാൻഡ് ശ്രേണിയിൽ പുതിയ കസ്റ്റമേഴ്സിന് വിൽക്കും. BS 4 കാറുകൾ സെക്കൻഡ് ഹാൻഡ് ആയി വിൽക്കുന്നതിൽ നിയമ തടസ്സമില്ല എന്നതാണ് ഇങ്ങനെ ഒരു വഴി തേടാൻ കാരണം. 

ഇങ്ങനെ സെക്കൻഡ് ഹാൻഡ് ആയി വിൽക്കുന്നതിൽ ഡീലർമാർക്ക് കാര്യമായ സാമ്പത്തിക നഷ്ടം വരുന്നുണ്ട്. ഉദാ. അവർക്ക് റോഡ് ടാക്സ് അടക്കണം. ചില കേസുകളിൽ ട്രാൻസ്ഫർ ഫീയും കെട്ടണം. മാത്രവുമല്ല പുതിയ കാറിനു കിട്ടുന്ന വില സെക്കൻഡ് ഹാൻഡ് ആയി അതേ കാർ വിറ്റാൽ കിട്ടില്ല. ഇതൊക്കെ അറിഞ്ഞുവെച്ചിട്ടും അവർ അതിനു മുതിരുന്നതിനു പിന്നിലെ കാരണം ഒന്നുമാത്രമാണ്. കാർ വിൽക്കുകയേ ചെയ്യാതിരുന്നാൽ ഉണ്ടാകുന്ന നഷ്ടത്തെക്കാൾ കുറവാകും സെക്കൻഡ് ഹാൻഡ് ആയി വിറ്റാൽ ഉണ്ടാകുന്ന നഷ്ടം. ചിലപ്പോൾ നേരിയൊരു ലാഭവും ഉണ്ടാക്കാൻ സാധിച്ചേക്കും. 

എന്നാൽ ഇങ്ങനെ ചെയ്യുന്നത് 'BS 6 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന കാറുകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി BS 4 വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് നിരോധിക്കുക' എന്ന ഗവൺമെന്റിന്റെ നയത്തിന് തുരങ്കം വെക്കുന്ന ഒരു നടപടിയാണ്. ലോക്ക് ഡൗണും വാഹനവിപണിയിൽ മാന്ദ്യവും മലിനീകരണ നിയന്ത്രണ ചട്ടങ്ങളിലെ കർക്കശ നിയന്ത്രണങ്ങളും കാരണം നിലനിൽപ്പിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായ അവസ്ഥയിലാണ് പല ഡീലർഷിപ്പുകളും എന്നാണ് ഇങ്ങനെയുള്ള ക്രമക്കേടുകൾ സൂചിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios