ട്രംപിന്റെ താരിഫ് ഭീഷണിക്കിടെ, മെയ്ക്ക്-ഇൻ-ഇന്ത്യയിൽ മാരുതി ഇവി കയറ്റുമതിയിൽ വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം താരിഫ് ഭീഷണിക്കിടെ, മെയ്ക്ക്-ഇൻ-ഇന്ത്യ വഴിയുള്ള മാരുതി ഇവി കയറ്റുമതിയിൽ വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മാരുതി സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റിൽ നിന്ന് ഇ വിറ്റാര കയറ്റുമതിയും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ലിഥിയം-അയൺ ബാറ്ററി സെല്ലുകളുടെ ഉത്പാദനവും ഉദ്ഘാടനം ചെയ്തുകൊണ്ട്, രാജ്യത്തിന്റെ മെയ്ക്ക്-ഇൻ-ഇന്ത്യ യാത്രയിലേക്കുള്ള ഒരു പ്രധാന കുതിച്ചുചാട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന് ഇത് പുതിയൊരു മാനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് പ്ലാന്റിൽ വാഹനം നിർമ്മിക്കുക മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററി പായ്ക്കുകളും നിർമ്മിക്കും.
ഏതാനും വർഷങ്ങൾക്ക് മുമ്പ് പോലും വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇ.വി. ബാറ്ററികൾ ഇറക്കുമതി ചെയ്തിരുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ഇപ്പോൾ ഇന്ത്യയിൽ തന്നെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികൾ നിർമ്മിക്കാൻ തുടങ്ങി. രാജ്യത്തിന്റെ ഇലക്ട്രിക് മൊബിലിറ്റി സ്വപ്‍നം സാക്ഷാത്കരിക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ പ്രാദേശികമായി നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രാദേശികവൽക്കരണം ഇന്ത്യയെ സ്വയം സുസ്ഥിരമാക്കുന്നതിന് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയിൽ ഒരു പ്രധാന നാഴികക്കല്ലാണ് മാരുതി സുസുക്കി ഇ വിറ്റാര. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് കാറാണിത്. കൂടാതെ, സുസുക്കിയിൽ നിന്നുള്ള ആദ്യത്തെ പ്രൊഡക്ഷൻ ഇലക്ട്രിക് കാറാണിത്. മാരുതി സുസുക്കി ഇന്ത്യയുടെ ഒരു യൂണിറ്റായ സുസുക്കി മോട്ടോർ ഗുജറാത്തിൽ (SMG) മാത്രമായി നിർമ്മിക്കുന്ന, കയറ്റുമതി ചെയ്യപ്പെടുന്ന ഇ വിറ്റാരയുടെ ആദ്യ ബാച്ച് പിപാവാവ് തുറമുഖത്ത് നിന്ന് യുകെ, ജർമ്മനി, നോർവേ, ഫ്രാൻസ്, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്‌സ്, സ്വീഡൻ, ഹംഗറി, ഐസ്‌ലാൻഡ്, ഇറ്റലി, ഓസ്ട്രിയ, ബെൽജിയം തുടങ്ങിയ വിപണികൾ ഉൾപ്പെടെ യൂറോപ്യൻ മേഖലയിലേക്ക് അയയ്ക്കും. പ്ലാന്റിൽ നിർമ്മിക്കുന്ന ഇ വിറ്റാര, ഫ്രോങ്ക്സ് , ജിംനി എന്നിവയുൾപ്പെടെയുള്ള ബ്രാൻഡിന്റെ മറ്റ് മോഡലുകളെപ്പോലെ സുസുക്കിയുടെ ഹോം മാർക്കറ്റായ ജപ്പാനിലേക്കും കയറ്റുമതി ചെയ്യും .
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർ കോർപ്പറേഷൻ അടുത്ത അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 70,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനിയുടെ പ്രതിനിധി ഡയറക്ടറും പ്രസിഡന്റുമായ തോഷിഹിരോ സുസുക്കി പറഞ്ഞു. ജാപ്പനീസ് ഓട്ടോമൊബൈൽ കമ്പനി ഇതിനകം ഇന്ത്യയിൽ ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇത് മൂല്യ ശൃംഖലയിൽ 11 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്‍ടിക്കുന്നതിലേക്ക് നയിച്ചു.
ഇന്ത്യയിലും ആഗോള വിപണികളിൽ ഉടനീളമുള്ള ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഗുജറാത്ത് പ്ലാന്റ് ഉടൻ തന്നെ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ നിർമ്മാണ കേന്ദ്രങ്ങളിലൊന്നായി മാറുമെന്നും പ്രതിവർഷം 10 ലക്ഷം യൂണിറ്റ് ശേഷിയുള്ളതായിരിക്കുമെന്നും സുസുക്കി പറഞ്ഞു. ഗുജറാത്ത് പ്ലാന്റിലെ ഇ വിറ്റാര ഉൽപാദനത്തെ ആദ്യത്തെ പ്രധാന നാഴികക്കല്ലാണെന്ന് സുസുക്കി വ്യക്തമാക്കി. കമ്പനിയുടെ രണ്ടാമത്തെ പ്രധാന നാഴികക്കല്ല് കമ്പനിയുടെ ഹൈബ്രിഡ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോഡ്-ലെവൽ ലോക്കലൈസേഷനോടുകൂടിയ ഇന്ത്യയിലെ ആദ്യത്തെ ലിഥിയം-അയൺ ബാറ്ററിയുടെയും സെല്ലിന്റെയും ഉത്പാദനം ആരംഭിച്ചതാണെന്നും സുസുക്കി പറഞ്ഞു.
റഷ്യയിൽ നിന്ന് അസംസ്‍കൃത എണ്ണ വാങ്ങിയതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിന്റെ ആഘാതം നേരിടാൻ ഇന്ത്യ തയ്യാറെടുക്കുന്ന സമയത്തു തന്നെയാണ് മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ ഇ വിറ്റാരയുടെ കയറ്റുമതി ആരംഭിക്കുന്നത് എന്നതാണ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് നോട്ടീസിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്താനുള്ള പദ്ധതികൾ ട്രംപ് ഭരണകൂടം വിശദീകരിച്ചു. യുഎസ് ഭരണകൂടത്തിന്റെ നിബന്ധനകൾ പാലിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചു. ഈ 50 ശതമാനം താരിഫ് കാരണം, യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നികുതി നിരക്കിൽ കുത്തനെ വർദ്ധനവ് ഉണ്ടാകും, ഇത് ഇന്ത്യൻ കയറ്റുമതിക്കാരെയും ബിസിനസുകളെയും ബാധിക്കും. ഷ്യയിൽ നിന്ന് അസംസ്‍കൃത എണ്ണ വാങ്ങുന്നത് തുടരുന്നതിന് ഇന്ത്യയെ ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കത്തിന് പ്രധാനമന്ത്രി മോദിയിൽ നിന്ന് ഇതിനകം തന്നെ ശക്തമായ പ്രതികരണം ലഭിച്ചു കഴിഞ്ഞു.
