കണ്ണൂർ: ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തള്ളിയിട്ട ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്‍തു. കണ്ണൂര്‍ മട്ടന്നൂരിനടുത്ത കൂടാളി ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലാണ് സംഭവം.  സംഭവവുമായി ബന്ധപ്പെട്ടു ബസ് ക്ലീനർ ഉളിയിൽ സ്വദേശി വി വി ശ്രീജിത്തിനെയാണ് അറസ്റ്റ് ചെയ്‍തത്. ബസും കസ്റ്റഡിയിൽ എടുത്തു. 

വിദ്യാർഥിയെ തള്ളിയിടുന്ന സിസി ടിവി ദൃശ്യം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. സ്‍കൂൾ ബാഗ് ചുമലിൽ തൂക്കിയതു കൊണ്ടാണ് വിദ്യാർഥി വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.

കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്കു പോകുകയായിരുന്ന കെസിഎം ബസിൽ നിന്നാണ് വിദ്യാർഥിയെ തള്ളിയിട്ടതായി പരാതി. സ്റ്റോപ്പിൽ നിർത്തിയ ശേഷം വിദ്യാർഥികൾ ബസിലേക്കു കയറുന്നതിനിടെയാണ് ബസ് മുന്നോട്ടെടുത്തു. തുടര്‍ന്ന് പടിയിൽ നിൽക്കുകയായിരുന്ന വിദ്യാർഥിയെ ക്ലീനർ തള്ളിയിട്ടെന്നാണ് പരാതി. വിദ്യാർഥി മട്ടന്നൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടി. 

വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ക്ലീനറെ ജാമ്യത്തിൽ വിട്ടു.