മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് നിര്‍ത്താതെ പോയ ബസിനെ നാട്ടുകാര്‍ തടഞ്ഞു.

കെഎസ്ആർടിസിയുമായി മത്സരയോട്ടം നടത്തി അമിതവേഗതയിലെത്തിയ സ്വകാര്യ ബസിനെയാണ് നാട്ടുകാര്‍ തടഞ്ഞത്. കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന പാരഡൈസ് ബസാണ് തിരൂരങ്ങാടിയില്‍ നാട്ടുകാര്‍ തടഞ്ഞത്.

കക്കാട് വച്ച് ബൈക്ക് യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി മഹേഷിനെ (20) ഇടിച്ചുതെറിപ്പിച്ചെങ്കിലും വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു. 

അപകടമുണ്ടായതോടെ നാട്ടുകാർ ബസ് തടഞ്ഞു പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ എഎസ്ഐ പി.രഞ്ജിത്, എം.അമർനാഥ് എന്നിവർ പിഴ ഈടാക്കുകയും  ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തു. ബസിന്റെ അമിതവേഗം കണ്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങൾ സൂചിപ്പിച്ച് വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ചെവിക്കൊണ്ടില്ലെന്ന് യാത്രക്കാർ പറയുന്നു.