Asianet News MalayalamAsianet News Malayalam

ചൈനയ്‍ക്കുള്ള ടാറ്റയുടെ മറുപടി, ഹാരിയറിന്‍റെ വല്ല്യേട്ടന്‍; പരീക്ഷണം തകൃതി!

മൂടിക്കെട്ടലുകള്‍ ഇല്ലാതെയുള്ള വാഹനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

Production Spec Tata Gravitas Spotted Testing
Author
Mumbai, First Published Dec 22, 2020, 10:40 AM IST

ഇന്ത്യയിലെ എസ്‌യുവി ശ്രേണി പിടിച്ചെടുക്കാനുള്ള ടാറ്റയുടെ തുറുപ്പുചീട്ടാണ് പണിപ്പുരയില്‍ ഒരുങ്ങുന്ന ഗ്രാവിറ്റാസ് അഥവാ ജനപ്രിയ എസ്‌യുവി ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പ്. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജിയുടെ ഹെക്ടര്‍ പ്ലസിന്‍റെ മുഖ്യ എതിരാളിയായി എത്തുന്ന ഈ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്‍റെ തിരക്കിലാണ് ടാറ്റ. 

മോഡലിന്‍റെ പ്രൊഡക്ഷന്‍ പതിപ്പിന്‍റെ ഉള്‍പ്പെടെ വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെ നിരവധി തവണ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വീണ്ടും ചില ചിത്രങ്ങള്‍ കൂടി പുറത്തുവന്നിരിക്കുന്നു.  മൂടിക്കെട്ടലുകള്‍ ഇല്ലാതെയുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതാദ്യമായാണ് വാഹനത്തെ മൂടിക്കെട്ടലുകളില്ലാതെ ദൃശ്യമാകുന്നതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാഹനത്തിന്‍റെ പിന്നില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഈ ചിത്രത്തില്‍ വാഹനത്തിന്റെ ഡിസൈന്‍ പൂര്‍ണമായും വ്യക്തമാകുന്നുണ്ട്. എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ്, ക്രോമിയം ലൈന്‍, ഹാച്ച്‌ഡോറിന്റെ താഴെയായി ഗ്രാവിറ്റാസ് ബാഡ്ജിങ്ങ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് പിന്‍വശത്തുള്ളത്. 

ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഈ സെവന്‍ സീറ്റര്‍ എസ്‍യുവിയുടെയും നിര്‍മ്മാണം. നിലവില്‍ അഞ്ച് സീറ്ററാണ് ഹാരിയര്‍. ഇതിന്‍റെ ഇൻറീരിയറിൽ ഒരുനിര സീറ്റ് കൂടി അധികമായി ഉൾപ്പെടുത്തിയാവും ഗ്രാവിറ്റാസ് എത്തുക. മുഖഭാവത്തില്‍ ഹാരിയറും ഗ്രിവിറ്റാസും ഒരു പോലെയായിരിക്കുമെന്നാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡല്‍ വ്യക്തമാക്കിയത്. 

അഞ്ച് സീറ്റര്‍ എസ്‍യുവിയായ ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് പുതിയ ആറ് സീറ്റര്‍ ഗ്രാവിറ്റാസ്. ആറ്, ഏഴ് സീറ്റ് ഘടനയില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആറ് സീറ്റര്‍ പതിപ്പിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വരിയില്‍ ബെഞ്ച് തരത്തിലുള്ള സീറ്റുകള്‍ ഉണ്ടാകും.

18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, ഇന്റഗ്രേറ്റഡ് റൂഫ് റെയില്‍സ്, ഓട്ടോമാറ്റിക് ബൈ-സെനോണ്‍ ഹെഡ്‌ലാമ്പുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫാന്‍ സ്പീഡ് കണ്‍ട്രോള്‍ ഉള്ള എസി വെന്റുകളും മൂന്നാം നിരയില്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2.0 ലിറ്റർ ഡീസൽ എൻജിനാണ് ഗ്രാവിറ്റാസിന്‍റെയും ഹൃദയം എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ട്യൂണിങ്ങിൽ മാറ്റം വരുത്തി കൂടുതൽ കരുത്ത് നൽകിയേക്കും എന്നും സൂചനകളുണ്ട്.

ഈ ബിഎസ് 6 എൻജിൻ 170 പിഎസ് പവറും 350 എന്‍എം ടോർക്കും സൃഷ്‍ടിക്കും. ആറ് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ. ഹ്യുണ്ടായിയുടെ സഹകരണത്തോടെ വികസിപ്പിച്ച ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസിഷനും വാഹനത്തിലുണ്ടാകും. പെട്രോൾ എൻജിനിലും വാഹനം എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഈ വാഹനം ഉത്സവ സീസണിലോ 2021 തുടക്കത്തിലോ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പ്രീമിയം വാഹന ശ്രേണി വികസിപ്പിക്കുന്നതിന് ടാറ്റ മോട്ടോർസിനെ ഈ എസ്‌യുവി തീർച്ചയായും സഹായിക്കും. എംജി ഹെക്ടര്‍ പ്ലസിനെ കൂടാതെ മഹീന്ദ്ര XUV500, ഹ്യുണ്ടായി ക്രെറ്റയുടെ ഏഴു സീറ്റര്‍ പതിപ്പ് എന്നിവരാകും ഗ്രാവിറ്റാസിന്‍റെ മുഖ്യ എതിരാളികള്‍. 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Image Courtesy: Gaadiwaadi dot com

Follow Us:
Download App:
  • android
  • ios