അനാവശ്യമായി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതിന് 2019-ല്‍ രജിസ്റ്റര്‍ ചെയ്തത് അരലക്ഷത്തിലധികം കേസുകള്‍.

ദില്ലി: അനാവശ്യമായി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതിന് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് അരലക്ഷത്തിലധികം കേസുകള്‍. ഇതില്‍ 45,784 ആളുകളെയാണ് 2019 ല്‍ അറസ്റ്റ് ചെയ്തത്. 55,373 കേസുകളാണ് 2019-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അനാവശ്യമായി ട്രെയിന്‍ വൈകിപ്പിക്കുകയും യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. 

46,223 ട്രെയിനുകളാണ് ഇങ്ങനെ ചങ്ങല വലിച്ച് നിര്‍ത്തിയത്. ആയിരത്തോളം ട്രെയിനുകള്‍ക്ക് നേരെ കഴിഞ്ഞ വര്‍ഷം കല്ലേറുണ്ടായി. ട്രെയിനിന് കല്ലെറിഞ്ഞതിന് 659 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 404 പേരെ അറസ്റ്റ് ചെയ്തു. 2019 ല്‍ റെയില്‍വേ ഹെല്‍പ്പ്ലൈന്‍ നമ്പരായ 182 ലേക്ക് എത്തിയത് 60,453 പരാതികളാണ്. ട്വിറ്ററിലൂടെ 31,851 പരാതികളും ലഭിച്ചു. ആര്‍പിഎഫിന്‍റെ പരിശോധനയില്‍ 54,15,739 പേര്‍ അറസ്റ്റിലായി. 215 കോടിയിലധികം രൂപയാണ് നഷ്ടപപരിഹാരമായി ഈടാക്കിയത്.

Read more: 'ഹിസ് ഹൈനസ്' സ്റ്റിക്കറൊട്ടിച്ച നമ്പര്‍ പ്ലേറ്റ്; കിടിലന്‍ ട്രോളുമായി പൊലീസ്

 കുട്ടികളെ കടത്തുന്നവരില്‍ നിന്നും 446 കുട്ടികളെ രക്ഷിച്ചതായും ഇതില്‍ 68 പേര്‍ അറസ്റ്റിലായതായും ആര്‍പിഎഫിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുവിട്ട് ഇറങ്ങിയതും ലഹരിക്ക് അടിമകളാക്കപ്പെട്ടതും തട്ടിക്കൊണ്ടുപോയതുമായ 16,011 കുട്ടികളെയും ആര്‍പിഎഫ് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.