ലംബോർഗിനി ഉറുസ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച റെസ്‌വാനി നൈറ്റ്, സൂപ്പർകാർ പ്രകടനവും മിലിട്ടറി-ഗ്രേഡ് സംരക്ഷണവും സംയോജിപ്പിക്കുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, ഫുൾ ബോഡി ആർമർ, റൺ-ഫ്ലാറ്റ് ടയറുകൾ എന്നിവ ഈ വാഹനത്തിന്‍റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

സൈനിക പ്രമേയമുള്ള വാഹനങ്ങൾക്ക് പേരുകേട്ട കാലിഫോർണിയയിലെ വാഹന നിർമ്മാതാക്കളായ റെസ്‌വാനി, തങ്ങളുടെ ഏറ്റവും പുതിയ സൃഷ്ടിയായ റെസ്‌വാനി നൈറ്റ് പുറത്തിറക്കി. ലംബോർഗിനി ഉറുസ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ സൂപ്പർ-അഗ്രസീവ് എസ്‌യുവി സൂപ്പർകാർ ആക്സിലറേഷനും യുദ്ധക്കളത്തിലെ സംരക്ഷണവും വ്യക്തമായ റോഡ് സാന്നിധ്യവും സംയോജിപ്പിക്കുന്നു. ഈ വാഹനത്തിന്‍റെ വെറും 100 യൂണിറ്റുകൾ മാത്രം നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ.

ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, ഫുൾ ബോഡി ആർമർ, അണ്ടർസൈഡ് സ്‌ഫോടകവസ്തു സംരക്ഷണം എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ഡാർക്ക് നൈറ്റ് മിലിട്ടറി പാക്കേജ് റെസ്‌വാനി എസ്‌യുവിയെ ഒരു കോട്ടയാക്കി മാറ്റുന്നു. മിലിട്ടറി-ഗ്രേഡ് റൺ-ഫ്ലാറ്റ് ടയറുകളിലാണ് വാഹനം ഓടുന്നത്, കൂടാതെ ദുർഘടമായ ഭൂപ്രദേശങ്ങൾക്കായി ശക്തിപ്പെടുത്തിയ സസ്‌പെൻഷനും ഈ വാഹനത്തിലുണ്ട്.

മാറ്റ് ഗൺമെറ്റൽ ഗ്രേ നിറത്തിൽ അണിഞ്ഞിരിക്കുന്ന ഇതിന്റെ ഷാർപ്പായിട്ടുള്ള ബോഡി പാനലുകളും സ്പേസ് ലൈറ്റിംഗ് സിഗ്നേച്ചറും ഇതിന് ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് നൽകുന്നു, മേൽക്കൂരയിലെ ഒരു ലൈറ്റ് ബാർ, ഒരു ഭീമൻ റിയർ സ്‌പോയിലർ, ഭീമാകാരമായ ഫെൻഡർ ഫ്ലെയറുകൾ എന്നിവ ലംബോർഗിനിയുടെ പൈതൃകത്തിൽ നിന്ന് അതിനെ വ്യത്യസ്‍തമാക്കുന്നു. 33 ഇഞ്ച് ഓൾ-ടെറൈൻ ടയറുകളിൽ പൊതിഞ്ഞ 22 ഇഞ്ച് വീലുകളിലാണ് എസ്‌യുവി സഞ്ചരിക്കുന്നത്.

ലംബോർഗിനി ഉറുസിന്‍റെ 4.0 ലിറ്റർ ട്വിൻ-ടർബോ V8 ന്റെ പുനർനിർമ്മിച്ച പതിപ്പാണ് നൈറ്റിന്റെ ഹൃദയം. റെസ്‌വാനി ഇതിൽ നിരവധി ട്യൂണിംഗ് ലെവലുകൾ നൽകുന്നു. 800 bhp വരെ ഔട്ട്‌പുട്ടുകൾ നൽകുന്നു. ഇത് ഉറുസ് ബേസ് മോഡലിനേക്കാൾ ഗണ്യമായ വർദ്ധനവാണ്. കൂടാതെ പുതിയ ഹൈബ്രിഡ് ഉറുസ് എസ്ഇ നൈറ്റിന് 3.0 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60 mph വരെ വേഗത കൈവരിക്കാൻ കഴിയും. ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ കവചിത കാറുകളിൽ ഒന്നായി മാറുന്നു.

റെസ്‌വാനി നൈറ്റിന്റെ വലിയൊരു പ്രത്യേകത അതിന്റെ "ഡാർക്ക് നൈറ്റ്" പാക്കേജാണ്. പ്രതിരോധ സവിശേഷതകളുടെ ഒരു കൂട്ടം ഇതിൽ ലഭിക്കുന്നു. ബുള്ളറ്റ് പ്രൂഫ് ബോഡി, ഗ്ലാസ് പാനലുകൾ, അണ്ടർബോഡി എക്സ്പ്ലോസീവ് പ്രൊട്ടക്ഷൻ, റാമിംഗ് സ്റ്റീൽ ബമ്പറുകൾ, മിലിട്ടറി-ഗ്രേഡ് റൺ-ഫ്ലാറ്റ് ടയറുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കോംബാറ്റ്-ഗ്രേഡ് ഘടകങ്ങളുടെ വർദ്ധിച്ച ഭാരവും സമ്മർദ്ദവും നേരിടാൻ സസ്പെൻഷനും നവീകരിച്ചിരിക്കുന്നു.

അകത്തേക്ക് കയറിയാൽ നൈറ്റ് അതിന്റെ അതിജീവന പ്രമേയം തുടരുന്നു. ഗ്യാസ് മാസ്‍കുകൾ, പെപ്പർ സ്പ്രേ ഡിസ്പെൻസർ, സ്ട്രോബ് ലൈറ്റുകൾ, ഇന്റർകോം, ഒരു ഫസ്റ്റ് എയിഡ് കിറ്റ് എന്നിവ ക്യാബിനിൽ സജ്ജീകരിക്കാൻ സാധ്യതയുണ്ട്. ഡാർക്ക് നൈറ്റ് ബണ്ടിലിൽ എല്ലാം സ്റ്റാൻഡേർഡ് ആണ്. ഓപ്ഷണൽ സൈറണുകളും ഹോണുകളും ഡിസ്റ്റോപ്പിയൻ എസ്‌യുവി വൈബിനെ പൂർണ്ണമാക്കുന്നു.