Asianet News MalayalamAsianet News Malayalam

നടന്നത് ഒരു നൂറ്റാണ്ടിലെ റെക്കോഡ് കച്ചവടം, മാന്ദ്യത്തെ തോല്‍പ്പിച്ചൊരു വണ്ടിക്കമ്പനി!

116 വർഷത്തെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയാണ് 2019ല്‍ നടന്നത്

Rolls Royce records best ever sales in its 116 year history in 2019
Author
Delhi, First Published Jan 10, 2020, 9:14 AM IST

വാഹന വിപണിയില്‍ ഉള്‍പ്പെടെ ലോകത്ത് മാന്ദ്യലക്ഷണങ്ങൾ കണ്ട  വര്‍ഷമാണ് 2019. പല വണ്ടിക്കമ്പനികളും ഉല്‍പ്പാദനം വെട്ടിക്കുറച്ചും ജീവനക്കാരെ പിരിച്ചുവിട്ടും പ്ലാന്‍റുകള്‍ പൂട്ടിയിട്ടുമൊക്കെ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട വര്‍ഷം.

എന്നാല്‍ ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയിസിന് മാന്ദ്യം എന്തെന്നറിയാത്ത വര്‍ഷമാണ് കടന്നു പോയത്.  2019ല്‍ കമ്പനിക്ക് റെക്കോർഡ് വിൽപനയാണ്.  5152 കാറുകളാണ് വിറ്റത്. അതായത് 2018ൽ വിറ്റതിനെക്കാൾ 25% കൂടുതൽ.  2018-ൽ 4,107 കാറുകളാണ് ലോകത്തിലാകമാനം വിറ്റഴിച്ചത്.  116 വർഷത്തെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയാണ് കഴിഞ്ഞ വർഷം നടന്നത് എന്നതും കൗതുകമാണ്. 

നാലു ലക്ഷം ഡോളറിലേറെ ( 2.8 കോടി രൂപ) വിലയുള്ള കള്ളിനൻ എസ്‌യുവിയാണ് വിൽപനയിൽ വലിയ പങ്കു വഹിച്ചത്. ഇന്ത്യയടക്കം അൻപതിലേറെ രാജ്യങ്ങളിൽ കമ്പനി കാറുകൾ വിൽക്കുന്നു. ഫാന്റം, റെയ്ത്ത്, ഗോസ്റ്റ്, ഡോൺ തുടങ്ങിയ മോഡലുകളും മികച്ച വിൽപന നേടിയെന്നു കമ്പനി അറിയിച്ചു.

2018ലാണ് കമ്പനിയുടെ ആദ്യ എസ്‍യുവിയായ കള്ളിനനെ അവതരിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണു പുത്തൻ എസ് യു വിക്കുള്ള പേര് റോൾസ് റോയ്സ് നല്‍കിയത്. 3.25 ലക്ഷം ഡോളർ അഥവാ 2.15 കോടി രൂപയാണ് വാഹനത്തിന്‍റെ വില. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ നികുതിയടക്കം ഏകദേശം 6.95 കോടി രൂപയോളമാവും എക്‌സ്‌ഷോറൂം വില.

റോള്‍സ് റോയ്‌സ് ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളിനന്‍റ ഡിസൈന്‍. ഫാന്റത്തിലെ വലിയ ഗ്രില്‍ കള്ളിനനിലുമുണ്ട്. ആഢംബരത്തിനൊപ്പം കരുത്തന്‍ പരിവേഷം നല്‍കുന്നതാണ് ഇരുവശത്തെയും ഡിസൈന്‍. ലോകമാകെയുള്ള അങ്ങേയറ്റം മോശമായ ഭൂപ്രകൃതികളിലൂടെയുള്ള ടെസ്റ്റ് ഡ്രൈവുകള്‍ക്ക് ശേഷമാണ് ആറടിപ്പൊക്കമുള്ള കള്ളിനൻ വിപണിയിലെത്തുന്നത്. 5.341 മീറ്റർ നീളവും 2.164 മീറ്റർ വീതിയുമുള്ള ഭീമാകാരൻ കാറിന്‍റെ വീൽബേസ് 3.295 മീറ്ററാണ്. 563 ബിഎച്ച്പി കരുത്തും 850 എൻഎം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റർ ട്വിൻ ടർബോ വി12 പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.

പുരാതന റോള്‍സ് റോയ്സുകളെ അനുസ്മരിപ്പിക്കുന്ന ഡി ബാക്ക് ശൈലിയിലാണ് പിന്‍ഭാഗം. 600 ലിറ്ററാണ് ബൂട്ട് കപ്പാസിറ്റി. വാഹനത്തിന്റെ ആഡംബരം ഏറ്റവും പ്രകടമാകുന്നത് ഇന്റീരിയറിലാണ്. ഡാഷ്‌ബോഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ബ്ലൂറേ ഡിസ്‌പ്ലേ ടിവി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകള്‍, ലതര്‍ ഫിനീഷിഡ് ഇന്റീരിയര്‍, ഫാബ്രിക് കാര്‍പ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയറിന്റെ പ്രത്യേകതകള്‍. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം.

ഫാന്റത്തിലുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എന്‍ജിനാണ് ഇതിന് ശക്തിയേകുന്നത്. കള്ളിനനില്‍ എന്‍ജിന്‍ റീ ട്യൂണ്‍ ചെയ്തിട്ടുണ്ട്. എന്‍ജിന് 563 ബി.എച്ച്.പി. കരുത്തും 850 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്സാണ് കള്ളിനന്‍.  ഓൾ വീൽ ഡ്രൈവ്, ഓൾ വീൽ സ്റ്റീയർ സംവിധാനങ്ങളുമുണ്ട്. 8–സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ. റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്താൻ ബട്ടൺ അമർത്തിയാൽ മതി. 54 സെന്റിമീറ്റർ വരെ ജലനിരപ്പിലും വാഹനം അനയാസം ഓടും.

വ്യൂയിങ് സ്യൂട്ടാണ് വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകത.  സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. അതായത് തലതിരിഞ്ഞ ഡോറുകള്‍. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത ഈ സംവിധാനം ഓപ്ഷണലാണ്. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്‍.

ഫാന്റത്തിന്റെ അതേ അലൂമിനിയം സ്‌പേസ്‌ഫ്രെയിം ആര്‍ക്കിടെക്ച്ചറിലാണ് കള്ളിനന്റെ നിര്‍മാണം. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. 

Follow Us:
Download App:
  • android
  • ios