യഥാക്രമം 1.49 ലക്ഷം, 1.63 ലക്ഷം, 1.68 ലക്ഷം രൂപ വിലയുള്ള റെട്രോ, മെട്രോ, മെട്രോ റെബൽ വേരിയന്റുകളിലാണ് ഹണ്ടര്‍ എത്തുന്നത്. നിലവില്‍ റോയല്‍ എൻഫീല്‍ഡില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഓഫറാണിത്

ചെന്നൈ ആസ്ഥാനമായുള്ള രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് അടുത്തിടെയാണ് ഹണ്ടർ 350 ബൈക്ക് അവതരിപ്പിച്ചത്. യഥാക്രമം 1.49 ലക്ഷം, 1.63 ലക്ഷം, 1.68 ലക്ഷം രൂപ വിലയുള്ള റെട്രോ, മെട്രോ, മെട്രോ റെബൽ വേരിയന്റുകളിലാണ് ഹണ്ടര്‍ എത്തുന്നത്. നിലവില്‍ റോയല്‍ എൻഫീല്‍ഡില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഓഫറാണിത്. പുതിയ തലമുറ ബുള്ളറ്റ് 350 വരും മാസങ്ങളിൽ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതുകൂടാതെ, മൂന്ന് പുതിയ 650 സിസി മോട്ടോർസൈക്കിളുകൾ കൂടി റോയല്‍ എൻഫീല്‍ഡ് ആസൂത്രണം ചെയ്‍തിട്ടുണ്ട്. അവ അടുത്ത വർഷം എത്തുമെന്നാണ് റിപ്പോർട്ടുകള്‍. ഇതാ വരാനിരിക്കുന്ന ഈ റോയൽ എൻഫീൽഡ് 650 സിസി ബൈക്കുകളെക്കുറിച്ചുള്ള ചില ചുരുക്കവിവരങ്ങൾ.

റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650

റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650ന്റെ പ്രൊഡക്ഷൻ പതിപ്പിനെ അടുത്തിടെ പരീക്ഷണത്തിനിടയില്‍ കണ്ടിരുന്നു. മോഡലിൽ റെട്രോ-സ്റ്റൈൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ക്രോം ചെയ്ത ക്രാഷ് ഗാർഡുകൾ, മുൻവശത്ത് വലിയ വിൻഡ്‌ഷീൽഡ് എന്നിവയുണ്ട്. റോഡ്-ബയേസ്ഡ് ടയറുകളുള്ള അലോയ് വീലുകൾ, തടിച്ച റിയർ ഫെൻഡർ, ഫോർവേഡ് ഫുട്‌പെഗുകൾ, ലോ സ്ലംഗ് എന്നിവയും ഇതിലുണ്ട്. പിൻഭാഗത്ത് ഇരട്ട പൈപ്പ് എക്‌സ്‌ഹോസ്റ്റ് സംവിധാനവും റൗണ്ട് ടെയിൽലാമ്പും ടേൺ ഇൻഡിക്കേറ്ററുകളും ഉണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, സൂപ്പർ മെറ്റിയർ 650 ഒരു സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ട്രിപ്പർ നാവിഗേഷനായി ചെറിയ പാഡും വാഗ്ദാനം ചെയ്യും. റോയല്‍ എൻഫീല്‍ഡ് 650 ഇരട്ടകളിലെ 648 സിസി പാരലൽ, ട്വിൻ-സിലിണ്ടർ FI എഞ്ചിൻ ഇത് ഉപയോഗിക്കും.

റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650

ഏറെ പ്രതീക്ഷയോടെ ബൈക്ക് പ്രേമികള്‍ കാത്തിരിക്കുന്ന പുതിയ റോയൽ എൻഫീൽഡ് 650cc ബൈക്കുകളിലൊന്നാണ് വരാനിരിക്കുന്ന ഷോട്ട്ഗൺ. ഇത് പ്രധാനമായും 2021 EICMA യിൽ അവതരിപ്പിച്ച എൻഫീല്‍ഡ് SG650 കൺസെപ്റ്റ് ബോബറിന്റെ പ്രൊഡക്ഷൻ പതിപ്പാണ്. റൗണ്ട് ഹാലൊജൻ ഹെഡ്‌ലാമ്പ്, ഹാലൊജൻ ടേൺ ഇൻഡിക്കേറ്ററുകൾ, സ്പ്ലിറ്റ് സീറ്റുകൾ എന്നിവ ബൈക്കിലുണ്ട്. ഒരു സാധാരണ ബോബറിൽ കാണുന്നത് പോലെ കറുത്ത ഫിനിഷുള്ള ഷൂട്ടർ എക്‌സ്‌ഹോസ്റ്റുകളും ഫെൻഡറുകളും ഉണ്ട്. സെമി ഡിജിറ്റൽ, ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ ടേൺ-ബൈ-ടേൺ നാവിഗേഷനായി ചെറിയ പാഡ് തുടങ്ങിയ ഫീച്ചറുകളും ഓഫർ ചെയ്തേക്കാം. പുതിയ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 അതിന്റെ പ്ലാറ്റ്ഫോം, എഞ്ചിൻ, സസ്‌പെൻഷൻ, ബ്രേക്കിംഗ് സംവിധാനം എന്നിവ RE ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നിവയുമായി പങ്കിടും.

റോയൽ എൻഫീൽഡ് സ്ക്രാമ്പ്ളർ 650

കമ്പനി പുതിയ 650 സിസി സ്‌ക്രാംബ്ലറിൽ പ്രവർത്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത് അടുത്തിടെ യുകെയിൽ പരീക്ഷണം നടത്തി. റോയല്‍ എൻഫീല്‍ഡിന്‍റെ 650 സിസി ഇരട്ടകളുമായി അതിന്റെ അടിസ്ഥാനഘടകങ്ങളും എഞ്ചിനും പങ്കിടാൻ സാധ്യതയുള്ള ഒരു റോഡ് ബയേസ്ഡ് സ്‌ക്രാംബ്ലർ പോലെയാണ് മോഡൽ ദൃശ്യമാകുന്നത്. പുതുതായി രൂപകൽപന ചെയ്‍ത ഹെഡ്‌ലാമ്പ്, വേറിട്ട സീറ്റ്, സ്‌ക്രാംബ്ലർ ശൈലിയിലുള്ള സൈഡ് കൗൾസ്, കമ്മ്യൂട്ടർ സ്റ്റൈൽ ഗ്രാബ് റെയിൽ, ഷോർട്ട് റിയർ ഫെൻഡർ എന്നിവയാണ് പരീക്ഷണപ്പതിപ്പിന്‍റെ സവിശേഷതകൾ. പുതിയ എക്‌സ്‌ഹോസ്റ്റ് റൂട്ടിംഗ് ആണ് ബൈക്കിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്.

ചങ്കിടിപ്പോടെ മറ്റു കമ്പനികള്‍; ജനപ്രിയന്‍റെ പുതിയ മോഡലിനെ കളത്തിലേക്ക് ഇറക്കി 'ചെക്ക്' വച്ച് മഹീന്ദ്ര