കടുത്ത മാന്ദ്യത്തിലുടെയാണ് രാജ്യത്തെ വാഹനവിപണി കടന്നുപോകുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കാന്‍ ഐക്കണിക്ക് മോഡലായ ബുള്ളറ്റിന്‍റെ പുതിയൊരു പതിപ്പിനെ വിലകുറച്ച് അവതരിപ്പിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

ബുള്ളറ്റ് എക്‌സ് 350 ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.12 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാര്‍ടിന് 1.26 ലക്ഷം രൂപയുമാണ് ബൈക്കിന്‍റെ എക്‌സ് ഷോറൂം വില. ബുള്ളറ്റ് സ്റ്റാന്‍ഡേഡ് സീരീസിനേക്കാള്‍ 14,000 രൂപയോളം കുറവാണിത്.  സ്റ്റാന്‍ഡേഡ് ബുള്ളറ്റ് മോട്ടോര്‍സൈക്കിളിന്റെ കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.21 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.35 ലക്ഷം രൂപയുമാണ് വില. കുറഞ്ഞ വില തന്നെയാണ് പുതിയ മോഡലിനെ ആകര്‍ഷകമാക്കുന്നത്. 

ഓരോ വേരിയന്റിനും മൂന്ന് വീതം കളര്‍ ഓപ്ഷനുകളിലാണ് ബുള്ളറ്റ് എക്‌സ് 350 വരുന്നത്.  സില്‍വര്‍, സഫയര്‍ ബ്ലൂ, ഒനിക്‌സ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ പുതിയ ബുള്ളറ്റ് 350 ലഭ്യമാകും. ജെറ്റ് ബ്ലാക്ക്, റീഗല്‍ റെഡ്, റോയല്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ബുള്ളറ്റ് 350 ഇലക്ട്രിക് സ്റ്റാര്‍ട് മോഡല്‍. പഴയ സ്റ്റാന്റേര്‍ഡ് ബുള്ളറ്റ് ഇഎസ് മോഡല്‍ മെറൂണ്‍, സില്‍വര്‍ നിറങ്ങളില്‍ തന്നെ തുടര്‍ന്നും ലഭ്യമാകും. പുതിയ ബുള്ളറ്റ് 350യിൽ സ്റ്റാന്റേര്‍ഡിലെ ത്രീഡി ലോഗോ എംബ്ലത്തിന് പകരം സിംപിള്‍ ലോഗായാണ്. എന്നാൽ, ബുള്ളറ്റ് 350 ഇഎസിലെ എംബ്ലം സ്റ്റാന്റേര്‍ഡിന് സമാനമാണ്.

കിക്ക് സ്റ്റാര്‍ട് വേരിയന്റിലെ ടാങ്ക് ലോഗോയില്‍ കാണുന്ന ചിറകുള്ള ഗ്രാഫിക്‌സ് ശ്രദ്ധേയമാണ്. രണ്ടാം ലോകമഹാ യുദ്ധാനന്തരമുള്ള റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് ഈ വിംഗ്ഡ് ഗ്രാഫിക്‌സ്. അതേസമയം ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റില്‍ പ്രീമിയം 3ഡി ബാഡ്‍ജുകളുണ്ട്. 

ബൈക്കിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് കാര്‍ബുറേറ്റഡ് എന്‍ജിൻ 19 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍ . സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്. സിംഗിള്‍ ചാനല്‍ എബിഎസ് , റിയര്‍ വീല്‍ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍ (ആര്‍എല്‍പി) എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.  മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക് അബ്സോബറുമാണു സസ്പെൻഷൻ.

ബുള്ളറ്റിന്റെ പുതു വകഭേദം അവതരിപ്പിച്ചതിനു പുറമെ രാജ്യത്ത് 250 റീട്ടെയ്ൽ സ്റ്റുഡിയോ സ്റ്റോറുകളും റോയൽ എൻഫീൽഡ് തുറന്നു. കരസേനയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരായിരുന്നു പുതുതായി ആരംഭിച്ച ടച് പോയിന്റുകളുടെയെല്ലാം ഉദ്ഘാടകർ. കൂടാതെ അടുത്ത മൂന്നു മാസത്തിനിടെ 250 സ്റ്റുഡിയോ സ്റ്റോറുകൾ കൂടി തുറക്കാനും റോയൽ എൻഫീൽഡിനു പദ്ധതിയുണ്ട്. രാജ്യത്ത് മൊത്തം 930 ഡീലർ ടച് പോയിന്റുകളാണ് ഇപ്പോൾ റോയൽ എൻഫീൽഡിനുള്ളത്. കൂടാത തൊള്ളായിരത്തിലേറെ അംഗീകൃത വർക് ഷോപ്പുകളിലായി 8,800 സർവീസ് ബേകളും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. വരും നാളുകളിൽ രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും പട്ടണങ്ങളിലും സാന്നിധ്യം ശക്മാക്കാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
 
റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ എന്‍ട്രി ലെവല്‍ മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് മോഡലുകളില്‍നിന്ന് പാര്‍ട്‌സ് കടമെടുത്തും വില്‍ക്കുന്ന ഓരോ മോട്ടോര്‍സൈക്കിളില്‍നിന്നുള്ള ലാഭം കുറച്ചുകൊണ്ടുമാണ് ഇത്ര മല്‍സരക്ഷമമായി വില നിശ്ചയിക്കാന്‍ കമ്പനിക്ക് സാധിച്ചതെന്നാണ് കമ്പനി പറയുന്നത്. എന്തായാലും വാഹന വിപണിയിലെ മാന്ദ്യകാലത്ത് പുറത്തിറക്കിയ പുത്തന്‍ ബുള്ളറ്റുകള്‍ തങ്ങളുടെ ആകെ വില്‍പ്പന വര്‍ധിപ്പിക്കുമെന്ന കമ്പനിയുടെ പ്രതീക്ഷ ഫലിക്കുമോ എന്ന് കാത്തിരുന്നു കാണണം.