Asianet News MalayalamAsianet News Malayalam

മോഹവിലയില്‍ കുഞ്ഞന്‍ അഡ്വഞ്ചർ ടൂററുമായി എന്‍ഫീല്‍ഡ്

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ‌ എൻ‌ഫീൽ‌ഡ് ശേഷി കുറഞ്ഞ അഡ്വഞ്ചർ ടൂറർ മോഡലിനെ പുറത്തിറക്കാൻ തയാറെടുക്കുകയാണ് എന്ന് റിപ്പോര്‍ട്ട്. 

Royal Enfield New Adventure Tourer
Author
Mumbai, First Published May 9, 2020, 2:42 PM IST

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ‌ എൻ‌ഫീൽ‌ഡ് ശേഷി കുറഞ്ഞ അഡ്വഞ്ചർ ടൂറർ മോഡലിനെ പുറത്തിറക്കാൻ തയാറെടുക്കുകയാണ് എന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ഭാവി പദ്ധതികളെ കുറിച്ചുള്ള റിപ്പോർട്ടുകളിൽ ഇത് ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഇതിനെപ്പറിയുള്ള ഔദ്യോഗിക വിശദാംശങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2021ല്‍ വാഹനം വിപണിയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാത്രമല്ല ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികളെ അഡ്വഞ്ചർ ശ്രേണി മോഡലുകളിലേക്ക് എത്തിച്ച ഹിമാലയന്റെ 250 സിസി പതിപ്പിനെ വിപണിയിൽ എത്തിക്കാൻ റോയൽ എൻഫീൽഡ് നേരത്തെ തയ്യാറെടുത്തിരുന്നു. ക്വാർട്ടർ ലിറ്റർ ശ്രേണിയുടെ വളർച്ചയാണ് ഈ രംഗത്തേക്ക് ബ്രാൻഡിനെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഹിമാലയന്‍റെ ഒരു ചെറിയ പതിപ്പ് നെയിംപ്ലേറ്റിൽ കൂടുതൽ ഉപഭോക്താക്കളെ റോയൽ എൻഫീൽഡിലേക്ക് ആകർഷിക്കാൻ സഹായിക്കും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. 

യുവാക്കള്‍ക്കിടയില്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഓഫ് റോഡിങിന് കൂടുതല്‍ സഹായകമാകുന്ന വിധത്തിലാണ് വാഹനത്തിന്റെയും നിര്‍മ്മാണം. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് മുന്നില്‍ 21 ഇഞ്ച് ടയറും പിന്നില്‍ 18 ഇഞ്ച് ടയറുകളുമാണ് നല്‍കിയിരിക്കുന്നതെങ്കില്‍ പുതിയ 250 സിസി ബൈക്കിന് മുന്നില്‍ 19 ഇഞ്ച് ടയറും പിന്നില്‍ 17 ഇഞ്ച് ടയറുമാണ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇതിനകം തന്നെ തങ്ങളുടെ അഡ്വഞ്ചര്‍ ടൂററിന് മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഇറ്റലിയില്‍ നടന്ന 2019 മിലാന്‍ മോട്ടോര്‍ ഷോയിലാണ് ഹിമാലയൻ പുതിയ മോഡൽ അവതരിപ്പിച്ചത്. ഗ്രാവല്‍ ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ മൂന്ന് പുതുയ നിറങ്ങളിലായാണ് വാഹനം എത്തുന്നത്. നിലവില്‍ സ്‌നോ, ഗ്രാനൈറ്റ്, സ്ലീറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് ഹിമാലന്‍ ഇന്ത്യന്‍ വിപണിയിലുള്ളത്.

ഗ്രാവല്‍ ഗ്രേ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് ബ്രേക്ക് ഫെന്‍ഡര്‍ എന്നിവ മാറ്റ് ഫിനിഷിലാണ്. ഇവ ഒഴികെയുള്ള ഭാഗങ്ങളെല്ലാം പതിവുപോലെ ബ്ലാക്ക് നിറത്തിലുമാണ്. റോക്ക് റെഡ്, ലേക്ക് ബ്ലൂ എന്നീ ഡ്യുവല്‍ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ലഗേജ് റാക്ക്, ക്രാഷ് പ്രൊട്ടക്ഷന്‍ ഗാര്‍ഡ് എന്നിവ റെഡ്/ബ്ലൂ ഗ്ലോസി ഫിനിഷിലാണുള്ളത്. ബാക്കിയുള്ള ഭാഗങ്ങളെല്ലാം ബ്ലാക്ക് നിറത്തിലാണ്.

നിറങ്ങള്‍ അല്ലാതെ മറ്റ് മാറ്റങ്ങളൊന്നും പുതിയ ബൈക്കിനില്ല. 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 24.5 ബിഎച്ച്പി പവറും 32 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ഹാഫ്-ഡ്യുപ്ലെക്സ് ക്രാഡില്‍ ഫ്രെയിമിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിയാമലയന്‍ അഡ്വഞ്ചര്‍ ടൂററിന്റെ നിര്‍മ്മാണം. സുരക്ഷയ്ക്കായി ഇരട്ട-ചാനല്‍ എബിഎസും, മുന്നില്‍ രണ്ട് പിസ്റ്റണ്‍ കാലിപ്പര്‍ ഉള്ള 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പര്‍ ഉള്ള 240 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്.

ഹീറോ എക്സ്പൾസ് 200, ഹിമാലയനും തമ്മിൽ  പ്രകടനവും വില ടാഗുകളുടെയും അന്തരം കുറക്കുകയാണ് ഹിമാലയൻ 250യുടെ ലക്ഷ്യം. നിലവിലുള്ള ഹിമാലയനേക്കാൾ ഭാരവും കുറവായിരിക്കും ഹിമാലയം 250 ക്ക്. എൻഫീൽഡ് അഡ്വഞ്ചർ അടുത്ത വർഷം വിപണിയിൽ എത്തുമ്പോൾ ഹീറോ എക്‌സ്പൾസ് 200 കെടിഎം 250 അഡ്വഞ്ചർ എന്നിവയ്‌ക്കെതിരെ മത്സരിക്കും.

Follow Us:
Download App:
  • android
  • ios