Asianet News MalayalamAsianet News Malayalam

ഇനി കളിമാറും; 250 സിസി ഹിമാലയനുമായി റോയല്‍ എന്‍ഫീല്‍ഡ്

യുവാക്കള്‍ക്കിടയില്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നീക്കം

Royal Enfield with 250cc Himalayan
Author
Mumbai, First Published Dec 28, 2019, 7:58 PM IST

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ അഡ്വഞ്ചര്‍ ടൂററായ ഹിമാലയന്‍റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 250 സിസി അഡ്വഞ്ചര്‍ നിരയിലേക്കാണ് പുതിയ ബൈക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവാക്കള്‍ക്കിടയില്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഓഫ് റോഡിങിന് കൂടുതല്‍ സഹായകമാകുന്ന വിധത്തിലാണ് വാഹനത്തിന്റെയും നിര്‍മ്മാണം. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് മുന്നില്‍ 21 ഇഞ്ച് ടയറും പിന്നില്‍ 18 ഇഞ്ച് ടയറുകളുമാണ് നല്‍കിയിരിക്കുന്നതെങ്കില്‍ പുതിയ 250 സിസി ബൈക്കിന് മുന്നില്‍ 19 ഇഞ്ച് ടയറും പിന്നില്‍ 17 ഇഞ്ച് ടയറുമാണ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇതിനകം തന്നെ തങ്ങളുടെ അഡ്വഞ്ചര്‍ ടൂററിന് മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഇറ്റലിയില്‍ നടന്ന 2019 മിലാന്‍ മോട്ടോര്‍ ഷോയിലാണ് ഹിമാലയൻ പുതിയ മോഡൽ അവതരിപ്പിച്ചത്. ഗ്രാവല്‍ ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ മൂന്ന് പുതുയ നിറങ്ങളിലായാണ് വാഹനം എത്തുന്നത്. നിലവില്‍ സ്‌നോ, ഗ്രാനൈറ്റ്, സ്ലീറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് ഹിമാലന്‍ ഇന്ത്യന്‍ വിപണിയിലുള്ളത്.

ഗ്രാവല്‍ ഗ്രേ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് ബ്രേക്ക് ഫെന്‍ഡര്‍ എന്നിവ മാറ്റ് ഫിനിഷിലാണ്. ഇവ ഒഴികെയുള്ള ഭാഗങ്ങളെല്ലാം പതിവുപോലെ ബ്ലാക്ക് നിറത്തിലുമാണ്. റോക്ക് റെഡ്, ലേക്ക് ബ്ലൂ എന്നീ ഡ്യുവല്‍ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ലഗേജ് റാക്ക്, ക്രാഷ് പ്രൊട്ടക്ഷന്‍ ഗാര്‍ഡ് എന്നിവ റെഡ്/ബ്ലൂ ഗ്ലോസി ഫിനിഷിലാണുള്ളത്. ബാക്കിയുള്ള ഭാഗങ്ങളെല്ലാം ബ്ലാക്ക് നിറത്തിലാണ്.

നിറങ്ങള്‍ അല്ലാതെ മറ്റ് മാറ്റങ്ങളൊന്നും പുതിയ ബൈക്കിനില്ല. 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 24.5 ബിഎച്ച്പി പവറും 32 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ഹാഫ്-ഡ്യുപ്ലെക്സ് ക്രാഡില്‍ ഫ്രെയിമിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിയാമലയന്‍ അഡ്വഞ്ചര്‍ ടൂററിന്റെ നിര്‍മ്മാണം. സുരക്ഷയ്ക്കായി ഇരട്ട-ചാനല്‍ എബിഎസും, മുന്നില്‍ രണ്ട് പിസ്റ്റണ്‍ കാലിപ്പര്‍ ഉള്ള 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പര്‍ ഉള്ള 240 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്.

നിലവില്‍ ഹിമാലയന്‍ മോഡലുകളുടെ ബിഎസ്6 പതിപ്പുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ്6 ഹിമാലയന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എഞ്ചിനൊപ്പം തന്നെ ബൈക്കില്‍ ചെറിയ മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തിട്ടുണ്ടെന്നതാണ് മുഖ്യസവിശേഷത. എന്നാല്‍ മൊത്തത്തിലുള്ള ഡിസൈനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. മുന്നിലെ വിന്‍ഷീല്‍ഡിന്റെ വലിപ്പത്തിലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. കാഴ്ച്ചയില്‍ പുതുമ നല്‍കുന്നതിനായി വശങ്ങളില്‍ പുതിയ ഗ്രാഫിക്സും ഹിമാലയനില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. ടെയില്‍ ലാമ്പിലും മാറ്റം കൂടി ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ക്ലാസിക്ക്, തണ്ടര്‍ബേഡ് മോഡലുകളും ബിഎസ്6 എഞ്ചിനില്‍ 2020 ഏപ്രില്‍ ഒന്നിനു മുന്നോടിയായി വിപണിയില്‍ എത്തും. എന്നാല്‍ ബിഎസ്6 വാഹത്തിന്‍റെ വിലയോ, എഞ്ചിന്‍ സംബന്ധിച്ച് മറ്റ് വിവരങ്ങളോ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. 2020 -ന്റെ തുടക്കത്തില്‍ തന്നെ വാഹനം വില്‍പ്പനയ്ക്ക് എത്തിയേത്തും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 10,000 രൂപ മുതല്‍ 15,000 രൂപ വരെ വില ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  2016 മാർച്ചിലാണ് ഹിമാലയനെ റോയില്‍ എ്‍ഫീല്‍ഡ് ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios