സാങ്കേതിക തകരാറുകളെ തുടർന്ന് സ്കോഡ 25,000-ത്തിലധികം കൈലാഖ്, കുഷാഖ്, സ്ലാവിയ കാറുകൾ തിരിച്ചുവിളിച്ചു. പിൻ സീറ്റ് ബെൽറ്റ് ലാച്ച് തകരാറിലാകാനുള്ള സാധ്യതയാണ് പ്രധാന കാരണം. 2024 മെയ് 24 നും 2025 ഏപ്രിൽ 1 നും ഇടയിൽ നിർമ്മിച്ച യൂണിറ്റുകളെയാണ് ബാധിച്ചിരിക്കുന്നത്.
സാങ്കേതിക തകരാറുകളെ തുടർന്ന് രാജ്യത്ത് 25,000-ത്തിലധികം സ്കോഡ കൈലാഖ്, കുഷാഖ്, സ്ലാവിയ കാറുകൾ തിരിച്ചുവിളിച്ചു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്വേഴ്സ് (SIAM)ന്റെ വാഹന തിരിച്ചുവിളിക്കൽ ഡാറ്റാബേസ് അനുസരിച്ച്, സ്കോഡ ഓട്ടോ ഇന്ത്യ കൈലാഖ് സബ്‌കോംപാക്റ്റ് എസ്‌യുവി, കുഷാഖ് മിഡ്‌സൈസ് എസ്‌യുവി, സ്ലാവിയ സെഡാൻ എന്നിവയുടെ തിരഞ്ഞെടുത്ത യൂണിറ്റുകൾക്കാണ് തിരിച്ചുവിളിക്കൽ പുറപ്പെടുവിച്ചിരിക്കുന്നത്. വാഹനത്തിന് കൂട്ടിയിടി സംഭവിച്ചാൽ പിൻവശത്തെ യാത്രക്കാരുടെ സുരക്ഷാ അപകടസാധ്യത കണക്കിലെടുത്താണ് തിരിച്ചുവിളിക്കൽ. പിൻ സീറ്റ് ബെൽറ്റ് ലാച്ച് അല്ലെങ്കിൽ ബക്കിൾ തകരാറിലാകുകയോ യാത്രക്കാരനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്യാം. പിൻ സീറ്റിലെ മധ്യ, വലതുവശത്തുള്ള സീറ്റ് ബെൽറ്റുകളും തകരാറിലായേക്കാം. അതുവഴി പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ.
2024 മെയ് 24 നും 2025 ഏപ്രിൽ 1 നും ഇടയിൽ നിർമ്മിച്ച 25,722 യൂണിറ്റുകളെയാണ് ഈ തകരാർ ബാധിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഇതുസംബന്ധിച്ച് സ്കോഡ ഇതുവരെ ഔദ്യോഗിക പ്രസ്‍താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. പക്ഷേ ഉടൻ തന്നെ ഒരു പ്രസ്താവന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണയായി സംഭവിക്കുന്നതുപോലെ, തകരാറുള്ള ഭാഗം പരിശോധിക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിന് സ്കോഡ ബാധിച്ച യൂണിറ്റുകളുടെ ഉടമകളെ ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് അധിക ചെലവ് ഈടാക്കില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
സ്കോഡ കൈലാക്കിന്‍റെ വിലകളും സവിശേഷതകളും
ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡ കൈലാക്കിന്റെ ഇന്ത്യയിലെ ഏറ്റവും പുതിയ മോഡലാണിത്. ബ്രാൻഡിലെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവി ആണിത്. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. 1.0 ലിറ്റർ, 3-സിലിണ്ടർ ടിഎസ്‌ഐ എഞ്ചിൻ ഈ സബ്‌കോംപാക്റ്റ് എസ്‌യുവിയിൽ ഉൾപ്പെടുന്നു. ഇത് പരമാവധി 115 ബിഎച്ച്പി പവറും 178 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ഇത് വരുന്നു. കൈലാക്കിന് 10.5 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
സ്കോഡ കുഷാഖ് വിലകളും സവിശേഷതകളും
ആക്ടീവ്, ആംബിഷൻ, സ്റ്റൈൽ എന്നീ മൂന്ന് വകഭേദങ്ങളിലാണ് സ്കോഡ കുഷാഖ് പുറത്തിറങ്ങുന്നത്. 10.99 ലക്ഷം രൂപ മുതൽ 19.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില. 1.0 ലിറ്റർ, 3-സിലിണ്ടർ TSI (115bhp/178Nm), 1.5 ലിറ്റർ, 4-സിലിണ്ടർ TSI (150bhp/250Nm) എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഈ മിഡ്‌സൈസ് എസ്‌യുവിയിൽ ഉള്ളത്. 6-സ്പീഡ് മാനുവൽ (സ്റ്റാൻഡേർഡ്), 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് (1.0L TSIയിൽ മാത്രം ലഭ്യമാണ്), 7-സ്പീഡ് DSG ഓട്ടോമാറ്റിക് (1.5L TSIയിൽ മാത്രം ലഭ്യമാണ്) എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
സ്കോഡ സ്ലാവിയ വിലകളും സവിശേഷതകളും
സ്കോഡ സ്ലാവിയയുടെ പവർട്രെയിനുകൾ കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയുമായി പങ്കിടുന്നു. അടിസ്ഥാന ആക്റ്റീവ് വേരിയന്റിന് 10.34 ലക്ഷം രൂപയിൽ ആരംഭിച്ച് പൂർണ്ണമായും ലോഡുചെയ്‌ത സ്റ്റൈൽ വേരിയന്റിന് 18.24 ലക്ഷം രൂപ വരെ വിലയുണ്ട്.