എണ്ണിച്ചുട്ട അപ്പം പോലെത്തിയ ആ വാഹനം കേരളത്തിലും!
ഈ വാഹനത്തിന്റെ ഡെലിവറി കേരളത്തിലും നടന്നതായാണ് പുതിയ വാര്‍ത്ത
ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡയുടെ ഒക്ടേവിയ സെഡാന്റെ സ്പോർട്ടി വകഭേദം ആർഎസിനെ അടുത്തിടെയാണ് ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ചത്. വാഹനം ഉടന്‍ തന്നെ വിറ്റും തീര്‍ന്നിരുന്നു. ഇന്ത്യന്‍ വിപണിയിലേക്ക് പെര്‍ഫോമന്‍സ് സെഡാന്റെ 200 യൂണിറ്റ് മാത്രമാണ് ചെക്ക് വാഹന നിര്‍മാതാക്കള്‍ വകയിരുത്തിയത്. ഈ വാഹനത്തിന്റെ ഡെലിവറി കേരളത്തിലും നടന്നതായാണ് പുതിയ വാര്‍ത്ത.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ആദ്യ ഒക്ടേവിയ ആർഎസ്സിന്റെ ഡെലിവറി നടന്നത്. റാലി ഗ്രീൻ നിറത്തിലുള്ള ഒക്ടേവിയ ആർഎസ് ആണ് കേരളത്തിൽ ആദ്യമെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. അകെ സംസ്ഥാനത്ത് നിന്നും 12 ബുക്കിങ്ങുകളാണ് സ്കോഡയുടെ ഈ പടക്കുതിരയ്ക്ക് ലഭിച്ചിട്ടുള്ളത്.
യൂറോപ്യൻ വിപണിയിൽ ഇപ്പോൾ വില്പനയിലുള്ള ഒക്ടേവിയ ആർഎസ് 245 അതേപടിയാണ് ഇത്തവണ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. അതുകൊണ്ടുത്തതന്നെ വിലയും കൂടുതലാണ്. Rs 35.99 ലക്ഷം എക്സ്-ഷോറൂം വിലയുമായെത്തുന്ന പുത്തൻ ഒക്ടേവിയ ആർഎസ്സിന്റെ ഓൺ-റോഡ് വില 45 ലക്ഷത്തോടടുക്കും.
2020 ഒക്ടേവിയ ആർഎസ് രാജ്യത്ത് ഗോവയിൽ ആണ് ആദ്യ ഡെലിവറി ചെയ്തത്. ഇന്ത്യക്ക് നല്കിയ ഈ 200 എണ്ണത്തില്‍ ഏറ്റവും അധികം വില്‍പ്പന നടന്നത് ബെംഗളൂരുവില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. 44 എണ്ണമാണ് ബെംഗളൂരുവില്‍ വിറ്റത്.
ബെംഗളൂരു കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍പ്പന നടന്നത് ചെന്നൈ നഗരത്തിലാണ്. 22 യൂണിറ്റ്. പുണെയിലും ഹൈദരാബാദിലും 20 എണ്ണം വീതം വിറ്റുപോയി. കൊച്ചിയില്‍ 12 യൂണിറ്റ് സ്കോഡ ഒക്ടാവിയ ആര്‍എസ് 245 വില്‍പ്പന നടന്നു. മുംബൈയിലും 12 യൂണിറ്റ് തന്നെ. ദില്ലിയില്‍ 10 യൂണിറ്റാണ് വില്‍പ്പന. ഇന്ത്യയില്‍ ബാക്കി എല്ലായിടത്തുമായി 60 യൂണിറ്റ് ഒക്ടാവിയ ആര്‍എസ് 245 വിറ്റുപോയി.
ആകെയുള്ള 200 യൂണിറ്റില്‍ പകുതിയോളം വിറ്റത് തെക്കേ ഇന്ത്യയിലാണ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നീ നാല് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലായി 98 യൂണിറ്റ് ഒക്ടാവിയ ആര്‍എസ് 245 വിറ്റുപോയി.
ഈ വര്‍ഷത്തെ ഓട്ടോ എക്സ്പോയിലാണ് സ്കോഡ ഒക്ടാവിയ ആര്‍എസ് 245 ഇന്ത്യന്‍ അരങ്ങേറ്റം നടത്തിയത്. പൂര്‍ണമായി നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുകയാണ്. 35.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷം ഡെലിവറി ആരംഭിക്കും. മിക്ക ഡീലര്‍ഷിപ്പുകളിലും പെര്‍ഫോമന്‍സ് സെഡാന് ഇതിനകം എത്തിക്കഴിഞ്ഞു.
മുൻപ് വിപണിയിലുണ്ടായിരുന്ന ഒക്ടേവിയ ആർഎസ്സിനേക്കാൾ 10 ലക്ഷം രൂപ കൂടുതലാണ് പുത്തൻ വേർഷന്‍. പെര്‍ഫോമന്‍സ് സെഡാന്റെ 200 യൂണിറ്റ് മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്. റാലി ഗ്രീന്‍, റേസ് ബ്ലൂ, കൊറീഡ റെഡ്, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
നിലവില്‍ ഇന്ത്യയില്‍ വിറ്റിരുന്ന മുന്‍ മോഡലിനേക്കാള്‍ സ്പോര്‍ട്ടിയായിരിക്കും ഇനി വരുന്ന ഒക്ടാവിയ ആര്‍എസ്. വാഹനം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഗ്രൗണ്ട് ക്ലിയറന്‍സ് താഴ്ന്നതായിരിക്കും. 18 ഇഞ്ച് അലോയ് വീലുകളായിരിക്കും വാഹനത്തില്‍.
യൂറോ 5 പാലിക്കുന്ന 2.0 ലിറ്റര്‍ ഡയറക്റ്റ് ഇന്ജെക്ഷന് ടര്‍ബോ-പെട്രോള്‍ എന്‍ജിനായിരിക്കും സ്കോഡ ഒക്ടാവിയ ആര്‍എസിന്റെ ഹൃദയം. ഈ മോട്ടോര്‍ 245 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്‍ മോഡലിനേക്കാള്‍ 15 ബിഎച്ച്പി, 20 എന്‍എം കൂടുതല്‍. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്സ്മിഷന് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 6.6 സെക്കന്‍ഡ് മതി. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു.
കൂടുതല്‍ സ്പോര്‍ട്ടിയായ സസ്പെന്ഷന് സംവിധാനം, അഗ്രസീവ് ആര്‍എസ് ബോഡി കിറ്റ്, കറുത്ത എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍ എന്നിവയോടെയാണ് സ്കോഡ ഒക്ടാവിയ ആര്‍എസ് വരുന്നത്. എല്ലായിടത്തും എല്‍ഇഡി ലൈറ്റുകള്‍ നല്കി. അതായത് ഹെഡ്ലാംപുകള്, ടെയ്ല്‍ലൈറ്റുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ് ലാംപുകള്‍ എന്നിവയെല്ലാം എല്‍ഇഡി ആയിരിക്കും. ഇന്ത്യയില്‍ ഏറെ പ്രിയമുള്ള മോഡലാണ് ഒക്ടാവിയ ആര്‍എസ്. 2017ലും 2018ലും സ്കോഡ ഇന്ത്യയ്ക്ക് അനുവദിച്ച കാറുകളെല്ലാം പ്രതീക്ഷിച്ചതിലും വേഗം വിറ്റുപോയിരുന്നു.
2018ല്‍ ആദ്യം 300 ഒക്ടേവിയ ആർ എസ് ആയിരുന്നു ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നത്. എന്നാൽ ആവശ്യക്കാരേറിയതോടെ അധികമായി 200 കാറുകൾ കൂടിഇറക്കുമതി ചെയ്തിരുന്നു. 2017ല്‍ ഇന്ത്യക്ക് 250 കാറുകളാണ് അനുവദിച്ചിരുന്നത്.