ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ സൂപ്പേർബ് സെഡാന്‍റെ പുതിയ പതിപ്പ് ഇക്കഴിഞ്ഞ 2020 ഫെബ്രുവരി ഓട്ടോ എക്സ്പോയിൽ ആണ് അവതരിപ്പിച്ചത്. ഇപ്പോള്‍ സൂപ്പർബിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി. 50000 രൂപ അഡ്വാൻസ് അടച്ച് പുത്തൻ സൂപ്പർബ് ബുക്ക് ചെയ്യാം. വാഹനത്തിന്റെ വില ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

രണ്ട് വേരിയന്റുകളിലായാണ് ഈ വാഹനം നിരത്തിൽ എത്തുക. ആഡംബര മോഡലായ ലൗറേൻ ആൻഡ് ക്ലമന്റ്,  സ്പോർട്ട് വേരിയന്റായ  സ്‌പോർട് ലൈൻ എന്നീ രണ്ടു വേരിയന്റുകളിലാണ് ഈ വാഹനം  എത്തുക. 

 ബി എസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എൻജിൻ ആണ് ഇത്തവണ സൂപ്പർബിനു  കരുത്തേകുന്നത്. 190 ബിഎച്ച്പി കരുത്തും 320 ന്യൂട്ടൺ മീറ്റർ ടോർക്കും ഈ വാഹനം ഉൽപാദിപ്പിക്കും. സെവൻ സ്പീഡ് ഡി എസ് ജി ഓട്ടോമാറ്റിക് ഗിയർ ബോക്സ് ആണ് ഈ വാഹനത്തിന് നൽകിയിരിക്കുന്നത്. നിലവിൽ നിരത്തിലുള്ള പെട്രോൾ എൻജിൻ മോഡൽ സൂപ്പർബിനേക്കാൾ പുതിയ മോഡലിന് കുറച്ചുകൂടി വില കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോറൻ ആൻഡ് ക്ലമന്റ്  വേരിയന്റിന് ലാവ ബ്ലൂ,  മൂൺ വൈറ്റ്, ബിസിനസ് ഗ്രേ,  മാജിക് ബ്ലാക്ക്, മാഗ്നെറ്റിക് ബ്രൗൺ എന്നീ നിറങ്ങളിലും റൈസ് ബ്ലൂ,  മൂൺ വൈറ്റ്,  സ്റ്റീൽ ഗ്രേ എന്നീ മൂന്നു നിറങ്ങളിൽ  സ്പോർട്ലൈൻ വേരിയന്റും  ലഭിക്കും. 

പുതിയ മോഡൽ സൂപ്പർബിന്റെ മുൻഭാഗത്ത് പുതുക്കിയ ഡിസൈൻ രീതിയിലുള്ള ബംബറും ഹെഡ്ലൈറ്റും  നൽകിയിട്ടുണ്ട്. പിന്നിലെ എൽഇഡി ടയിൽ  ലാമ്പുകൾക്കിടയിൽ ക്രോംഗാർണിഷ്  നൽകിയിട്ടുണ്ട്. പുതിയ സൂപ്പർബിന്റെ ഉൾഭാഗത്ത് പുതുക്കിയ രീതിയിലുള്ള ടച്ച്സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്ഫോൺ ചാർജിങ്, വിർച്വൽ കോക്ക്പിറ്റ് രീതിയിലുള്ള ഇൻസ്ട്രുമെൻഡ് ക്ലസ്റ്റർ മുതലായവയും നൽകിയിരിക്കുന്നു. 

സൂപ്പർബിന്റെ  സ്പോർട്ലൈൻ വേരിയന്റിൽ  കറുപ്പ് നിറത്തിൽ ഗ്രില്ല്, മിററുകൾ,  റൂഫ്,  പ്രത്യേക ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവയും നൽകിയിരിക്കുന്നു. സ്പോർട്ട്‌ലൈൻ വേരിയന്റിന്റെ  ഉൾഭാഗവും കറുപ്പ് അണിഞ്ഞിരിക്കുന്നു. ഇതിന്റെ കൂടെ ചുവന്ന നിറത്തിലുള്ള കോൺട്രാസ്റ്റ് സ്റ്റിച്ചിങ് ഇന്‍റീരിയറിന് ഒരു സ്പോർട്ടിയർ ഫീൽ നല്‍കുന്നു.