ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ സ്കോഡ-ഫോക്സ്‌വാഗൺ, മെഴ്‌സിഡസ് തുടങ്ങിയ കമ്പനികൾ പദ്ധതിയിടുന്നു. മെയ്ക്ക്-ഇൻ-ഇന്ത്യ പദ്ധതി പ്രകാരം വലിയ നിക്ഷേപം നടത്താനും സർക്കാർ ഇളവുകൾ നൽകാനും തയ്യാറാണ്.

ന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ സ്കോഡ-ഫോക്സ്‌വാഗൺ, മെഴ്‌സിഡസ് തുടങ്ങിയ വൻകിട കാർ നിർമ്മാതാക്കൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. അവരുടെ മെയ്ക്ക്-ഇൻ-ഇന്ത്യ പദ്ധതി പ്രകാരം, ഈ മൂന്ന് കമ്പനികളും വലിയ നിക്ഷേപം നടത്താൻ തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ ഇലക്ട്രിക് പാസഞ്ചർ കാറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി, ഘന വ്യവസായ മന്ത്രാലയം ഈ കമ്പനികൾക്ക് ഇളവുകൾ നൽകും.

ഇലക്ട്രിക് വാഹനങ്ങളിൽ (ഇവി) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പാസഞ്ചർ കാറുകളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഊന്നൽ നൽകുന്ന സമയത്താണ് ഈ കമ്പനികളുടെ ഈ നീക്കം. ഇതിനായി അടുത്തിടെ സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്ത്യയിൽ ഇലക്ട്രിക് പാസഞ്ചർ കാറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി (SPMEPCI) പ്രകാരം ഘന വ്യവസായ മന്ത്രാലയം (MHI) ഇളവുകൾ നൽകും.

പദ്ധതി പ്രകാരം ആഗോള കാർ നിർമ്മാതാക്കളെ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി, അംഗീകൃത അപേക്ഷകർക്ക് അപേക്ഷിച്ച തീയതി മുതൽ 5 വർഷത്തേക്ക് 15 ശതമാനം കുറഞ്ഞ കസ്റ്റംസ് തീരുവയിൽ കംപ്ലീറ്റ് ബിൽറ്റ് യൂണിറ്റ് (CBU) വഴി കുറഞ്ഞത് 35,000 ഡോളർ സിഐഎഫ് മൂല്യമുള്ള ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കും. ഈ പദ്ധതിയുടെ നിയമങ്ങൾ അനുസരിച്ച്, അപേക്ഷകർ കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ട്.

വാഹന നിർമ്മാതാക്കൾക്കുള്ള ആപ്ലിക്കേഷൻ വിൻഡോ 120 ദിവസമോ അതിൽ കൂടുതലോ തുറന്നിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആവശ്യാനുസരണം അപേക്ഷാ വിൻഡോ 2026 മാർച്ച് 15 വരെ നീട്ടാൻ ഘന വ്യവസായ മന്ത്രാലയത്തിന് അധികാരമുണ്ട്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ആഭ്യന്തര കമ്പനികൾ പ്രാദേശിക ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. നിക്ഷേപം തുടരുകയും ചെയ്യും.

ഇന്ത്യയെ ഇലക്ട്രിക് കാറുകളുടെ ഒരു നിർമ്മാണ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് അനുസൃതമായി ഈ പുതിയ പദ്ധതി സർക്കാർ ആവിഷ്‍കരിച്ചിരിക്കുന്നത്. അതേസമയം സ്കോഡ-ഫോക്സ്‌വാഗൺ, മെഴ്‌സിഡസ് തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ പദ്ധതിയിടുമ്പോൾ, എലോൺ മസ്‌കിന്റെ അമേരിക്കൻ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ നിർമ്മാണ പ്ലാന്റിനെക്കുറിച്ച് ചില വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ ദിവസം കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്‌ഡി കുമാരസ്വാമി ടെസ്‌ല ഷോറൂമുകൾ മാത്രമേ ആരംഭിക്കാൻ പോകുന്നുള്ളൂവെന്ന് പറഞ്ഞിരുന്നു.