ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാക്ടറായ ടൈഗര്‍ അവതരിപ്പിച്ച് മുന്‍നിര ട്രാക്ടര്‍ നിര്‍മാതാക്കളായ സോനാലിക. ഇ-ട്രാക്ടറിന്റെ ഇന്ത്യയിലെ പ്രാഥമിക വില 5.99 ലക്ഷം രൂപയാണെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു . ട്രാക്ടറിനായുള്ള ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. 

യൂറോപ്പില്‍ ഡിസൈന്‍ ചെയ്‍ത് ഇന്ത്യയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ടൈഗര്‍ ഇലക്ട്രിക് ട്രാക്ടര്‍ വിപണിയില്‍ എത്തുന്നത്. ടൈഗര്‍ ട്രാക്ടറില്‍ സോനാലിക വികസിപ്പിച്ച 25.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 10 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡീസല്‍ ട്രാക്ടറിന്റെ നാലില്‍ ഒന്ന് മാത്രമായിരിക്കും ഇലക്ട്രിക് ട്രാക്ടറിന്റെ പ്രവര്‍ത്തന ചെലവെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഇതിലെ ഇലക്ട്രിക് മോട്ടോര്‍ പൂര്‍ണ സമയവും 100 ശതമാനം ടോര്‍ക്ക് ഉറപ്പാക്കുമെന്നാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ നിർമിച്ച ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിലുള്ളത്. സീറോ മെയിന്റനന്‍സ് കോസ്റ്റും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.