വിവാഹ നിശ്ചയം കഴിഞ്ഞയുടൻ അൾട്ടോ കാർ വാങ്ങി നൽകാമെന്ന്‌ ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബൊലേനോ തന്നെ വേണമെന്ന്‌ സൂരജ്‌ വാശിപിടിക്കുകയായിരുന്നു.  

ഉത്രയെ വധിക്കാന്‍ പാമ്പിനെ സൂരജ്‌ വീട്ടിൽക്കൊണ്ടുവന്നത്‌ ഉത്രയുടെ കുടുംബം നല്‍കിയ ബൊലേനോ കാറിൽ എന്ന് റിപ്പോര്‍ട്ട്. വിവാഹ സമ്മാനമായി ഉത്രയുടെ വീട്ടുകാര്‍ നല്‍കിയ കാറാണ് ഇതിനായി ഉപയോഗിച്ചത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ഉത്രയുടെ മരണശേഷം ഏറത്തെ വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന ഈ കാര്‍ കഴിഞ്ഞ ദിവസം വിരലടയാള വിദഗ്‌ധർ പരിശോധിച്ചിരുന്നു. ഇതിനു‌ പിന്നാലെ വാഹനം അന്വേഷകസംഘം കസ്റ്റഡിയിലുമെടുത്തു. സൂരജിന്റെ ഡ്രൈവിങ്‌ ലൈസൻസ്, കാറിന്റെ ആർസി ബുക്ക്, ഇൻഷുറൻസ് പേപ്പർ എന്നിവയും കണ്ടെടുത്തു.

വിവാഹ നിശ്ചയം കഴിഞ്ഞയുടൻ അൾട്ടോ കാർ വാങ്ങി നൽകാമെന്ന്‌ ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബൊലേനോ തന്നെ വേണമെന്ന്‌ സൂരജ്‌ വാശിപിടിക്കുകയായിരുന്നു. അങ്ങനെയാണ് ഉത്രയുടെ പേരില്‍ ബലേനോ കാർ വാങ്ങിക്കൊടുക്കുന്നത്. ഉത്രയക്ക് ഡ്രൈവിംഗ്‌ അറിയാത്തതിനാൽ സൂരജ്‌ തന്നെയാണ്‌ വാഹനം ഉപയോഗിച്ചിരുന്നത്‌. 

കഴിഞ്ഞ ആറിനു രാത്രിയാണ്‌ ഈ ചുവന്ന ബൊലേനോയിൽ പാമ്പിനെ പ്ലാസ്റ്റിക്‌ ജാറിലാക്കി സൂരജ് ഉത്രയുടെ വീട്ടില്‍ കൊണ്ടുവന്നത്‌. ഏഴാം തീയ്യതി രാവിലെ ഇതേ കാറില്‍ തന്നെയാണ്‌ ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോയതും. പാമ്പ് കടിയേറ്റ് കട്ടില്‍ കിടന്നിരുന്ന ഉത്രയെ സൂരജും ഉത്രയുടെ മാതാപിതാക്കളും സഹോദരനും ചേർന്ന്‌ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ ഈ സമയം കാറോടിക്കാൻ തനിക്കാകില്ലെന്നു‌ പറഞ്ഞ്‌ സൂരജ്‌ ഒഴിഞ്ഞുമാറിയിരുന്നു. തുടര്‍ന്ന് ഉത്രയുടെ സഹോദരൻ വിഷുവാണ്‌ വാഹനം ഓടിച്ചത്‌.

സൂരജിന്‍റെ ഡ്രൈവിങ്‌ ലൈസൻസിനും കാറിന്‍റെ ആർസി ബുക്കിനും ഇൻഷുറൻസ് പേപ്പറിനും ഒപ്പം ഉത്രയ്ക്ക് നല്‍കിയ ടാബ് ലറ്റിന്റെ സ്ട്രിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പത്ത് ടാബ് ലറ്റിന്റെ സ്ട്രിപ്പിൽ എട്ടെണ്ണം ഉപയോഗിച്ച നിലയിലാണ്‌. ഈ ടാബ‍്ലെറ്റ് വാങ്ങിയ മെഡിക്കല്‍ സ്റ്റോറിലും പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. പാമ്പിനെ കൊണ്ടുവന്ന ബാഗ്, പ്ലാസ്റ്റിക് കുപ്പി എന്നിവ നേരത്തെ കണ്ടെത്തിയിരുന്നു. ഉത്ര പാമ്പുകടിയേറ്റു കിടന്ന കട്ടിലിലെ ബെഡ് ഷീറ്റ്, പാമ്പിനെ അടിച്ചുകൊന്ന വടി എന്നിവ തെളിവായി ശേഖരിച്ചു.