ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ മാക്‌സിസ്കൂട്ടർ മോഡലായ  ബര്‍ഗ്മാന്‍ സ്ട്രീറ്റിന്‍റെ ബിഎസ് 6 പാലിക്കുന്ന പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 77,900 രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 6,900 രൂപ കൂടുതല്‍ ആണിത്. 

ബിഎസ് 6 എന്‍ജിനൊപ്പം കാർബുറേറ്ററിന് പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് ബർഗ്മാൻ സ്ട്രീറ്റിലെ 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിൽ സുസുക്കി പരിഷ്‍കരിച്ചത്. 

124 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഇപ്പോള്‍ 6,750 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 എന്‍ജിന്‍ 7,000 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്. സുസുകിയുടെ ‘ഈസി സ്റ്റാര്‍ട്ട് സിസ്റ്റം’ സഹിതം എന്‍ജിന്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ പുതിയ ഫീച്ചറാണ്. സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് സ്റ്റാര്‍ട്ടര്‍ ബട്ടണില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ മാത്രം മതി.

നിലവിലെ കളര്‍ സ്‌കീമുകള്‍ കൂടാതെ പുതുതായി ‘മെറ്റാലിക് മാറ്റ് ബോര്‍ഡോ റെഡ്’ കളര്‍ സ്‌കീമിലും പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് ലഭിക്കും.വലിപ്പം കൂടിയ വിൻഡ്‌സ്ക്രീൻ, എൽഇഡി ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന വീതിയേറിയ ഏപ്രോൺ, വലിപ്പമേറിയ സെറ്റ് എന്നിങ്ങനെ ബർഗ്മാൻ സ്ട്രീറ്റ് മോഡലിന്റെ പതിവ് പ്രത്യേകതകളോടെയാണ് വാഹനം എത്തുന്നത്. 12 ഇഞ്ച് മുൻ ചക്രവും, 10 ഇഞ്ച് പിൻ ചക്രവുമാണ് ബർഗ്മാൻ സ്ട്രീറ്റിന്. ടെലിസ്‌കോപ്പിക് മുൻ ഫോർക്കുകളും മോണോഷോക്ക് പിൻ സസ്പെൻഷനുമാണ്. കോമ്പി ബ്രെയ്ക്ക് സിസ്റ്റത്തോടൊപ്പം പ്രവർത്തിക്കുന്ന മുന്നിൽ ഡിസ്‌കും, പുറകിൽ ഡ്രം ബ്രെയ്ക്കുമാണ് നല്‍കിയിരിക്കുന്നത്. 

സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ചതായി ബൈക്ക് കമ്പനി അറിയിച്ചു.