ജനപ്രിയ മോട്ടോർസൈക്കിളുകളായ ജിക്സർ, ജിക്സർ SF എന്നിവയുടെ ബിഎസ്6 പതിപ്പുകളെ വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി. പുത്തൻ ജിക്‌സർ മോഡലിന് 1,11,871 രൂപയും, ഫെയേഡ് മോഡൽ ആയ ജിക്‌സർ എസ്എഫിന് Rs 1,21,871 രൂപയുമാണ് എക്‌സ്-ഷോറൂം വില. 

ലോക മോട്ടോ ജിപി ബൈക്ക് റേസിംഗ് ചാമ്പ്യൻഷിപ്പിൽ സുസുക്കിയുടെ ടീമിന്റെ നിറങ്ങളും ഗ്രാഫിക്സും ചേർത്തൊരുക്കിയ ജിക്‌സർ എസ്എഫ് മോട്ടോ ജിപി എഡിഷന് Rs 1,22,900 എക്‌സ്-ഷോറൂം വില. ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലിനുകളെക്കാൾ ഏകദേശം 12,000 രൂപ വരെ പുത്തൻ മോഡലുകൾക്ക് വില വർദ്ധിച്ചു. വിപണിയിലെ മറ്റ് എതിരാളി മോഡലുകളായ ബിഎസ്-VI യമഹ FZ (99,200 രൂപ പ്രാരംഭ വില) ടിവിഎസ് അപ്പാച്ചെ RTR 160 4V (1 ലക്ഷം രൂപ) തുടങ്ങിയ മോഡലുകളേക്കാൾ വില കൂടുതലാണ് പുതിയ നിയമങ്ങൾക്ക് അനുസൃതമാക്കി നവീകരിച്ച ജിക്സെർ മോഡലുകൾക്ക്.

155 സിസി സിംഗിൾ-സിലിണ്ടർ എയർ കൂൾഡ്, ഫ്യുവൽ ഇൻഞ്ചക്ഷൻ എൻജിനാണ് ജിക്സറിന്റെ ഹൃദയം. 8000 ആർപിഎമ്മിൽ 13.4 ബിഎച്ച്പി പവറും, 13.8 എൻഎം ടോർക്കുമാണ് ബിഎസ്6 പരിഷ്‌ക്കാരങ്ങൾക്ക് ശേഷം ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലുകളെക്കാൾ 1.2 ബിഎച്പി പവറും 0.2 എൻഎം ടോർക്കും കുറവാണ് പുത്തൻ മോഡലിന്. 5-സ്പീഡ് ട്രാൻസ്മിഷൻ മാറ്റമില്ലാതെ തുടരുന്നു.

കഴിഞ്ഞ വർഷമാണ് ജിക്‌സെർ ശ്രേണിയെ പരിഷ്കരിച്ചു പുറത്തിയിറക്കിയത്. അതുകൊണ്ടുതന്നെ ഡിസൈനിലോ ഫീച്ചറുകളിലോ പുത്തൻ മോഡലിൽ മാഠങ്ങൾ ഒന്നും തന്നെയില്ല. കൂടുതൽ ഷാർപ്പായ ഡിസൈൻ, എൽഇഡി ഹെഡ്‍ലാംപും ടെയിൽലാമ്പും, രണ്ടായി ഭാഗിച്ച സീറ്റ്, ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പോർട്ടിയാണെങ്കിലും ഒതുക്കമുള്ള ഡിസൈൻ എന്നിവ പുതിയ ജിക്‌സെറിനെ ആകർഷകമാക്കുന്നു. അതെ സമയം കൂടുതൽ സ്‌പോർട്ടി ഫെയറിങ്ങും ആയാണ് ജിക്‌സർ എസ്എഫ് വിപണിയിലുള്ളത്. ടെലിസ്കോപിക് മുൻ സസ്പെൻഷനുകളും മോണോ പിൻ സസ്പെൻഷനുകളുമാണ് രണ്ടു ബൈക്കുകളിലും. ജിക്‌സർ ശ്രേണിയിലെ എല്ലാ മോഡലുകൾക്കും മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ്. സിംഗിൾ ചാനൽ എബിഎസ്സും സുരക്ഷയുടെ ഭാഗമായി രണ്ടു ബൈക്കുകളിലുമുണ്ട്.

ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് സോണിക് സിൽവർ/ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് ട്രൈറ്റൻ ബ്ലൂ/ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നെ മൂന്ന് നിറങ്ങളിലാണ് സുസുക്കി ജിക്‌സർ വിപണിയിലുള്ളത്. അതെ സമയം മെറ്റാലിക് സോണിക് സിൽവർ/ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ജിക്‌സർ എസ്എഫ് വിപണിയിലുള്ളത്.

ബിഎസ്6 മലിനീകരണ മാനദണ്ഡം നിലവിൽ വരുന്നതിനു മുന്നോടിയായി വാഹനത്തെ വിപണിയിൽ എത്തിക്കാൻ തങ്ങൾക്ക് സാധിച്ചതിൽ അഭിമാനമുണ്ടെന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കൊയിചിരോ ഹിറാവു പറഞ്ഞു.