ജിപ്‍സിയുടെ സഹോദരന്‍ ജിംനിയെ ഇന്ത്യന്‍ വാഹന ലോകം ഏറെ നാളായി കാത്തിരിക്കുന്നു. ത്രീ ഡോര്‍ എസ്‍യുവിയെയാണ് വാഹന ലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മൂന്നു ഡോറിനു പകരം വീൽ ബേസ് കൂടുതലുള്ള അഞ്ച് ഡോർ അഥവാ രണ്ടാം നിര സീറ്റുള്ള ജിംനി സിയറ മോഡൽ ആയിരിക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക എന്നാണ് പുതിയ റിപ്പോർട്ടുകള്‍. നിർമ്മാണം പുരോഗമിക്കുന്ന അഞ്ച് ഡോർ ജിംനി ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് കൂടുതൽ പ്രായോഗിക മാറ്റങ്ങൾ വരുത്തിയാവും വില്പനക്കെത്തുക. അതെ സമയം, 3 ജിംനിയും ഗുജറാത്തിലുള്ള സുസുക്കി പ്ലാന്റിൽ നിർമ്മിക്കും. ഇത് പക്ഷെ പൂർണമായും വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ മാത്രമായിരിക്കും.

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.

അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. എന്നാല്‍ 2018ല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായാട്ടാണ് പുറത്തിറങ്ങിയത്. 660 സിസി മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്ന ജിംനി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുമെത്തുന്നുണ്ട്.

2018-ലാണ് ആഗോള വിപണിയിൽ സുസുക്കി നാലാം തലമുറ ജിപ്സിയെ ജിംനിയായി അവതരിപ്പിച്ചത്. ജാപ്പനീസ് ലാളിത്യം വിളിച്ചോതുന്നതാണ് ജിംനിയുടെ എക്സ്റ്റീരിയർ ഇന്റീരിയർ ഡിസൈൻ. പരമ്പരാഗത എസ്‌യുവി സങ്കല്പങ്ങൾക്ക് യോജിക്കും വിധം ബോക്‌സി ഡിസൈൻ ആണ് ജിംനിയ്ക്ക്. പുറകിലെ ഡോറിൽ ക്രമീകരിച്ചിരിക്കുന്ന സ്പെയർ വീൽ, കറുപ്പ് നിറത്തിലുള്ള അഞ്ച്-സ്ലാട്ട് മുൻ ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, സൈഡ് ക്ലാഡിങ്ങുകൾ എന്നിവയും എസ്‌യുവി ഭാഷ്യം ഊട്ടിയുറപ്പിക്കുന്നു. പിൻ ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്ന ടെയിൽ ലാംപ് ക്ലസ്റ്റർ, ഡ്യുവൽ ടോൺ എക്സ്റ്റീരിയർ എന്നിവയും ജിംനിയുടെ ക്ലാസിക് ഭംഗി വർദ്ധിപ്പിക്കുന്നു. ഇന്റീരിയറും ലളിതമാണ് . അതെ സമയം എം‌ഐ‌ഡി (മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ), വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ടോഗിൾ സ്വിച്ചുകൾ എന്നിവയുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ ജിംനിയുടെ ഇന്റീരിയറിൽ ഇടം പിടിച്ചിട്ടുണ്ട്.

പുത്തൻ വിറ്റാര ബ്രെസയെയും ചലിപ്പിക്കുന്ന 1.5 ലിറ്റർ കെ15ബി പെട്രോൾ എഞ്ചിനായിരിക്കും ജിംനിയിലും. 5000 അർപിഎമ്മിൽ 103 ബിഎച്ച്പി പവറും 4400 അർപിഎമ്മിൽ 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ കെ-സീരീസ് പെട്രോൾ എൻജിൻ 5-സ്പീഡ് മാന്വൽ ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുക. ലോ-റേഞ്ച് ട്രാൻസ്ഫർ ഗിയറുകളുള്ള പാർട്ട്-ടൈം 4WD സിസ്റ്റവും ജിംനിയിലുണ്ടാവും.

സുരക്ഷയുടെ കാര്യത്തിൽ ജിംനിക്ക് രണ്ട് എസ്ആർ‌എസ് എയർബാഗുകൾ, എബി‌എസ് വിത്ത് സ്റ്റെബിലിറ്റി കൺട്രോൾ പ്രോഗ്രാം എന്നിവ ലഭിക്കുന്നു. കൂടാതെ സുസുക്കി സേഫ്റ്റി സപ്പോർട്ട്' എന്നറിയപ്പെടുന്ന പുതിയ സുരക്ഷാ സ്യൂട്ടും കമ്പനി വാഹനത്തിൽ അടുത്തിടെ അവതരിപ്പിച്ചിരുന്നു. കൂട്ടിയിടിക്ക് മുമ്പ് മുന്നറിയിപ്പ് നൽകാൻ ഡ്രൈവറിന് വിഷ്വൽ, ഓഡിയോ എയ്ഡുകൾ സിസ്റ്റം നൽകുന്നു.

ഡ്രൈവറിൽ നിന്ന് മതിയായ പ്രതികരണമില്ലെങ്കിൽ കൂട്ടിയിടി ഒഴിവാക്കാൻ സിസ്റ്റം ബ്രേക്കിംഗ് ഫോഴ്സും വർധിപ്പിക്കുന്നു. കൂടാതെ ലെയ്ൻ-പുറപ്പെടൽ മുന്നറിയിപ്പുകൾ, വേവിങ് അലേർട്ട് ഫംഗ്ഷൻ, ഉയർന്ന ബീം അസിസ്റ്റ് തുടങ്ങിയവയും ലഭിക്കുന്നു.

മാരുതി സുസുക്കിയുടെ പ്രീമിയം കാറുകൾ വിൽക്കുന്ന നെക്‌സ ശ്രേണി വഴിയാകും ജിംനി വില്പനക്കെത്തുക. അതുകൊണ്ട് തന്നെ ഏകദേശം 10 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കാം. ഫോഴ്സ് ഗൂർഖ, മഹീന്ദ്ര താർ തുടങ്ങിയവരാണ് ജിംനിയുടെ എതിരാളികൾ.