ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി GSX-R1000R സൂപ്പർ മോട്ടോർസൈക്കിളിന്റെ ലെജൻഡ് എഡിഷൻ അവതരിപ്പിച്ചു. 2021 മോട്ടോജിപി ചാമ്പ്യൻ‌ഷിപ്പ് വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബൈക്കിന്‍റെ അവതരണമെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 999 സിസി ഇൻലൈൻ-നാല് ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 13,200 rpm-ൽ പരമാവധി 197 bhp കരുത്തും 10,800 rpm-ൽ 117 Nm ടോർക്കും ഉത്പാദിപ്പിക്കും.

എഞ്ചിൻ മെച്ചപ്പെടുത്തിയിരിക്കുന്നത് യമഹ R15 V3 ലെ VVA സിസ്റ്റത്തിന് സമാനമായ സുസുക്കി റേസിംഗ് വേരിയബിൾ വാൽവ് ടൈമിംഗ് (SR-VVT) ആണ്. ഇത് GSX-R1000R മോഡലിനെ ലോ-എൻഡ് ഗ്രന്റ്, ടോപ്പ് എൻഡ് ഡ്രൈവ് എന്നിവയുടെ നല്ല ബാലൻസ് നിലനിർത്താൻ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നതായാണ് റിപ്പോർട്ടുകള്‍.

മോട്ടോജിപി ചാമ്പ്യൻഷിപ്പ് നേടിയ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഏഴ് കളർ ഓപ്ഷനിലാണ് സുസുക്കിസൂപ്പർ ബൈക്ക് എത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. GSX-R1000R ലെജൻഡ് എഡിഷൻ മോഡലുകളിൽ ഉടനീളം അക്രപോവിക് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കുന്നു. ഒരു പില്യൻ സീറ്റ് കൗളും ബൈക്കിലുണ്ട്. ലെജന്റ് എഡിഷന് കൂടുതൽ സ്‌പോർട്ടിയർ ലുക്ക് ഇത് സമ്മാനിക്കും.

ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളിന് ഒരു മസ്കുലർ ഡിസൈനാണ് ഉള്ളത്. പൂർണ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രമീകരിക്കാവുന്ന സസ്പെൻഷൻ സജ്ജീകരണം, സമഗ്രമായ റൈഡർ-എയ്ഡ് പാക്കേജ് ബൈക്കിലുണ്ട്. എന്നാൽ, സുസുക്കി GSX-R1000R ലെജന്റ് എഡിഷൻ ഇന്ത്യൻ വിപണിയിൽ ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.