ലോക്ക്ഡൗണ്‍ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുന്നവര്‍ക്ക് പുതിയ ശിക്ഷയുമായി തമിഴ്‌നാട് പൊലീസ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പെയിന്‍റ് അടിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

ആദ്യഘട്ടത്തില്‍ പെയിന്റടിച്ച് വിട്ടയക്കുന്ന വാഹനങ്ങള്‍ വീണ്ടും പൊലീസിന്റെ മുന്നില്‍പ്പെട്ടാല്‍ പിന്നെ കടുത്ത ശിക്ഷ നല്‍കാനാണ് നീക്കം. ഇതിനായി ലോക്ക്ഡൗണ്‍ കാലത്ത് നിരത്തിലിറങ്ങുന്ന വാഹനത്തിന്റെ മുന്നിലും പിന്നിലും മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിക്കാനാണ് പോലീസ് തീരുമാനം. പെയിന്റ് അടിച്ചിട്ടുള്ള വാഹനം അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ വീണ്ടും പോലീസിന്റെ കൈയില്‍പെട്ടാല്‍ പിന്നെ കനത്ത നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. 

അഞ്ച് ദിവസത്തിന് മുമ്പ് ഇത്തരം വാഹനങ്ങൾ കണ്ടാൽ ഉടമകൾക്കെതിരെ കേസെടുക്കുകയും പോലീസ് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് ഈ വാഹനം വിട്ടുകിട്ടാന്‍ വാഹന ഉടമ മാസങ്ങളോളം കാത്തിരിക്കേണ്ടിവരും. 

പൊലീസിന്‍റെ പദ്ധതി പ്രാവര്‍ത്തികമാകണം എങ്കില്‍ പല നിറത്തിലുള്ള പെയിന്റുകള്‍ ഉപയോഗിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ദിവസത്തിനും ഓരോ നിറങ്ങള്‍ എന്ന രീതിയില്‍ നല്‍കിയാല്‍ മാത്രമേ അഞ്ച് ദിവസത്തിന് ശേഷമാണോ ഈ വാഹനം പുറത്തിറങ്ങിയതെന്ന് മനസിലാക്കാന്‍ സാധിക്കു. അതുകൊണ്ട് ഏഴ് ദിവസങ്ങളില്‍ വ്യത്യസ്‍ത നിറങ്ങള്‍ ഉപയോഗിക്കേണ്ടി വരും.