ടാറ്റ അടുത്തിടെ അവതരിപ്പിച്ച ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലാണ് അള്‍ട്രോസ്. 2020 ജനുവരിയിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ അള്‍ട്രോസിന്റെ ഡീസൽ വേരിയന്റുകളുടെ വില കുറച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‍സ്. ഡീസൽ വേരിയന്റുകളുടെ വില 40,000 രൂപ വരെ കുറഞ്ഞിട്ടുണ്ട് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വില കുറഞ്ഞ കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും വെബ്‌സൈറ്റിൽ ഇപ്പോൾ പുതിയ വിലകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം അടിസ്ഥാന വേരിയന്റുകളായ XE, XE റിഥം പതിപ്പുകളുടെ വില കുറച്ചിട്ടില്ല. ഈ വേരിയന്റുകളുടെ എക്‌സ്-ഷോറൂം വില മാറ്റമില്ലാതെ യഥാക്രമം 6.99 ലക്ഷത്തിലും 7.27 ലക്ഷത്തിലും തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.  കഴിഞ്ഞ മാസമാണ് ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ വില ടാറ്റ മോട്ടോർസ് വർദ്ധിപ്പിച്ചത്. ഓരോ വേരിയന്റുകൾക്കും ഏകദേശം 15,000 രൂപയോളം ഓഗസ്റ്റിൽ വിലകൂട്ടിയിരുന്നു. 


45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.   'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.  

ഇംപാക്റ്റ് ഡിസൈൻ 2.0 ഭാഷയിൽ രൂപകൽപ്പന ചെയ്ത രണ്ടാമത്തെ വാഹനമായ  അള്‍ട്രോസ്, പുതിയ ആൽ‌ഫ ആർക്കിടെക്ച്ചറിൽ  ആദ്യമായി വികസിപ്പിച്ചെടുത്ത വാഹനം കൂടിയാണ്.  നിലവില്‍ XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍. വൈകാതെ അല്‍ട്രോസില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.