ടാറ്റ മോട്ടോഴ്‍സിന്‍റെ 51 വിങ്ങർ ആംബുലൻസുകൾ വാങ്ങി പുനെ. കൊവിഡ് 19 രോഗികൾക്ക് ആശ്വാസമെത്തിക്കാനായി വാങ്ങിയ ഈ വാഹനങ്ങള്‍  ജില്ലാ പരിഷദിനു കൈമാറി. പുണെ ജില്ലയിലെ ഗ്രാമങ്ങളിൽ കോവിഡ് 19 ബാധിതർക്കു വൈദ്യ സഹായമെത്തിക്കാൻ ലക്ഷ്യമിട്ടു വാങ്ങിയ ആംബുലൻസുകൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്.

ആംബുലൻസുകൾക്കായി പുണെ ജില്ലാ പരിഷദ് നൽകിയ ഓർഡറിൽ ആദ്യ ബാച്ചിൽപെട്ട വിങ്ങർ ആംബുലന്‍സ് വാനുകളാണു ടാറ്റ മോട്ടോഴ്‍സ് ഇപ്പോൾ കൈമാറിയത്. എ ഐ എസ് 125 ഭാഗം ഒന്ന് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതും രോഗികളുടെ യാത്രയ്ക്ക് ഉപകരിക്കുന്നതും ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള എൻജിൻ ഘടിപ്പിച്ചതുമായ ആംബുലൻസുകളാണ് കേന്ദ്ര സർക്കാരിന്റെ ഇ മാർക്കറ്റ്പ്ലേസ് സംവിധാനത്തിലൂടെ പുണെ ജില്ലാ പരിഷദ് ടാറ്റ മോട്ടോഴ്സിൽ നിന്നു വാങ്ങുന്നത്. ഡ്രൈവറുടെ കാബിൻ വേർതിരിച്ച നിലയിലുള്ള ആംബുലൻസുകളാണു പുണെ ജില്ലാ പരിഷദിനു കൈമാറിയതെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

പുതിയ കോഡ് പ്രകാരം ടൈപ് ബി വിഭാഗം ആംബുലൻസുകൾ രോഗികളെ ആശുപത്രിയിലെത്തിക്കാൻ മാത്രം ഉപയോഗിക്കാനുള്ളതാണ്. അതേസമയം ടൈപ് സി അഥവാ ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ രോഗികളെ നിരീക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗികളുടെ യാത്രയ്ക്കായി തീവ്രപരിചരണ സൗകര്യത്തോടെ രൂപകൽപ്പന ചെയ്യുന്ന ആംബുലൻസുകളാണ് ടൈപ് ഡി അഥവാ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് വിഭാഗത്തിൽപെടുന്നത്. ഡീഫിബ്രില്ലേറ്റർ, ട്രാൻസ്പോർട്ട് വെന്റിലേറ്റർ, ബ്ലഡ് പ്രഷർ അപ്പാരട്ടസ്, സ്കൂപ് സ്ടെച്ചർ, സ്പൈൻ ബോർഡ് തുടങ്ങി സർവസന്നാഹവുമായാണ് ഐ സി യു ആംബുലൻസ് എന്നു വിളിപ്പേരുള്ള ഗ്രൂപ് ഡി ആംബുലൻസുകള്‍ എത്തുന്നത്.

വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപകരിക്കുന്നതും വൈവിധ്യപൂർണവുമായ പ്ലാറ്റ്ഫോമാണു വിങ്ങറിന്റേതെന്ന് ടാറ്റ മോട്ടോഴ്സ് എസ് സി വി വിഭാഗം വൈസ് പ്രസിഡന്റ്(പ്രോഡക്ട് ലൈൻ) വിനയ് പഥക് അഭിപ്രായപ്പെട്ടു. രാജ്യത്തു ലഭ്യമായ ഏറ്റവും വിജയകരമായ ആംബുലൻസ് പ്ലാറ്റ്ഫോമിലൊന്നാണു വിങ്ങർ എന്നും അദ്ദേഹം പറഞ്ഞു. ബി എസ് ആറ് എൻജിനോടെ എത്തുന്ന വിങ്ങർ രോഗികളുടെ യാത്രയ്ക്ക് തികച്ചും അനുയോജ്യമായ ആംബുലൻസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാറ്റ മോട്ടോഴ്‌സ് 2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച പുതിയ വിങ്ങറിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ആംബുലന്‍സാണ് ഇത്. 2.2 ലിറ്റര്‍ ഡൈകോര്‍ എന്‍ജിനാണ് വിങ്ങറിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 98 പിഎസ് പവറും 200 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. രോഗികളുടെയും മറ്റും സുഖയാത്ര ഉറപ്പാക്കുന്നതിനായി മുകച്ച സസ്‌പെന്‍ഷന്‍ സംവിധാനമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.

മഹാരാഷ്‍ട്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ടാറ്റ മോട്ടോഴ്‌സ് നേരത്തെയും ആംബുലന്‍സുകള്‍ നല്‍കിയിരുന്നു. ബൃഹദ്‌ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്(ബി.എം.സി.) ടാറ്റയുടെ പുതിയ 20 വിങ്ങര്‍ ആംബുലന്‍സുകള്‍ 2020 ജൂലൈയിലാണ് നല്‍കിയത്.