ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഫ്ലീറ്റ് കേന്ദ്രീകൃത എക്സ്പ്രസ് ശ്രേണിയിലേക്ക് പെട്രോൾ, ട്വിൻ–സിലിണ്ടർ സി.എൻ.ജി വേരിയന്റുകൾ അവതരിപ്പിച്ചു. കുറഞ്ഞ പരിപാലന ചെലവും, സെഗ്മെന്റിൽ ആദ്യമായുള്ള 70 ലിറ്റർ സി.എൻ.ജി ടാങ്കും, മികച്ച വാറന്റിയും 

ന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളിലൊന്നായ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ്, തങ്ങളുടെ ഫ്ലീറ്റ് കേന്ദ്രീകൃത എക്സ്പ്രസ് ശ്രേണി കൂടുതൽ വിപുലീകരിച്ചു. കമ്പനി പുതിയ പെട്രോൾ, ട്വിൻ–സിലിണ്ടർ സി.എൻ.ജി വേരിയന്റുകൾ അവതരിപ്പിച്ചു. ഇതോടെ ഇതിനകം മികച്ച സ്വീകരണം നേടിയ എക്സ്പ്രെസ്സ് ഇലക്ട്രിക് മോഡലിന് പുറമെ, കൂടുതൽ ഉപഭോക്തൃവിഭാഗങ്ങളിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യമിടുന്നത് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

എക്സ്‍പ്രസ് പെട്രോൾ വേരിയന്റിന് 5.59 ലക്ഷം രൂപ മുതലും സിഎൻജി വേരിയന്റിന് 6.59 ലക്ഷം രൂപ മുതലുമാണ് പ്രാരംഭ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഇന്ത്യയിൽ ഉടനീളമുള്ള അംഗീകൃത ഫ്ലീറ്റ് ഡീലർഷിപ്പുകളിൽ ബുക്കിംഗുകൾ ആരംഭിച്ചു. മൾട്ടി–പവർട്രെയിൻ ആശയത്തിന്റെ ഭാഗമായി, പ്രൊഫഷണൽ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് ഉയർന്ന പ്രവർത്തനക്ഷമതയും കുറഞ്ഞ ചെലവുമുള്ള ഗതാഗത പരിഹാരങ്ങൾ നൽകുക എന്നതാണ് ഈ നീക്കത്തിലൂടെ ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഫ്ലീറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രത്യേക ഡീലർഷിപ്പുകളിൽ ഫ്ലീറ്റ് ക്യാബുകൾക്കായി വിൽപ്പനക്കും സർവീസ് പിന്തുണക്കുമായി പ്രത്യേകം സൗകര്യപ്പെടുത്തിയിട്ടുണ്ട്.

ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് ആശ്വാസമായി എക്സ്പ്രെസ്സ് പെട്രോൾ, സി.എൻ.ജി വേരിയന്റുകൾക്ക് 3 വർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ വരെ സ്റ്റാൻഡേർഡ് വാറന്റി പ്രയോജനപ്പെടുത്താം. ഇത് അഞ്ച് വർഷം അല്ലെങ്കിൽ 1.8 ലക്ഷം കിലോമീറ്റർ വരെ നീട്ടാനുള്ള സൗകര്യവും ലഭ്യമാണ്. കിലോമീറ്ററിന് 0.47 രൂപ എന്ന കുറഞ്ഞ പരിപാലന ചെലവും, ഫ്ലീറ്റ് ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സാമ്പത്തിക പരിഹാരങ്ങളും എക്സ്പ്രസിനെ ഈ വിഭാഗത്തിലെ ഏറ്റവും ആകർഷകമായ ചോയിസ് ആക്കി മാറ്റുന്നു.

1.2 ലിറ്റർ റിവോട്ട്രോൺ എൻജിനോടെയാണ് എക്സ്പ്രെസ്സ് പെട്രോൾ, സി.എൻ.ജി വേരിയന്റുകൾ എത്തുന്നത്. മാനുവൽ ഗിയർബോക്‌സോടുകൂടിയ ഈ വാഹനങ്ങൾ ദീർഘകാല ഉപയോഗത്തിനും സ്ഥിരതയുള്ള പ്രകടനത്തിനും അനുയോജ്യമായി രൂപകൽപ്പന ചെയ്തവയാണ്. സെഗ്മെന്റിൽ ആദ്യമായി അവതരിപ്പിക്കുന്ന 70 ലിറ്റർ ശേഷിയുള്ള ട്വിൻ–സിലിണ്ടർ സി.എൻ.ജി ടാങ്ക് ദീർഘദൂര യാത്രകൾ എളുപ്പമാക്കുന്നു. ഫ്ലീറ്റ് ഓപ്പറേറ്റർമാർ നേരിടുന്ന പ്രധാന വെല്ലുവിളിയായ ബൂട്ട് സ്പേസ് ചുരുങ്ങാതെയിരിക്കാൻ ഇത് സഹായിക്കും. പെട്രോൾ വേരിയന്റിൽ 419 ലിറ്റർ ബൂട്ട് സ്പേസ് നൽകികൊണ്ട് സെഗ്മെന്റിലെ ഏറ്റവും വലിയ സ്റ്റോറേജ് ശേഷിയാണ് എക്സ്പ്രസ് നൽകുന്നത്.