Asianet News MalayalamAsianet News Malayalam

താല്‍പ്പര്യമില്ലാത്തവരുടെ പോലും ഹൃദയം കീഴടക്കി ടാറ്റ, അമ്പരന്ന് എതിരാളികള്‍!

ഇത്തരം വാഹനങ്ങളോട് പൊതുവെ പ്രത്യേകിച്ച് താല്‍പ്പര്യം പ്രകടിപ്പിക്കാത്ത ഇന്ത്യൻ വാഹനലോകത്താണ് ടാറ്റ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ നേട്ടം സ്വന്തമാക്കുന്നത്

Tata Motors Sells Over 4000 Units Of The Nexon EV
Author
Mumbai, First Published Apr 6, 2021, 1:26 PM IST

രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് 2020 ജനുവരിയിലാണ് ടാറ്റ നെക്സോണ്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഇപ്പോഴിതാ രാജ്യത്ത് ഏറ്റവും മികച്ച വിൽപ്പന നേടുന്ന വൈദ്യുത വാഹനമെന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് നെക്സോണ്‍ ഇ വി എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരത്തിലെത്തി 14 മാസത്തിനകം വാഹനത്തിന്‍റെ 4000 യൂണിറ്റുകള്‍ വിറ്റതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിരത്തിലെത്തി ഏഴു മാസത്തിനകം വിൽപന 1,000 യൂണിറ്റ് പിന്നിട്ടിരുന്നു. 2020 ഡിസംബറില്‍ വിൽപന 2,000 യൂണിറ്റും 2021 ജനുവരിയില്‍ 3000 യൂണിറ്റുകളും കടന്നു. മാർച്ച് അവസാനവാരത്തിലാണ് 4,000 യൂണിറ്റുകള്‍ പിന്നിട്ടത്. വൈദ്യുത വാഹനങ്ങളോടു പൊതുവെ പ്രത്യേകിച്ച് താല്‍പ്പര്യം പ്രകടിപ്പിക്കാത്ത ഇന്ത്യൻ വാഹനലോകം. ഈ കാർ വിപണിയിലാണ് ടാറ്റയും നെക്സോണും ചുരുങ്ങിയ കാലത്തിനകം ഈ നേട്ടം കൈവരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ‌

നെക്സോണിന്റെ കരുത്തിൽ മാർച്ച് മാസത്തിലും കഴിഞ്ഞ ജനുവരി–മാർച്ച് ത്രൈമാസത്തിലും വൈദ്യുത വാഹന വിൽപ്പനയിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാനും ടാറ്റ മോട്ടോഴ്സിനായി. മാർച്ചിൽ 705 ഇ വി വിറ്റാണു ടാറ്റ മോട്ടോഴ്സ് ചരിത്രം സൃഷ്ടിച്ചത്. 2021 ജനുവരി – മാർച്ച് ത്രൈമാസക്കാലത്തെ വൈദ്യുത വാഹന വിൽപനയാവട്ടെ 1,711 യൂണിറ്റുമായിരുന്നു.  പണത്തിനു മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നതുകൊണ്ടുതന്നെ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന വൈദ്യുത കാറായും നെക്സോൺ ഇ വി മാറിയിട്ടുണ്ട്. വൈദ്യുത വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതമാവട്ടെ 64% ആയി ഉയരുകയും ചെയ്തു. 

കട്ടിംഗ് എഡ്‍ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നെക്സോണ്‍ ഇ വി മികച്ച പ്രകടനം വാഗ്‍ദാനം ചെയ്യുന്നു. ഒറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ ദൂരം താണ്ടാനുള്ള ഈ വാഹനത്തിന്റെ ശേഷി ഓട്ടോമോട്ടീവ് റീസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെർട്ടിഫൈ ചെയ്തിട്ടുണ്ട്. കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സംവിധാനം, വേഗതയേറിയ ചാർജിംഗ് ശേഷി, വിപുലീകൃത ബാറ്ററി ലൈഫ്, മുൻനിര സുരക്ഷാ സവിശേഷതകൾ. എന്നിവയും നെക്‌സോൺ ഇവിയുടെ സവിശേഷതകളാണ്. രാജ്യത്തെ  22 നഗരങ്ങളിലെ 60 അംഗീകൃത ഡീലർഷിപ്പുകളിലായി മൂന്ന് ട്രിം ലെവലുകളിൽ നെക്സൺ ഇവി ലഭ്യമാകും. സിഗ്നേച്ചർ ടീൽ ബ്ലൂ, മൂൺലിറ്റ് സിൽവർ, ഗ്ലേസിയർ വൈറ്റ് എന്നിങ്ങനെ ആകർഷകമായ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

നെക്‌സൺ ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കരുത്തുറ്റതും ഉയർന്ന ക്ഷമതയുള്ളതുമായ 129 പിഎസ് പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറിൽ ഉയർന്ന ശേഷിയുള്ള 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്.  മോട്ടോർ 245 എൻ‌എം തൽക്ഷണ ടോർക്ക് നിലനിർത്തുന്നു, ഇത് വെറും 9.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ നെക്‌സൺ ഇവിയെ പ്രാപ്‌തമാക്കുന്നു.  ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. 

Follow Us:
Download App:
  • android
  • ios