നവംബര്‍ 30 വരെ ആദ്യം സബ്‌സ്‌ക്രൈബ് ചെയ്യുന്ന 100 പേര്‍ക്കാണ് ഈ കുറഞ്ഞ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 

ഇലക്ട്രിക് വാഹന രംഗത്ത് പുത്തൻ വിപ്ലവവുമായി നെക്‌സോൺ ഇവി ഇനി വാങ്ങാതെ തന്നെ സ്വന്തമായി ഉപയോഗിക്കാവുന്ന സബ്‍സ്‍ക്രിപ്‍ഷന്‍ പദ്ധതി ടാറ്റ മോട്ടോഴ്‍സ് അടുത്തിടെയാണ് നടപ്പിലാക്കിയത്. ഇപ്പോഴിതാ ഈ പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുകയാണ് കമ്പനി. പ്രതിമാസ വാടക 41,900 രൂപയില്‍ നിന്നും 94,900 രൂപയാക്കി കമ്പനി വെട്ടിക്കുറച്ചു. 

നവംബര്‍ 30 വരെ ആദ്യം സബ്‌സ്‌ക്രൈബ് ചെയ്യുന്ന 100 പേര്‍ക്കാണ് ഈ കുറഞ്ഞ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിലാണ് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങള്‍ ലീസിന് നല്‍കുന്നതിനുള്ള പദ്ധതി ഒരുക്കിയത്. 41,900 രൂപ മുതല്‍ 47,900 രൂപ വരെയായിരുന്നു ആദ്യം പ്രഖ്യാപിച്ച സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍. 36, 24, 18 മാസങ്ങളിലേക്കാണ് സബ്‌സ്‌ക്രിപ്ഷന്‍ ഒരുക്കിയിട്ടുള്ളത്. 

ദില്ലി/ എൻസിആർ, മുംബൈ, പുണെ, ഹൈദരബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യമായി വാഹനം ലഭ്യമാകുക. കേരളത്തിലും ടാറ്റ മോട്ടോഴ്സിന്റെ ഈ പുതിയ സേവനം ഉടൻ ലഭ്യമാകും. രാജ്യത്തെ മുൻനിര ലീസിങ് കമ്പനിയായ ഒറിക്‌സ് ഓട്ടോ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

വാഹന രജിസ്ട്രേഷൻ, റോഡ് ടാക്സ് തുടങ്ങിയ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ ഈ പദ്ധതിയിലൂടെ ടാറ്റ നെക്സൺ ഇവി സബ്സ്ക്രൈബ് ചെയ്യുവാൻ സാധിക്കും അതിനായുള്ള മുഴുവൻ പ്രക്രിയയും എൻഡ്-ടു-എൻഡ് ഡിജിറ്റൽ സംവിധാനം വഴി എളുപ്പത്തിലാക്കി. സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ, റോഡ് സൈഡ് അസ്സിസ്റ്റൻസ്സ്, കൃത്യമായ സമയങ്ങളിലുള്ള സൗജന്യ സർവീസ് /മെയ്ന്റനൻസ്, ആനുകാലിക സേവനങ്ങൾ, ഡോർ ഡെലിവറി എന്നിവയും ലഭ്യമാകും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ വീട്ടിലോ ഓഫീസിലോ സ്വന്തമായി ഇവി ചാർജർ ഇൻസ്റ്റാൾ ചെയ്യാനും കഴിയും.

വാഹനങ്ങൾ പാട്ടത്തിനെടുക്കാൻ താൽപ്പര്യപ്പെടുന്ന കോർപ്പറേറ്റുകൾക്കും, നഗരങ്ങളിൽ ഇടയ്ക്കിടെ തൊഴിൽ മാറ്റമുള്ള വ്യക്തികൾക്കും, ഒരു നിശ്ചിത കാലയളവിൽ താമസിക്കുന്ന പ്രവാസികൾക്കും ഇഷ്‌ടാനുസൃതമായ സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ തികച്ചും അനുയോജ്യമാണ്. സബ്‌സ്‌ക്രിപ്‌ഷന്റെ കാലാവധി തീരുന്നതനുസരിച്ച്‌ ഉപയോക്താക്കൾക്ക് ഇത് ദീർഘിപ്പിക്കുകയോ അല്ലെങ്കിൽ വാഹനം തിരികെ നൽകുകയോ ചെയ്യാം.