നടൻ നാഗ ചൈതന്യ തന്റെ കാർ ശേഖരത്തിലേക്ക് ഒരു കോടിയിലധികം രൂപ വിലവരുന്ന BMW M2 കൂപ്പെ കൂടി ചേർത്തു. 3.0 ലിറ്റർ ടർബോചാർജ്‍ഡ് എഞ്ചിനാണ് ഈ കാറിന്റെ പ്രത്യേകത. ഫെരാരി, റേഞ്ച് റോവർ തുടങ്ങിയ ആഡംബര കാറുകൾ ഇതിനകം തന്നെ ചൈതന്യയുടെ ശേഖരത്തിലുണ്ട്.
തെലുങ്ക് സൂപ്പർസ്റ്റാർ നാഗ ചൈതന്യ തന്റെ കാർ ശേഖരത്തിലേക്ക് മറ്റൊരു ആഡംബര വാഹനം കൂടി ചേർത്തു. ഇത്തവണ അദ്ദേഹം ഒരു കോടി രൂപയിലധികം വിലവരുന്ന ഒരു ബിഎംഡബ്ല്യു എം2 കൂപ്പെയാണ് വാങ്ങിയത്. അടുത്തിടെ ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് ഭാര്യയും നടിയുമായ സുഭിത ധൂലിപാലയുമൊത്ത് നാഗചൈതന്യയെ അദ്ദേഹത്തിന്‍റെ ഈ പുതിയ കാറിൽ കാണപ്പെട്ടു. ചാരനിറത്തിലുള്ള സ്പോർട്‍സ് കാറാണിത്. അച്ഛൻ നാഗാർജുനയ്‌ക്കൊപ്പം ഈ കാറിൽ നാഗ ചൈതന്യ കറങ്ങുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായിരുന്നു.
കാഴ്ചയിൽ മാത്രമല്ല, പ്രകടനത്തിലും ബിഎംഡബ്ല്യു എം2 കൂപ്പെ മികച്ചതാണ്. 3.0 ലിറ്റർ ടർബോചാർജ്‍ഡ് 6 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ കാറിന്‍റെ ഹൃദയം. ഈ എഞ്ചിൻ 473 ബിഎച്ച്പി പവറും 600 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ബിഎംഡബ്ല്യു എം2 കൂപ്പെ ലഭ്യമാണ്. വെറും 4 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ബിഎംഡബ്ല്യു എം2 കൂപ്പെയ്ക്ക് സാധിക്കും എന്ന് കമ്പനി പറയുന്നു.
നാഗ ചൈതന്യയുടെ കാർ ശേഖരം ഇതിനകം തന്നെ വളരെ ശ്രദ്ധേയമാണ്. വളരെക്കാലമായി ആഡംബര കാർ പ്രേമിയായ ചൈതന്യ, ചുവന്ന നിറത്തിലുള്ള ഫെരാരി 488 GTB ഉൾപ്പെടെയുള്ള വിലയേറിയ റൈഡുകൾ ഓടിക്കുന്നതിൽ പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗാരേജിൽ ഫെരാരി 488 GTB, റേഞ്ച് റോവർ ഡിഫൻഡർ 110, BMW 740Li, മെഴ്‌സിഡസ് ബെൻസ് G63 AMG തുടങ്ങിയ ആഡംബര കാറുകൾ ഇതിനകം തന്നെയുണ്ട്. ഇപ്പോൾ ബിഎംഡബ്ല്യു എം2 കൂപ്പെയുടെ വരവോടെ, അദ്ദേഹത്തിന്റെ ഗാരേജ് കൂടുതൽ ശക്തമാണ്.
അതേസമയം കഴിഞ്ഞ വർഷമാണ് ബിഎംഡബ്ല്യു എം2 ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്. 19 അല്ലെങ്കിൽ 20 ഇഞ്ച് അലോയ് വീൽ ഓപ്ഷനുകളുള്ള ഹൈ-ഗ്ലോസ് ഷാഡോ ലൈനിൽ രണ്ട് ഡോർ കൂപ്പെ വാഗ്ദാനം ചെയ്യുന്നു. ബിഎംഡബ്ല്യു ഓആർവിഎമ്മുകൾ, ഒരു റിയർ സ്‌പോയിലർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽലൈറ്റുകൾ തുടങ്ങിയവ ലഭിക്കുന്നു. ഡ്യുവൽ സ്‌ക്രീനുകളുള്ള പുതിയ കർവ്ഡ് ഡിസ്‌പ്ലേ ക്യാബിനിൽ ഉണ്ട്. മുൻവശത്ത് സ്‌പോർട്‌സ് സീറ്റുകളുമുണ്ട്.
ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പാർക്ക് അസിസ്റ്റ് എന്നിവ ബിഎംഡബ്ല്യു എം2-ൽ ഉൾപ്പെടുന്നു. അഡാപ്റ്റീവ് എം സസ്‌പെൻഷൻ, ആക്റ്റീവ് എം ഡിഫറൻഷ്യൽ, നാല് ടെയിൽ പൈപ്പുകളുള്ള എം എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, എം ഡ്രൈവ് പ്രൊഫഷണൽ, എം കോമ്പൗണ്ട് ബ്രേക്കുകൾ തുടങ്ങിയവയും കാറിൽ സജ്ജീകരിച്ചിരിക്കുന്നു.
