Asianet News MalayalamAsianet News Malayalam

ദേശീയ പാതയില്‍ അഗ്നിഗോളമായി ടെസ്ല കാര്‍, തീയണക്കാന്‍ ഉപയോഗിച്ചത് 12000 ഗാലണ്‍ വെള്ളം

റോഡില്‍ കിടന്ന പാറക്കഷ്ണം കാറിന് അടിയില്‍ ഉടക്കിയതോടെയാണ് കാറില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയതെന്ന് കാര്‍ യാത്രക്കാര്‍. ബാറ്ററിയില്‍ നിന്ന് ഉയര്‍ന്ന തീ അണയ്ക്കാന്‍ വേണ്ടി വന്നത് രണ്ട് മണിക്കൂറിലധികം

Tesla Model S is burnt beyond recognition in Pennsylvania highway
Author
First Published Nov 23, 2022, 3:53 PM IST

മോഡലേതാണെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ നടുറോഡില്‍ അഗ്നിഗോളമായി ടെസ്ലയുടെ ആഡംബര കാര്‍. പെന്‍സില്‍വാനിയയിലെ ദേശീയ പാതയിലെ ചൊവ്വാഴ്ച  ടെസ്ലയുടെ മോഡല്‍ എസ് കാര്‍ കത്തി നശിച്ചത്. ബാറ്ററിയില്‍ നിന്നും ഉയര്‍ന്ന് തീ അണയ്ക്കാന്‍ രണ്ട് മണിക്കൂറിലേറെ സമയം കൊണ്ട് 12000 ഗാലണ്‍ വെള്ളമാണ് അഗ്നിശമന സേനാംഗങ്ങള്‍ ഉപയോഗിച്ചത്. പശ്ചിമ മേഖലയിലേക്കുള്ള ദേശീയ പാതയില്‍ കാര്‍ കത്തുന്നുവെന്ന വിവരത്തേതുടര്‍ന്നാണ് അഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തുന്നത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇത്. സാധാരണ നിലയില്‍ കാറിന് തീ പിടിച്ചാല്‍ 500 ഗാലണ്‍ വെള്ളം ഉപയോഗിക്കുമ്പോഴേയ്ക്കും അഗ്നി ബാധ നിയന്ത്രണ വിധേയമാകാറുണ്ടെന്നാണ് അഗ്നിശമനസേനാംഗം അന്തര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. അഗ്നിക്കിരയായി കിടക്കുന്ന വാഹനം കണ്ടാല്‍ അത് ഏത് വാഹനമെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നുവെന്നും അഗ്നി ശമന സേനാംഗം പറയുന്നു. കാറിലെ ലിഥിയം അയണ്‍ ബാറ്ററിയിലുണ്ടായ തകരാറാണ് അഗ്നി ബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ 12 മാസത്തില്‍ പല തകരാറുകളുടെ പേരിലും ടെസ്ല കാറുകള്‍ തിരികെ വിളിച്ചിരുന്നു. എന്നാല്‍ അവയിലൊന്ന് പോലും ബാറ്ററി പ്രശ്നങ്ങളേ തുടര്‍ന്നായിരുന്നില്ലെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. കാറിലുണ്ടായിരുന്ന മൂന്ന് പേരും അവരുടെ വളര്‍ത്തുനായയും തലനാരിഴയ്ക്കാണ് അഗ്നിബാധയില്‍ നിന്ന് രക്ഷപ്പെട്ടത്. മസാച്യുസെറ്റ്സിലേക്കുള്ള യാത്രയിലായിരുന്നു കാറിലുണ്ടായിരുന്ന കുടുംബം. തിങ്കളാഴ്ചയാണ് കുടുംബം കാര്‍ വാങ്ങുന്നത്. റോഡില്‍ കിടന്ന പാറക്കഷ്ണം കാറിന് അടിയില്‍ ഉടക്കിയതോടെയാണ് കാറില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയതെന്ന് കുടുംബം പറയുന്നു. ഓട്ടോ മൊബൈല്‍ വ്യവസായ രംഗത്ത് തന്നെ പുതുമയായാണ് ലിഥിയം അയണ്‍ ബാറ്ററികള്‍ ടെസ്ല കാറുകളില്‍ ഉപയോഗിച്ചത്.

വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാമെന്നതായിരുന്നു ഇതിന്‍റെ പ്രത്യേകത. എന്നാല്‍ വളരെ വേഗത്തില്‍ ഇവ ചൂട് പിടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നത്. ബാറ്ററി ചൂട് പിടിച്ച് വീണ്ടും വീണ്ടും കത്തുന്ന നിലയിലായിരുന്നു ഇതാണ് അഗ്നിബാധ നിയന്ത്രണ വിധേയമാകാന്‍ ഏറെ താമസിച്ചതെന്നാണ് അഗ്നിശനമസേന പുറത്ത് വിട്ട കുറിപ്പില്‍ വിശദമാക്കുന്നത്.  ഈ വര്‍ഷം ആദ്യത്തില്‍ ടെസ്ലയുടെ മോഡല്‍ എസ് വാഹനം സമാനമായ നിലയില്‍ കാലിഫോര്‍ണിയയില്‍ കത്തി നശിച്ചിരുന്നു. അപകട ശേഷം ഏറെ  നാള്‍ ഒരു ആക്രിക്കടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഈ കാറുണ്ടായിരുന്നത്. 

Follow Us:
Download App:
  • android
  • ios