Asianet News MalayalamAsianet News Malayalam

മോഷണശേഷം രക്ഷപ്പെടാൻ ജാഗ്വാർ; കളവുമുതൽ കൊണ്ട് ജനസേവനം; ഇതാ 'ബിഹാറിലെ കായംകുളം കൊച്ചുണ്ണി'!

ജാഗ്വാർ കാറിൽ പോവുന്ന ഒരാൾ കള്ളനാവും എന്ന് എങ്ങനെ സങ്കല്പിക്കും എന്നാണ് പൊലീസ് പോലും ചോദിക്കുന്നത്. 

the jaguar thief of Bihar all set to join politics
Author
Sitamarhi, First Published Oct 31, 2021, 3:44 PM IST
  • Facebook
  • Twitter
  • Whatsapp

കായംകുളം കൊച്ചുണ്ണി (Kayamkulam Kochunni) കള്ളനായിരുന്നു. പിടിച്ചു പറിച്ചിരുന്നത് നാട്ടിലെ ജന്മിമാരെ ആയിരുന്നതുകൊണ്ട് കൊച്ചുണ്ണിക്ക് നാട്ടിലൊരു ഹീറോ പരിവേഷമാണ് ഉണ്ടായിരുന്നത്. അതുപോലെ ഒരു കൊച്ചുണ്ണിയുടെ കഥയാണ് ബീഹാറിലെ (Bihar) സീതാ മർഹി (Sitamarhi) എന്ന സ്ഥലത്തുനിന്ന് പുറത്തുവന്നിട്ടുള്ളത്.

ഈ കഥയിലെ നായകൻ അല്ലെങ്കിൽ വില്ലൻ മുഹമ്മദ് ഇർഫാൻ എന്നയാളാണ്. നാട്ടുകാർ ഇയാളെ വിളിക്കുന്ന പേര് 'ജാഗ്വാർ ചോർ' എന്നാണ്. ധനിക ഭവനങ്ങൾ ലക്ഷ്യമിട്ട്, രാത്രിയുടെ മറവിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പണ്ടങ്ങളും പണവും കവരുന്ന ഇയാൾ, രക്ഷപ്പെടാൻ സ്ഥിരമായി ഉപയോഗിക്കുന്നത് ലക്ഷ്വറി വാഹനമായ ജാഗ്വാർ ആണ് എന്നതാണ് ഇങ്ങനെ ഒരു പേര് വീഴാൻ കാരണം. 

പന്ത്രണ്ടു സംസ്ഥാനങ്ങളിലായി നാല്പതിലധികം മോഷണങ്ങൾ നടത്തി ഇങ്ങനെ ജാഗ്വാറിൽ രക്ഷപ്പെട്ടുകൊണ്ടിരുന്ന ഈ പെരുങ്കള്ളൻ, ആഴ്ചകൾക്കു മുമ്പ്, ഗാസിയാബാദിലെ കവി നഗർ പൊലീസിന്റെ പിടിയിൽ അകപ്പെട്ടു. ഇപ്പോൾ ദസ്‌ന ജയിലിലാണ് ആശാൻ ഉള്ളത്. എന്നാൽ ഇങ്ങനെ ജയിലിൽ കിടക്കുന്ന ജാഗ്വാർ ചോറിന്റെ ഭാര്യ ഗുൽഷൻ പർവീൺ ബിഹാറിലെ സീതാ മർഹിയിലെ ജോഗിയ എന്ന അയാളുടെ ഗ്രാമത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുകയാണ്. പ്രചാരണ സമയത്ത് ഗുൽഷൻ നാട്ടുകാരോട് വോട്ടുചോദിച്ചത് ഗ്രാമത്തിന് തുടർച്ചയായി നന്മകൾ മാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തന്റെ ഭർത്താവിന്റെ പേരിലാണ്. 

എന്ത് നന്മ എന്നാണോ? തന്റെ ജാഗ്വാർ കാറിൽ നടത്തുന്ന ഓരോ അന്തർ സംസ്ഥാന മോഷണ ട്രിപ്പിന് ശേഷവും തിരികെ സീതാ മർഹിയിലെത്തുന്ന ഇയാൾ, അവിടെ എന്തെങ്കിലുമൊക്കെ വികസന പ്രവർത്തനങ്ങൾക്ക് ഈ പണത്തിന്റെ നല്ലൊരംശം ചെലവിടും. ഒന്നും രണ്ടുമല്ല, ഏഴു ടാറിട്ട റോഡുകളാണ് ഇർഫാൻ തന്റെ കളവുമുതലിന്റെ ഒരംശം ചെലവിട്ട് ജോഗിയയിൽ നിർമിച്ചു നൽകിയിട്ടുള്ളത്. ഭർത്താവ് ചെയ്തുവന്നിട്ടുള്ള ഗ്രാമവികസന പ്രവർത്തനങ്ങൾ വിസ്തരിച്ചും ഭർത്താവിനൊപ്പമുള്ള പോസ്റ്ററുകൾ മുക്കിലും മൂലയിലും ഒട്ടിച്ചുമാണ് ഗുൽഷൻ പ്രചാരണം നടത്തിയത്. 
 

the jaguar thief of Bihar all set to join politics

പ്രണയ വിവാഹിതരാണ് ഗുൽഷനും ഇർഫാനും. കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച ഇവർ തുടക്കത്തിൽ ഒരു ഡാബ നടത്തിയും, തുണിക്കടയിട്ടും ഒക്കെ പച്ചപിടിക്കാനുളള ശ്രമങ്ങൾ നടത്തിയിരുന്നു. അതൊന്നും വിജയിക്കാതെ പോയതോടെ ഇരുവരും മുംബൈ, ദില്ലി എന്നീ നഗരങ്ങളിലേക്കും തൊഴിൽ തേടി പോവുന്നുണ്ട്. ജോലി ചെയ്തു പണമുണ്ടാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മനം മടുത്താണ് തന്റെ ഭർത്താവ് മോഷണങ്ങളിലേക്ക് തിരിഞ്ഞത് എന്നാണ് ഗുൽഷൻ പറയുന്നത്. തുടർച്ചയായ മോഷണങ്ങൾ നടത്തിയിരുന്നു എങ്കിലും, കിട്ടുന്ന മുതലിന്റെ നല്ലൊരംശം തന്റെ ഭർത്താവ് 
ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ചെലവിട്ടിരുന്നത് എന്നും അവർ  പറഞ്ഞു.

2013 -ലാണ് ഇർഫാനെതിരെയുള്ള ആദ്യത്തെ എഫ്‌ഐആർ ഉണ്ടാവുന്നത്. ഇർഫാൻ ഒരിക്കലും സ്വന്തം സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിൽ കൊള്ളകൾ നടത്തിയിരുന്നില്ല. കർണാടകം, കേരളം, പഞ്ചാബ്, ദില്ലി, തെലങ്കാന, ഗോവ, ഉത്തർപ്രദേശ്  തുടങ്ങി പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ നാല്പതിലധികം മോഷണങ്ങൾ, കൊള്ളകൾ ഇത്രയുമാണ് ഇയാളുടെ പേരിലുള്ളത് .  പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ടുനിരോധിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ഉത്തർപ്രദേശിലെ ഒരു ജഡ്ജിയുടെ വീട്ടിൽ നിന്ന് 65 ലക്ഷം രൂപ അപഹരിച്ച് കടന്നു കളയുന്നത്. ഏറ്റവും ഒടുവിലായി, ഗാസിയാബാദിലെ ഒരു വീട്ടിൽ നടന്ന ഒന്നരക്കോടിയുടെ കൊള്ളയ്ക്ക് ശേഷമാണ് അന്വേഷണം ഇർഫാനിലേക്ക് നീളുന്നതും അയാൾ അറസ്റ്റിലാവുന്നതും. ഈ വീട്ടിലെ മോഷണത്തിനിടെ സിസിടിവിയിൽ കുടുങ്ങിയതാണ്  കഴിഞ്ഞ ജനുവരിയിൽ ഇർഫാൻ എന്ന ജാഗ്വാർ ചോർ പൊലീസ് വലയിൽ അകപ്പെടാൻ കാരണം. 

 

the jaguar thief of Bihar all set to join politics

 

'ഉജാലെ ഗാങ്' എന്ന പേരിൽ പതിനൊന്നു പേരടങ്ങുന്ന ഒരു സംഘം ഇയാൾക്ക് കീഴിൽ പ്രവർത്തിച്ചിരുന്നു എങ്കിലും, ഇടയ്ക്കിടെ ഏകാംഗ ഓപ്പറേഷനുകളും ഇയാൾ നടത്തിയിരുന്നു. മോഷണം നടത്തിയ ശേഷം തൊണ്ടിമുതലുമായി പോയിരുന്നത് ലക്ഷ്വറി കാറിൽ ആയിരുന്നു എന്നതാണ് ഇത്രയും കാലമായി ഇയാൾ പിടിക്കപ്പെടാതിരിക്കാൻ ഒരു കാരണം. ജാഗ്വാർ കാറിൽ പോവുന്ന ഒരാൾ കള്ളനാവും എന്ന് എങ്ങനെ സങ്കല്പിക്കും എന്നാണ് പൊലീസ് പോലും ചോദിക്കുന്നത്. 

ഇർഫാന് പത്തും ഏഴും വയസ്സുള്ള രണ്ടു കുട്ടികളാണുള്ളത്. ഭാര്യ പഞ്ചായത്ത് തെരഞ്ഞടുപ്പ് ജയിച്ച സാഹചര്യത്തിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയാൽ കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്ന് വിരമിക്കും എന്നാണ് ഇർഫാൻ പറയുന്നത്. മോഷണമാർഗം വെടിഞ്ഞു വരുന്ന ഭർത്താവ് രാഷ്ട്രീയത്തിൽ ഇറങ്ങിക്കാണണം എന്നാണ് പത്നി ഗുൽഷന്റെയും ആഗ്രഹം.
 

Follow Us:
Download App:
  • android
  • ios