Asianet News MalayalamAsianet News Malayalam

തുടർച്ചയായി 387 കിലോമീറ്റർ ഓടി, പുത്തൻ റോയൽ എൻഫീൽഡ് ബൈക്ക് പൊട്ടിത്തെറിച്ചു

ബൈക്കിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീപിടിത്തമുണ്ടായതിന് പിന്നാലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു

the new Royal Enfield bike explodes After running 387 km in a row
Author
Hyderabad, First Published Apr 4, 2022, 5:48 PM IST

ഹൈദരാബാദ്: വാഹനപൂജയ്ക്കായി കൊണ്ടുവന്ന പുത്തൻ ബൈക്ക് പൊട്ടിത്തെറിച്ചു (Bike Exploded). ബൈക്ക് പാര്‍ക്കിങ്ങില്‍ നിര്‍ത്തി ഉടമ ക്ഷേത്രത്തില്‍ പ്രവേശിച്ചയുടനെയായിരുന്നു വാഹനം പൊട്ടിത്തെറിച്ചത്. റോയൽ എൻഫീൽഡ് (Royal Enfield) ബൈക്കാണ് അഗ്നിക്കിരയായത്.  മൈസൂരുവില്‍ നിന്ന് ആന്ധ്രയിലെ അനന്ത്പുരിലേക്ക് 387 കിലോമീറ്റര്‍ ദൂരം തുടർച്ചയായി ഓടിച്ചാണ് ക്ഷേത്രത്തിൽ എത്തിയത്. തുടർച്ചയായി ഓടിച്ചത് മൂലം വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ബൈക്കിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീപിടിത്തമുണ്ടായതിന് പിന്നാലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ സ്‌ഫോടനമുണ്ടാകുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തുണ്ടായിരുന്ന ആളുകൾ ഓടി മാറുന്നതും വീഡിയോയിൽ കാണാം. 

നാളുകളായി വാഹനങ്ങൾ പൊട്ടിത്തെറിക്കുന്ന നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചിരുന്നു.  

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ (Tamilnadu) വെല്ലൂരിൽ ചാർജ് (Charging) ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് (Electric Bike) പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. വെല്ലൂരിന് സമീപത്തെ അല്ലാപുരം സിവികെരിയയിൽ താമസിക്കുന്ന ദുരൈ വെർമ (49), മകൾ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. അടുത്തിടെയാണ് വെർമ്മ ഇലക്ട്രിക് ബൈക്ക് വാങ്ങിയത്. വെള്ളിയാഴ്‌ച രാത്രി ചാർജിനായി വീട്ടിനുള്ളിൽ കൊണ്ടുവന്നു. ചാർജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തമാണ് മരണത്തിന് കാരണമായത്.

തീയിൽ നിന്ന് രക്ഷപ്പെടാൻ വർമ്മയും മകളും ശുചിമുറിയിലേക്ക് ഓടിക്കയറി. എന്നാൽ, തീയിൽ നിന്നുള്ള പുക ഇരുവരെയും ശ്വാസം മുട്ടിച്ച് കൊന്നു. തീ പടരുന്നത് കണ്ട സമീപവാസികൾ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും രക്ഷാപ്രവർത്തകർ വീട്ടിലേക്ക് പ്രവേശിക്കുകയും ചെയ്തപ്പോഴേക്കും വെർമയും മകളും മരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios