സ്‍പെയിനിലെ വലൻസിയയിൽ കാറിനുള്ളിൽ കയറിക്കൂടിയ പാമ്പിനെ പുറത്തെടുക്കാൻ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം. വാഹനത്തിന്റെ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്.
കാറിനുള്ളിൽ കയറിക്കൂടിയ പമ്പിനെ പുറത്തെടുക്കാൻ വേണ്ടി വന്നത് മണിക്കൂറുകൾ. വാഹനത്തിന്റെ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റിയ ശേഷമാണ് പാമ്പിനെ സുരക്ഷിതമായി നീക്കിയത്. സ്‍പെയിനിലെ വലൻസിയ മേഖലയിലെ ബൊട്ടാണിക്കോസ് പരിസരത്താണ് സംഭവം. പാമ്പിനെ പിടികൂടാൻ ലോക്കൽ പോലീസും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ പ്രവർത്തനം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പാമ്പിനെ കാറിൽ കണ്ടെത്തിയത്. ഉടൻ തന്നെ കാർ ഉടമ അധികൃതരെ വിവരം അറിയിച്ചു. പൊലീസ് ജാഗ്രതാ നിർദ്ദേശവും നൽകി. തുടർന്ന് പോലീസ് അഗ്നിശമന സേനയുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷന് ഏകദേശം രണ്ട് മണിക്കൂർ എടുത്തു. പാമ്പ് വാഹനത്തിനുള്ളിൽ ചുറ്റിത്തിരിയുകയായിരുന്നും എന്നതാണ് ഇത്രയും സമയമെടുക്കാൻ കാരണം. ഒടുവിൽ വാഹനത്തിന്റെ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റേണ്ടിവന്നു എന്നാണ് റിപ്പോർട്ടുകൾ.
നഗരത്തിലെ പരിസ്ഥിതി യൂണിറ്റിലെ ഉദ്യോഗസ്ഥരെയും, പട്രെയിക്സ് പ്രദേശം നിരീക്ഷിക്കുന്നതിന് ഉത്തരവാദിത്വമുള്ള ഒരു പട്രോളിംഗ് ടീമും സംഭവസ്ഥലത്ത് എത്തിയിരുന്നു. അഗ്നിശമന സേനയുയും എത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ, എഞ്ചിൻ കമ്പാർട്ടുമെന്റിനുള്ളിൽ പാമ്പ് ഇഴഞ്ഞുകൊണ്ടിരുന്നു, അതിനാൽ എഞ്ചിൻ കമ്പാർട്ട്മെന്‍റിന്‍റെ ചില ഭാഗങ്ങൾ നീക്കം ചെയ്യേണ്ടി വന്നു. വാഹനത്തിന്റെ മുൻവശത്തെ ഹെഡ്‌ലൈറ്റിന് പിന്നിൽ നിന്ന് പാമ്പിനെ പുറത്തെടുക്കാൻ ഏകദേശം രണ്ട് മണിക്കൂർ എടുത്തു.
പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം, അതിനെ വലൻസിയ സിറ്റി കൗൺസിലിന്റെ പക്ഷിമൃഗാദികൾ, വിദേശ ജീവികൾ എന്നിവയ്ക്കായുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മോണ്ട്പെല്ലിയർ ഇനത്തിൽപ്പെട്ട പാമ്പിന് മൂന്ന് മീറ്റർ നീളമുണ്ടായിരുന്നു. ഇതൊരു വിഷമുള്ള ഇനം പാമ്പാണ് എന്നാണ് റിപ്പോർട്ടുകൾ.
കാർ ഗാരേജിനുള്ളിൽ ഒരു ആഴ്ചയോളം പാർക്ക് ചെയ്തിരുന്നു എന്ന് ഉടമ പറയുന്നു. എഞ്ചിൻ കമ്പാർട്ടുമെന്റിൽ അഭയം തേടിയ പാമ്പിന് അതിന്റെ ചൂട് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്തു എന്നു വേണം കരുതാൻ. ഞെട്ടലിൽ നിന്ന് മുക്തനായ ശേഷമാണ്, വാഹന ഉടമ പോലീസ് ഉദ്യോഗസ്ഥരോട് ഒരാഴ്ചയോളം താൻ കാർ ഓടിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. മോണ്ട്സെറാത്ത് എന്ന നദീതീര പട്ടണത്തിലുള്ള തന്റെ അവധിക്കാല വസതിയിലേക്കായിരുന്നു അദ്ദേഹം അവസാനം യാത്ര ചെയ്തത്. അവിടെ നിന്നാണോ പാമ്പ് കാറിൽ കയറി കൂടിയെതന്ന് വ്യക്തമല്ല. അതേസമയം അടുത്തകാലത്തായി മാഡ്രിഡ് നഗരത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും വാഹനത്തിൽ പാമ്പുകൾ കയറുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്.



