ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ സ്പാനിഷ് വിപണിയിലെ വാഹനമാണ് എക്സ്‍പ്ലോറര്‍ എസ്‍യുവി. ഏകദേശം 71 ലക്ഷം രൂപ വില വരുന്ന ഈ വാഹനത്തിന് ഒരു കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഗെയിമിങ് ആരാധകർ ബുക്ക് ചെയ്‍ത് കാത്തിരിക്കുന്ന കൺസോൾ ആയ സോണിയുടെ പ്ലേസ്റ്റേഷൻ 5 ആണ് ഫ്രീയായി വണ്ടിയുടൊപ്പം ലഭിക്കുക എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബറിൽ ലോക വിപണിയിലെത്തിയ പ്ലേസ്റ്റേഷൻ 5-ന് 49,990 രൂപയും പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷന് 39,990 രൂപയും ആണ് വില. ബുക്ക് ചെയ്ത പ്ലേസ്റ്റേഷൻ 5 ലഭിക്കാൻ നിലവില്‍ മാസങ്ങളോളം കാത്തിരിക്കണം. എക്‌സ്‌പ്ലോറർ എസ്‌യുവിയും പ്ലേസ്റ്റേഷൻ 5-വും ധാരാളം സമാനതകൾ പുലർത്തുന്നുണ്ടെന്നാണ് ഫോർഡും സോണിയും പറയുന്നത്. കാരണം മൂന്നു നിര സീറ്റുകളുള്ള ഫോർഡ് എക്‌സ്‌പ്ലോറര്‍ ഒരു ഫാമിലി എസ്‌യുവി ആണ്. അതുപോലെ തന്നെ പ്ലേസ്റ്റേഷൻ 5 കുടുംബത്തിലുള്ളവരുടെ ഉല്ലാസ ഉപാധിയാണെന്നും കമ്പനികള്‍ പറയുന്നു.

ഫോർഡിന്‍റെ ഈ എസ്‌യുവിയും സോണി ഗെയിമിങ് കൺസോളും ഏറെ വർഷങ്ങൾക്ക് ശേഷമാണ് പരിഷ്‍കരിച്ച് എത്തുന്നത് എന്നതാണ് മറ്റൊരു കൌതുകം. മുൻതലമുറ എക്‌സ്‌പ്ലോറർ എസ്‌യുവി 20 കൊല്ലമാണ് മാറ്റമില്ലാതെ സ്പെയിനിലെ വാഹന വിപണിയില്‍ ഉണ്ടായിരുന്നത്. അടുത്തിടെയാണ് പുത്തൻ എക്സ്പ്ലോറർ സ്പാനിഷ് വിപണിയിലെത്തിയത്. സമാനമായി 7 വർഷം വിപണിയിലുണ്ടായിരുന്ന പ്ലേസ്റ്റേഷൻ 4-ന് ശേഷമാണ് പ്ലേസ്റ്റേഷൻ 5 ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്.

അതേസമയം ഫോർഡ് എക്‌സ്‌പ്ലോറർ ഇന്ത്യയിലേക്ക് എത്താനിടയില്ല. പക്ഷേ ഫോര്‍ഡിന്‍റെ മറ്റൊരു കിടിലന്‍ എസ്‌യുവി ഇന്ത്യയിലെത്താന്‍ ഒരുങ്ങുന്നുണ്ട്. ഫോർഡിന്റെ എസ്‌യുവി നിരയിലെ മിന്നും താരം റേഞ്ചർ റാപ്റ്റർ ഒരു പക്ഷെ അടുത്ത വർഷം ഇന്ത്യയിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.