സ്വന്തമായിട്ടൊരു വാഹനം എന്നത് സാധാരാണക്കാരെ സംബന്ധിച്ച് ദീര്‍ഘകാലത്തെ സ്വപ്‍നമാണ്. കാലങ്ങളായി സ്വരുക്കൂട്ടിവച്ച പണം ഉപയോഗിച്ചും കടം വാങ്ങിയുമൊക്കെയാവും പലരും ആ സ്വപ്‍നം യാതാര്‍ത്ഥ്യമാക്കുന്നത്. അപ്പോള്‍ ഏറെ ശ്രദ്ധിച്ചുമാത്രമേ ഒരു വാഹനം വാങ്ങാവൂ. അതില്‍ പ്രധാനമാണ് ആരാണ് നിങ്ങളുടെ വാഹനത്തിന്‍റെ നിര്‍മ്മാതാവ് എന്നത്. ഇതാ വാഹന നിര്‍മ്മാതാക്കളെ തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1. കമ്പനിയുടെ തഴക്കവും പഴക്കവും
ഇന്ത്യയില്‍ ഈ കമ്പനി എത്തിയിട്ട് എത്ര കാലമായി, കമ്പനിയുടെ ഇന്ത്യയിലെ സാമ്പത്തിക നിലയെന്ത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിക്കണം. ചില കമ്പനികള്‍ പെട്ടെന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാറുണ്ട്. ഉദാഹരണമായി പ്രീമിയര്‍ ഓട്ടോമൊബൈല്‍സ്, പ്യൂഷോ തുടങ്ങിയവ. ഇപ്പോഴിതാ ജനറല്‍ മോട്ടോഴ്സും ഇന്ത്യ വിടുന്നതായാണ് വാര്‍ത്തകള്‍.

2. സാമ്പത്തികനില 
കമ്പനി പെട്ടെന്ന് രാജ്യം വിട്ടാല്‍ ഉപഭോക്താവ് പെരുവഴിയിലാവും. പ്യൂഷോയും പ്രീമിയറും ചേര്‍ന്ന് പുറത്തിറക്കിയ മോഡലുകള്‍ വാങ്ങിയവര്‍ക്ക് അതാണ് സംഭവിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ സ്റ്റാന്‍ഡേര്‍ഡ് 2000, റോവര്‍ മോണ്ടിഗോ എന്നിവയെല്ലാം പെട്ടെന്ന് പ്രൊഡക്ഷന്‍ മതിയാക്കിയിരുന്നു. ഒടുവില്‍ ഈ കാറുകള്‍ വാങ്ങിയവര്‍ കഷ്ടത്തിലുമായി. അതുകൊണ്ട് തെരെഞ്ഞെടുക്കുന്നതിനു മുമ്പ് കമ്പനിയുടെ സാമ്പത്തികനില, വിറ്റുവരവ്, ഡീലര്‍ഷിപ്പുകളുടെ അവസ്ഥ എന്നിവ വിലയിരുത്തണം.

3.മോഡലുകള്‍ 
ചില കമ്പനികള്‍ മോഡലുകള്‍ പെട്ടെന്നു മാറ്റാറുണ്ട്. അത് മുന്‍ മോഡലുകളുടെ റീസെയ്ല്‍ വിലയെ ബാധിക്കും. ഓപ്പല്‍ ആസ്ട്ര, മാരുതി ബെലേനോ, ടൊയോട്ട ക്വാളിസ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. മോഡലുകള്‍ പ്രൊഡക്ഷന്‍ നിര്‍ത്തുന്നതിനെപ്പറ്റി കമ്പനി ഔദ്യോഗികമായി അറിയിപ്പൊന്നും തരാറില്ലെങ്കിലും വാഹനസംബന്ധിയായ വെബ്‌സൈറ്റുകളിലും മാസികകളിലും ഇതേപ്പറ്റി 'സ്‌പൈ കഥകള്‍' പ്രസിദ്ധീകരിക്കാറുണ്ട്.

4. ഫീഡ് ബാക്ക്
കാര്‍ നിര്‍മാണത്തില്‍ മുന്‍പരിചയമില്ലാത്ത ചില കമ്പനികള്‍ കാര്‍ നിര്‍മാണം തുടങ്ങുമ്പോഴും ശ്രദ്ധിക്കുക. ആദ്യബാച്ചിലെ വാഹനങ്ങള്‍ വാങ്ങാതിരിക്കുന്നതാണ് ഉത്തമം. കാരണം ആദ്യകാല ഉപഭോക്താവില്‍നിന്നു ലഭിക്കുന്ന 'ഫീഡ് ബാക്ക്' പഠിച്ചശേഷം വാഹനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനായിരിക്കും ഈ കമ്പനികളുടെയൊക്കെ ശ്രമം. അങ്ങനെ ആദ്യകാലത്ത് വാഹനം വാങ്ങുന്നവര്‍ ബലിയാടുകളോ പരീക്ഷണമൃഗങ്ങളോ ആയിത്തീരും.