ഗ്രീസ്: മുന്നറിയിപ്പുകള്‍ അവഗണിച്ച് വിമാനയാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധം ചിത്രമെടുപ്പില്‍ മുഴുകി വിനോദസഞ്ചാരികള്‍. തൊട്ടുതൊട്ടില്ലെന്ന രീതിയില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളുടെയൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പതിവില്‍ അധികം താഴ്ന്ന് പറക്കുന്ന നിലയില്‍ ബ്രിട്ടീഷ് എയര്‍വെയ്സിന്‍റെ വിമാനം ലാന്‍‍ഡ് ചെയ്യാനെത്തിയത്.

ബീച്ചിന് തൊട്ടടുത്തുള്ള പടിയില്‍ കയറിയവരൊക്കെ വിമാനം കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലത്തേക്ക് വീണു. ഗ്രീസിലെ സ്കിയാത്തോസ് വിമാനത്താവളത്തില്‍ നിന്നുള്ളതാണ് കാഴ്ച. കടലിനോട് ചേര്‍ന്നുള്ള വിമാനത്താവളത്തിന്‍റെ റണ്‍വേയും കടലിനും ഇടയില്‍ ഏതാനും മീറ്ററുകള്‍ മാത്രമാണുള്ളത്.

റണ്‍വേ പരിസരത്ത് വിനോദസഞ്ചാരികള്‍ തിരക്ക് കൂട്ടുന്നത് അപകടത്തിലേക്ക് നയിക്കുന്നതിനാല്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പൊന്നും കണക്കിലെടുക്കാതെയാണ് സഞ്ചാരികളുടെ ചിത്രമെടുപ്പ്. സാധാരണ നിലയില്‍ റണ്‍വേയില്‍ എത്തി വിമാനങ്ങള്‍ താഴാറാണ് പതിവ്.

തൊട്ടുതൊട്ടില്ലെന്ന മട്ടിലായിരുന്നു ലാന്‍ഡ് ചെയ്തത്. വിമാനത്തിനൊപ്പം ചിത്രമെടുക്കാനായി റണ്‍വേക്കും ബീച്ചിനുമിടക്കുള്ള മതിലില്‍ കയറിയവര്‍ വിമാനം പോയതോടെ താഴെ വീണു. വിനോദസഞ്ചാരികളുടെ അപകടകരമായ രീതിയിലുള്ള പടമെടുപ്പ് വിമാനത്തിലുള്ളവരുടെ ജീവന് ഭീഷണിയാവുന്നതാണെന്ന് അധികൃതര്‍ പറയുന്നു.