ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ 'അൾട്രാ കോംപാക്‌ട്' ഇലക്ട്രിക് കാർ പുറത്തിറക്കി. C+പോഡ് എന്നുപേരുള്ള ഈ മൈക്രോ ഇലക്ട്രിക് വാഹനം ജാപ്പനീസ് വിപണിയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

9.06 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഈ മൈക്രോ ഇലക്ട്രിക് വാഹനത്തിന്റെ കരുത്ത്. റിയർ ആക്‌സിലിൽ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിനെ ബാറ്ററി ശക്തിപ്പെടുത്തുന്നു. മൊത്തം 12 bhp പവറും 56 Nm torque ഉം വികസിപ്പിക്കാൻ ഇതിന് സാധിക്കും. C+പോഡിന് 150 കിലോമീറ്റർ മൈലേജാണുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു.

വെറും 2,490 മില്ലീമീറ്റർ നീളം, 1,550 മില്ലീമീറ്റർ ഉയരം, 1,290 മില്ലീമീറ്റർ വീതി എന്നിങ്ങനെയാണ് ഈ ഇലക്‌ട്രിക് വാഹനത്തിന്റെ അളവുകൾ. ഈ വാഹനത്തില്‍ മുതിർന്ന രണ്ടുപേർക്ക് സുഖമായി യാത്ര ചെയ്യാം.  കേവലം 3.9 മീറ്റർ ടേണിംഗ് റേഡിയസാണ് C+പോഡിനുള്ളത്. X,G എന്നീ രണ്ട് വേരിയന്റുകളിലാണ് C+പോഡ് എത്തുന്നത്. X വേരിയന്റിന് 670 കിലോഗ്രാം ഭാരവും G വേരിയന്റിന് 690 കിലോഗ്രാം ഭാരവുമാണുള്ളത്.

C+പോഡിന്റെ സമ്പൂർണ അവതരണം 2022-ഓടെ നടത്താനാണ് ടൊയോട്ടയുടെ പദ്ധതിഎന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തിൽ ജപ്പാനിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് ഉപഭോക്താക്കൾ, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയിലേക്കാണ് കമ്പനി വാഹനങ്ങൾ വിൽപ്പന നടത്തുകയെന്നാണ് റിപ്പോർട്ടുകള്‍.