ആഗോളതലത്തില്‍ ഇതുവരെയായി ഒന്നരക്കോടി (15 ദശലക്ഷം) സങ്കര ഇന്ധന (ഹൈബ്രിഡ്) വാഹനങ്ങള്‍ വിറ്റതായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പ്രഖ്യാപിച്ചു. 1997 ല്‍ പ്രിയസ് അവതരിപ്പിച്ചതു മുതലുള്ള കണക്കാണിത്. 

ടൊയോട്ട വലിയ തോതില്‍ ഉല്‍പ്പാദനം നടത്തി വിപണിയിലെത്തിച്ച ആദ്യ പൂര്‍ണ ഹൈബ്രിഡ് കാറാണ് പ്രിയസ്. 25 വര്‍ഷം മുമ്പ് ഹൈബ്രിഡ് വാഹനം വികസിപ്പിക്കാന്‍ തീരുമാനിച്ചതില്‍ അഭിമാനിക്കുന്നതായി ടൊയോട്ട വ്യക്തമാക്കി.  നിലവില്‍ ടൊയോട്ട, ലെക്‌സസ് ബ്രാന്‍ഡുകളിലായി ആകെ 44 ഹൈബ്രിഡ് മോഡലുകളാണ് ടൊയോട്ട വില്‍ക്കുന്നത്. ഹൈബ്രിഡ് വാഹന വില്‍പ്പന വഴി 120 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിഞ്ഞതായി ടൊയോട്ട അവകാശപ്പെട്ടു.

തകേഷി ഉചിയമദയാണ് ആദ്യ ഹൈബ്രിഡ് കാര്‍ വികസിപ്പിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കിയത്. ‘പ്രിയസിന്റെ പിതാവ്’ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി ഒരു കാര്‍ നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. ഇതേതുടര്‍ന്ന് ഹൈബ്രിഡ് വാഹന ആവശ്യകത വര്‍ധിച്ചു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചും കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്നതിനുമായി ടൊയോട്ട തങ്ങളുടെ ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യ തുടര്‍ച്ചയായി പരിഷ്‌കരിച്ചുവന്നു.

സങ്കര ഇന്ധന വാഹനങ്ങളുടെ സ്വാഭാവിക പിന്‍മുറക്കാരാണ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങളുമെന്നാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളുടെ നിലപാട്. ഭാവിയില്‍ വ്യത്യസ്ത തരം ഇലക്ട്രിക് പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യകള്‍ക്ക് അവയുടേതായ ധര്‍മം നിര്‍വഹിക്കാനുണ്ടെന്ന് ടൊയോട്ട പറയുന്നു. ആഗോളതലത്തില്‍ ഒന്നരക്കോടി ഹൈബ്രിഡ് വാഹനങ്ങള്‍ വിറ്റതോടെ ഭാവിയില്‍ തങ്ങളായിരിക്കും പോള്‍ പൊസിഷനിലെന്നാണ് ടൊയോട്ടയുടെ അവകാശവാദം.